തൊടുപുഴ: തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍ലഹരി മാഫിയ ഇവര്‍ക്കു പിന്നിലുണ്ടെന്നാണ് സൂചന. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരാണ് ഇന്നലെ തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ കരച്ചില്.നാല് വര്‍ഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധം ഇരു വീട്ടുകാര്‍ക്കുമിടയില്‍ പ്രശ്നമായി വളര്‍ന്നിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വിഷയം പൊലീസ് സ്റ്റേഷനിലുമെത്തി. യുവാവിന്റെ ലഹരിമാഫിയാ ബന്ധമായിരുന്നു വിഷയമായിരുന്നത്. പൊലീസ് താക്കീതു ചെയ്ത വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. തൊടുപുഴയിലെ ടെക്സ്റ്റെയില്‍സില്‍ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.
6.6 ഗ്രാം എം.ഡി.എം.എ ആണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വിപണിയില്‍ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു.കുറച്ചുദിവസം മുമ്പ് പൊലീസിന് ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതി. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചതെന്നാണ് വിവരം. കേസിന്റെ അന്വേഷണം പോലീസ് ബംഗളൂരുവിലേക്കും വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: