കൊളംബോ : നടന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ശ്രീലങ്കയില്‍ സിനിമാ ചിത്രീകരണത്തിനായി എത്തിയതായിരുന്നു മമ്മൂട്ടി. ജയസൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്രീലങ്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജയസൂര്യ.
‘മലയാളത്തിലെ മുതിര്‍ന്ന നടന് മമ്മൂട്ടിയെ സന്ദര്‍ശിക്കാനായത് ബഹുമതിയായി കാണുന്നു. സര് നിങ്ങള്‍ ശരിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ താരങ്ങളേയും സുഹൃത്തുക്കളേയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു’. എന്നായിരുന്നു ജയസൂര്യ ട്വീറ്റ് ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്.
എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ.
ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാല്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തില്‍. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: