കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയില്‍ അയ്യപ്പ ക്ഷേത്രത്തില്‍ കവര്‍ച്ച. മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടിനും നാലിനുമിടെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ശ്രീകോവിലിന്റെയും പൂട്ട് തകര്‍ത്താണ് പഞ്ചലോഹ വിഗ്രഹവും സമീപത്തുണ്ടായിരുന്ന വെള്ളിയില്‍ തീര്‍ത്ത പ്രഭാവലയവും രണ്ട് ഭണ്ഡാരങ്ങളും കവര്‍ന്നത്. തുടര്‍ന്ന് മോഷ്ടാക്കള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
പോലീസിനെയും രാത്രി നടന്ന ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് മടങ്ങുന്നവരേയും കണ്ട് ഭയന്നാണ് മോഷ്ടാക്കള്‍ വിഗ്രഹം ക്ഷേത്രത്തിന് പിന്നിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടുകാര്‍ ഇന്നലെ പുലര്‍ച്ച നാല് മണിയോടെ ഒരു കാര്‍ കടന്നു പോകുന്നത് കണ്ടതായി പറയുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ കാര്‍ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നതായി കണ്ടത്. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും രാസപരിശോധന വിദഗ്ധരും പരിശോധന നടത്തി. അഞ്ച് കിലോ ഭാരവും രണ്ടര അടി ഉയരമുള്ളതാണ് അയ്യപ്പ വിഗ്രഹം.
കാസര്‍കോട് ഡിവൈഎസ്പിവി.വി. മനോജ്, മഞ്ചേശ്വരം എസ്ഐ എന്‍. അന്‍സാര്‍, കുമ്പള എസ്ഐ വി.കെ. അനീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: