പാലക്കാട് : അട്ടപ്പാടി മധു കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ വിചാരണ കോടതി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി പരാമര്‍ശം നടത്തിയത്.
ജാമ്യം റദ്ദാക്കിയാല്‍ വിചാരണ ജഡ്ജിയുടെ പടം ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുമെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞതായി ഉത്തരവില്‍ പറയുന്നു. കേസിലെ 3,6,8,10,12 എന്നീ പ്രതികളുടെ അഭിഭാഷകന് പറഞ്ഞ കാര്യങ്ങളാണ് വിചാരണ കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് മധുവധക്കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ 12 പ്രതികളില്‍ അനീഷ്, സിദീഖ്, ബിജു എന്നിവര്‍ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. മറ്റു 9 പ്രതികള്‍ക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരക്കാര്‍, ഷംസുദ്ധീന്,അനീഷ്, രാധാകൃഷ്ണന്, അബൂബക്കര്‍, സിദ്ധീഖ്, നജീബ്, ജൈജുമോന്‍, അബ്ദുല്‍ കരീം, സജീവ്, ബിജു, മുനീര്‍ എന്നീ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന് അഭിഭാഷകന് രാജേഷ് എം മേനോന് ഇന്ന് കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: