കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ എന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പോലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജനപക്ഷം നേതാവ് പി.സി. ജോർജുമായി ചേർന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം.
എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം.
പാലക്കാട് കസബ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയരാനും, സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനും സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും സിപിഎം നേതാവ് സി.പി. പ്രമോദ് കസബ പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: