തിരുവനന്തപുരം: പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ഗവര്‍ണ്ണര്‍ മരവിപ്പിച്ചു.
ഇക്കാര്യം അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് നോട്ടീസയച്ചു. പ്രിയയെ നിയമിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല മുതിര്‍ന്നത് മുതലേ വിവാദങ്ങളായിരുന്നു. ചട്ടങ്ങള്‍ മറികടന്നായിരുന്നു പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.
താന്‍ സര്‍വ്വകലാശാല ചാന്‍സലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിയമനം സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസും ഗവര്‍ണ്ണര്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവമ്പറില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കുകയായിരുന്നു. പ്രിയവര്‍ഗ്ഗീസിന് നിയമനം നല്‍കുന്നതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മികച്ച റിസര്‍ച്ച് സ്കോറുള്ളവരെ തള്ളിയാണ് പ്രിയ വര്‍ഗ്ഗീസിനെ ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ നിയമനം നല്‍കിയെന്ന വിമര്‍ശനം ഉണ്ടായി. വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാല നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ജൂലായില്‍ ചേര്‍ന്ന കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: