തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ പൊടി പൊടിക്കാന്‍ 3000 കോടി കടമെടുക്കാന്‍ നീക്കം. പെന്ഷന്, ശമ്പളം എന്നീ ചെലവുകള്‍ക്കായി പ്രതിമാസം 6000 കോടിയാണ് ചെലവ്. ഓണക്കാലമായതിനാല്‍ 3000 കോടി അധികം വേണ്ടതിനാലാണ് ഇപ്പോള്‍ കടമെടുക്കാന്‍ ഒരുങ്ങുന്നത്.
ഇതിന്റെ ആദ്യഘട്ടമായി ആയിരംകോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ എല്ലാ ചൊവ്വാഴ്ചയും റിസര്‍വ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്. ഓണത്തിന് രണ്ടുമാസത്തെ (ജൂലായ്, ഓഗസ്റ്റ് ) ക്ഷേമപെന്ഷന് ഒരുമിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായും 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍ 800 കോടിരൂപ വേണ്ടിവരും. ഇത്തവണ ഡിസംബര്‍ വരെ 17,936 കോടിരൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ 4000 കോടിയോളം ഇതിനകം എടുത്തു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബോണസ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ നല്‍കിയേക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം നാലായിരം രൂപയാണ് ബോണസ് നല്‍കിയത്. അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്കി. 15,000 രൂപയാണ് തിരിച്ചടയ്ക്കേണ്ട ഉത്സവ അഡ്വാന്‍സായി നല്‍കിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങള്‍. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: