ന്യൂദല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജമ്മുകശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ തന്നെയാണ് ഗുലാം നബി ആസാദിന്റെ ഈ രാജിവെച്ചൊഴിയല്‍.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് ഇതോടെ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തില്‍ മൊത്തം അഴിച്ചുപണി വേണമെന്നാണ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടിരുന്നത്.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്‌ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്‌ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്‌ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് കാരണമായെന്നും സൂചനയുണ്ട്. മിറിനു പകരം വികാര്‍ റസൂല്‍ വന്നിയെയാണ് പാര്‍ട്ടി നിയമിച്ചത്.
വോട്ടര്‍ പട്ടിക തയാറാക്കലും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിര്‍ണായക സ്ഥാനങ്ങള്‍ രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ നേതൃത്വം ആര് നല്‍കുമെന്നും ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ഗുലാം നബി ആസാദിനെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: