തിരുവനന്തപുരം: കേരളം വൃന്ദാവനമായി, പാട്ടും ഭജനയും ആഘോഷവുമായി നാടും നഗരവും ഗോകുലങ്ങളായി… ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന മഹാശോഭായാത്രകളില്‍ കേരളം ദുഃഖദുരിതങ്ങള്‍ മറന്ന് ആത്മവിശ്വാസത്തിലേക്കുയര്ന്നു. മഹാമാരി വിതച്ച അരക്ഷിതത്വത്തില്‍ നിന്ന് കണ്ണന്റെ കരം പിടിച്ച് കേരളത്തിന്റെ ഉയിര്‍പ്പ്. ബാലഗോകുലമുയര്ത്തിയ ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന ആഹ്വാനം കേരളം ഏറ്റെടുത്തു. പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകളായും ഉപയാത്രകളായും ലക്ഷക്കണക്കിന് ആളുകളാണ് വീഥികളെ അമ്പാടിയാക്കി മാറ്റിയത്.
തിരുവനന്തപുരത്ത് വൈകിട്ട് മൂന്നുമണിയോടെ ചെറുശോഭായാത്രകളായി പാളയം മഹാഗണപതിക്ഷേത്ര സന്നിധിയിലെത്തി. ആറ് മണിയോടെ അനന്തപദ്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. കുട്ടികള്‍ക്കെല്ലാം ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റ് അവല്‍പൊതി പ്രസാദമായി നല്കി. കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഗായകന് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി. മഹാശോഭായാത്രയുടെ പതാക സംവിധായകന് രാജസേനന് കൈമാറി. ധര്‍മ്മജാഗരണ്‍ അഖില ഭാരതീയ പ്രമുഖ് ശരത് ഡോളെ ചടങ്ങുകളില്‍ പങ്കെടുത്തു.
എറണാകുളം നഗരത്തില്‍ പരമാര ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, മാതാജി സത്യ പ്രിയാനന്ദ സരസ്വതി, മാതാജി അമുതാനന്ദ സരസ്വതി, മാതാജി മേധാനന്ദപുരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എസ്. സേതുമാധവന്, എ. ഗോപാലകൃഷ്ണന് എന്നിവരും അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്, എറണാകുളം തിരുമല ദേവസ്വത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണനും, രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര രവിപുരം ശാരദാശ്രമം പ്രവ്രജിക സുമേദ പ്രാണയും ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി.
നമ്മളെ എങ്ങനെ മുന്നോട്ട് നയിക്കണം എന്നതിന്റെ ഉത്തമ സൂചികയാണ് ശ്രീകൃഷ്ണന്റെ ഓരോ ചലനവുമെന്ന് കോഴിക്കോട് ശ്രീകണ്ഠേശ്വര മഹാദേവ ക്ഷേത്ര പരിസരത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര ഉദ്ഘാടനം ചെയ്ത് തോല്‍പ്പാവക്കൂത്ത് ആചാര്യന് പദ്ശ്രീ രാമചന്ദ്ര പുലവര്‍ പറഞ്ഞു. രക്ഷിതാവും വിദ്യാര്‍ത്ഥിയും ഗുരുവും യോദ്ധാവുമായി ജീവിതം കാണിച്ച് തന്നിരിക്കുകയാണ് കൃഷ്ണന്. ഭഗവാന്റെ രൂപത്തിലും അദ്ദേഹം നയിച്ച പോന്ന ജീവിത സന്ദേശങ്ങളും ഉള്‍ക്കൊണ്ടാണ് സ്വധര്‍മ്മത്തിലൂടെ സ്വത്വം വീണ്ടെടുക്കേണ്ടത്. ഇരുട്ടിനെ മാറ്റി നമ്മുടെ ജീവിതത്തെ പ്രവര്‍ത്തിയിലേക്ക് കൊണ്ട് വരാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്നും അദ്ദേഹം രാമചന്ദ്രപുലവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: