കഴിഞ്ഞ വര്‍ഷം മുതല്‍, രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുന്നു. 75 വര്‍ഷത്തെ ഈ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. നല്ലതും ചീത്തയുമായ കാലങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടുകാര്‍ വിവിധ നേട്ടങ്ങള്‍ നേടിയെടുത്തിട്ടുണ്ട്; അവര്‍ പരിശ്രമിച്ചു, ഉപേക്ഷിച്ചില്ല. പ്രതിജ്ഞകള്‍ നഷ്ടപ്പെടാന്‍ അവര്‍ അനുവദിച്ചില്ല.
75 വര്‍ഷത്തെ യാത്രയില്‍, പ്രതീക്ഷകള്‍ക്കും, അഭിലാഷങ്ങള്‍ക്കും, ഉയര്‍ച്ച താഴ്ചകള്‍ക്കുമിടയില്‍, എല്ലാവരുടെയും പ്രയത്നത്തിലൂടെയാണ് നമുക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞത്. 2014-ല്‍, എന്റെ നാട്ടുകാര്‍ എന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് മഹത്വത്തിന്റെ സ്തുതി പാടാനുള്ള വിശേഷപദവി ലഭിച്ച സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ ഇന്ത്യക്കാരനായി ഞാന്‍.
ഇന്ത്യയുടെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ്, വടക്ക് അല്ലെങ്കില്‍ തെക്ക്, സമുദ്രനിരപ്പുകളിലോ ഹിമാലയന്‍ കൊടുമുടികളിലോ ഉള്ള ഏറ്റവും ദൂരെയുള്ള അക്ഷാംശങ്ങളും രേഖാംശങ്ങളും മുതല്‍, ഏത് കോണുകളിലെത്താനും ഉള്‍ച്ചേര്‍ക്കല്‍ എന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനം നിറവേറ്റാനുമുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ഏറ്റവും അവസാനമുള്ള വ്യക്തിയെപോലും ശാക്തീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് ഞാന്‍ എന്നെത്തന്നെ പ്രതിജ്ഞാബദ്ധമാക്കി.
അഭിമാനത്തോടെയും പ്രതീക്ഷയോടെയും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോകം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇന്ത്യയുടെ മണ്ണില്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ ഈ മാറ്റം, ലോകത്തിന്റെ ചിന്താഗതിയിലെ ഈ മാറ്റം, നമ്മുടെ അനുഭവ സമ്പന്നമായ 5 വര്‍ഷത്തെ യാത്രയുടെ ഫലമാണ്.
പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശക്തി യഥാര്‍ത്ഥത്തില്‍ എവിടെയാണെന്നത് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാന്‍ അതിനെ ഒരു സ്ത്രീ ശക്തിയായാണ് കാണുന്നത്. ഞാന്‍ അതിനെ ട്രിപ്പിള്‍ പവര്‍ അല്ലെങ്കില്‍ ത്രി-ശക്തിയായി കാണുന്നു, അതായത് അഭിലാഷം, പുനരുജ്ജീവനം, ലോകത്തിന്റെ പ്രതീക്ഷകള്‍ എന്നതാണ് അത്. ഇവയൊക്കെ സാക്ഷാത്കരിക്കണം, ഇന്ന്, ഇന്ത്യയോടുള്ള ലോകത്തിന്റെ ഈ വിശ്വാസത്തെ ഉണര്‍ത്തുന്നതില്‍ എന്റെ നാട്ടുകാര്‍ക്ക് വലിയ പങ്കുണ്ട് എന്ന് നമുക്ക് ബോദ്ധ്യമുണ്ട്.
സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മന്ത്രവുമായാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്, എന്നാല്‍ ക്രമേണ സബ്കാ വിശ്വാസും സബ്കാ പ്രയാസും (എല്ലാവരുടെയും വിശ്വാസവും എല്ലാവരുടെ പ്രയത്നവും) എന്നീ വര്‍ണ്ണങ്ങള്‍ രാജ്യവാസികള്‍ അതിനോട് കൂട്ടിചേര്‍ത്തു. അതില്‍, നമ്മുടെ കൂട്ടായ ശക്തിയും കൂട്ടായ ശേഷിയും നമ്മള് കണ്ടു.
ഇന്ന്, 130 കോടി രാജ്യവാസികളുടെ ശക്തിയെക്കുറിച്ച് അവരുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അവരുടെ ദൃഢവിശ്വാസം അനുഭവിക്കുകയും ചെയ്തുകൊണ്ട്് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ സംസാരിക്കുന്നത്, വരുന്ന 25 വര്‍ഷത്തേക്ക് നമ്മുടെ ശ്രദ്ധ ”പഞ്ച പ്രാണി”ല്‍ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസത്തിലും ശക്തിയിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047 ഓടെ ആ പഞ്ച പ്രാണുകളെ ആലിംഗനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം.
അമൃത് കാലിന്റെ പഞ്ച് പ്രാണ്‍: വികസിത ഇന്ത്യയുടെ ലക്ഷ്യം, കോളനിവാഴ്ചയുടെ മാനസികാവസ്ഥയുടെ ഏതെങ്കിലും അടയാളങ്ങളുണ്ടെങ്കില്‍ അതു നീക്കം ചെയ്യുക, നമ്മുടെ വേരുകളില്‍ അഭിമാനിക്കുക, പൗരന്മാര്ക്കിടയിലുള്ള ഐക്യത്തിലും ഉത്തരവാദിത്തബോധത്തിലും അഭിമാനിക്കുക. ഈ കാലഘട്ടത്തിന്റെ ആവശ്യം സഹകരണ മത്സര ഫെഡറലിസമാണ്. വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സര മനോഭാവം ഉണ്ടാകട്ടെ.
എന്റെ പ്രഥമ പ്രസംഗത്തില്‍ ഞാന്‍ ആദ്യമായി ശുചിത്വത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, രാജ്യം മുഴുവന്‍ അത് സ്വീകരിച്ചു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് വൃത്തിയിലേക്ക് നീങ്ങി, ഇപ്പോള്‍ വൃത്തികേടിനോട് വിരോധവുമുണ്ട്. ഇത് ചെയ്തതും ചെയ്യുന്നതും ഭാവിയിലും അത് തുടരുന്നതും ഈ രാജ്യമാണ്. വെളിയിട വിസര്‍ജ്ജനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയില്‍ സാദ്ധ്യമായിരിക്കുന്നു.
ലോകം ആശയക്കുഴപ്പത്തിലായിരുന്നപ്പോള്‍, സമയബന്ധിതമായി 200 കോടി പ്രതിരോധകുത്തിവയ്പ്പ് എന്ന ലക്ഷ്യം മറികടന്ന് മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത രാജ്യമാണിത്.
ഗള്‍ഫില്‍ നിന്നുള്ള ഇന്ധനത്തെയാണ് നമ്മള് ആശ്രയിക്കുന്നത്. ജൈവ എണ്ണയിലേക്ക് എങ്ങനെ നീങ്ങണമെന്ന് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്. 10 ശതമാനം എഥനോള്‍ മിശ്രണം എന്നത് വളരെ വലിയ സ്വപ്നമായാണ് തോന്നിയിരുന്നത്. അത് സാദ്ധ്യമല്ലെന്ന് പഴയ അനുഭവങ്ങള്‍ കാണിച്ചുതന്നു, എന്നാല്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ഈ സ്വപ്നം സമയത്തിന് മുമ്പ് രാജ്യം സാക്ഷാത്കരിച്ചു.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 2.5 കോടി ജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുകയെന്നത് ചെറിയ കാര്യമായിരുന്നില്ല, എന്നാല്‍ രാജ്യം അത് പ്രാവര്‍ത്തികമാക്കി. നമുക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് അനുഭവം നമ്മോട് പറയുന്നു.
നമുക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ലോകം എത്ര കാലത്തോളം തുടരും? ലോകത്തിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ നമ്മള് എത്രകാലം ജീവിക്കും? നാം നമ്മുടെ നിലവാരം നിശ്ചയിക്കേണ്ടതില്ലേ? 130 കോടിയുള്ള ഒരു രാജ്യത്തിന് അതിന്റെ നിലവാരം മറികടക്കാന്‍ ശ്രമിക്കാതിരിക്കാന്‍ കഴിയുമോ? ഒരു സാഹചര്യത്തിലും നമ്മെ മറ്റുള്ളവരെ പോലെ കാണാന്‍ ശ്രമിക്കരുത്. സ്വന്തം കഴിവുകൊണ്ട് വളരുക എന്നതായിരിക്കണം നമ്മുടെ സ്വഭാവം. നമ്മള് അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്.
ഇന്ന് നമ്മള് ഡിജിറ്റല്‍ ഇന്ത്യയുടെ ഘടനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. നമ്മള് സ്റ്റാര്‍ട്ടപ്പുകളെ ഉറ്റുനോക്കുകയാണ്. ഈ ആളുകള്‍ ആരാണ്? ടയര്‍-2, ടയര്‍-3 നഗരങ്ങളിലോ ഗ്രാമങ്ങളിലോ ദരിദ്ര കുടുംബങ്ങളില്‍പ്പെട്ടവരുമായ പ്രതിഭകളുടെ കൂട്ടമാണിത്. പുതിയ കണ്ടുപിടിത്തങ്ങളുമായി ഇന്ന് ലോകത്തിന് മുന്നില്‍ വരുന്നത് നമ്മുടെ യുവാക്കളാണ്.
ഇന്ന് ലോകം സമഗ്രമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സമഗ്രമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍, അത് ഇന്ത്യയുടെ യോഗയിലേക്കും ഇന്ത്യയുടെ ആയുര്‍വേദത്തിലേക്കും ഇന്ത്യയുടെ സമഗ്രമായ ജീവിതരീതിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഇതാണ് നമ്മള് ലോകത്തിന് നല്കുന്ന നമ്മുടെ പൈതൃകം.
പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ അറിയാവുന്നവരാണ് നമ്മള്. നാടന്‍ നെല്ലും തിനയും സാധാരണ വീടുകളിലെ ഇനങ്ങളാണ്. ഇതാണ് നമ്മുടെ പൈതൃകം. നമ്മുടെ ചെറുകിട കര്‍ഷകരുടെ കഠിനാദ്ധ്വാനം മൂലം ചെറിയ പാടങ്ങളില്‍ നെല്ല് തഴച്ചുവളരുന്നു. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തിനവര്‍ഷം (മില്ലറ്റ് ഇയര്‍) ആഘോഷിക്കാന്‍ ലോകം മുന്നോട്ട് പോകുകയാണ്. അതായത് നമ്മുടെ പൈതൃകം ഇന്ന് ലോകമെമ്പാടും വിലമതിക്കപ്പെടുന്നു.
നമ്മുടെ ദൈനംദിന സംസാരത്തിലും പെരുമാറ്റത്തിലും നമ്മള് വക്രതയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് പറയുന്നത് എന്നെ വേദനിപ്പിക്കുന്നു എന്നതാണ് ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതിനും ശപിക്കുന്നതിനുമായ പദപ്രയോഗങ്ങളും അശ്ലീല വാക്കുകളും നമ്മള് സാധാരണയായി ഉപയോഗിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്ത്രീകളെ അപമാനിക്കുകയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എല്ലാ പെരുമാറ്റങ്ങളും സംസ്കാരങ്ങളും ഇല്ലാതാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാന്‍ കഴിയില്ലേ? നമ്മുടെ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ സ്ത്രീകളുടെ അഭിമാനം വലിയൊരു മുതല്‍ക്കൂട്ടാകും. ഞാന്‍ ഈ ശക്തി കാണുന്നു, അതിനാല്‍ ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു.
മഹര്‍ഷി അരബിന്ദോയുടെ ജന്മവാര്‍ഷികദിനം കൂടിയാണ് ഇന്ന്. ആ മഹാന്റെ പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു. എന്നാല്‍ ”സ്വദേശിക്ക് സ്വരാജ്, സ്വരാജിന് സ്വദേശി എന്ന ആഹ്വാനം നല്കിയ ആ മഹാനെ നാം ഓര്‍ക്കേണ്ടതുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ മന്ത്രം. അതിനാല്‍, ആത്മനിര്‍ഭര്‍ ഭാരത് ഓരോ പൗരന്റെയും ഓരോ ഗവണ്മെന്റിന്റേയും സമൂഹത്തിന്റെ എല്ലാ യൂണിറ്റുകളുടെയും ഉത്തരവാദിത്തമായി മാറുന്നു. ആത്മനിര്‍ഭര്‍ ഭാരത് ഒരു ഗവണ്മെന്റ് അജണ്ടയോ ഗവണ്മെന്റ് പരിപാടിയോ അല്ല. അത് സമൂഹത്തിന്റെ ഒരു ബഹുജന പ്രസ്ഥാനമാണ്, അത് നമ്മള് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് നമ്മള് നമ്മുടെ കാതുകള്‍ കേള്‍ക്കാനായി കൊതിച്ചിരുന്ന ഈ ശബ്ദം കേട്ടു, 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മെയ്ഡ് ഇന്‍ ഇന്ത്യ പീരങ്കി ചുവപ്പുകോട്ടയില്‍ നിന്ന് ത്രിവര്‍ണ്ണ പതാകയെ സല്യൂട്ട് ചെയ്യുന്നത്. ഈ ശബ്ദത്തില്‍ പ്രചോദിതരാകാത്ത ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ?
ഇന്ന് എന്റെ രാജ്യത്തെ സൈന്യത്തിലെ സൈനികരെ എന്റെ ഹൃദയത്തില്‍ നിന്ന് അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംഘടിതമായും ധൈര്യത്തോടെയും ഈ സ്വയംപര്യാപ്തതയുടെ ഉത്തരവാദിത്തം കരസേനാ ജവാന്മാര് ഏറ്റെടുത്ത രീതിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 300 പ്രതിരോധ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് സായുധ സേനകള്‍ ഒരു പട്ടിക തയ്യാറാക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞ ചെറുതല്ല.
പിഎല്‍ഐ (ഉല്‍പ്പാദിത ബന്ധിത ആനുകൂല്യം) പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍, ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇന്ത്യയിലേക്ക് വരികയാണ്. അവര്‍ക്കൊപ്പം പുതിയ സാങ്കേതികവിദ്യയും അവര്‍ കൊണ്ടുവരുന്നു. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയോ മൊബൈല്‍ ഫോണുകളുടെയോ നിര്‍മ്മാണമാകട്ടെ, ഇന്ന് രാജ്യം വളരെ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. നമ്മുടെ ബ്രഹ്മോസ് ലോകത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഏത് ഇന്ത്യക്കാരനാണ് അഭിമാനിക്കാത്തത്? ഇന്ന് സ്വാശ്രയത്വത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് പ്രകൃതി കൃഷിയും. ഇന്ന് നാനോ വള ഫാക്ടറികള്‍ രാജ്യത്ത് ഒരു പുതിയ പ്രതീക്ഷ കൊണ്ടുവന്നു. എന്നാല്‍ പ്രകൃതികൃഷിയും രാസ രഹിത കൃഷിയും സ്വാശ്രയത്വത്തിന് ഊര്‍ജം പകരും. സ്വകാര്യമേഖലയും മുന്നോട്ട് വരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. നമ്മക്ക് ലോകത്തിന്റെ മേധാവിത്വം നേടേണ്ടതുണ്ട്. സ്വാശ്രയ ഇന്ത്യയുടെ സ്വപ്നങ്ങളിലൊന്ന് ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യ പിന്നിലാകാതിരിക്കുക എന്നതാണ്. അത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആണെങ്കിലും, സീറോ ഡിഫെക്റ്റ് (അല്‍പ്പം പോലും കേടില്ലാതെ), സീറോ ഇഫക്റ്റ് (അല്‍പ്പം പോലും പ്രത്യാഘാതമില്ലാതെ) എന്നിവ ഉപയോഗിച്ച് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിലേക്ക് കൊണ്ടുപോകണം. സ്വദേശിയെക്കുറിച്ച് അഭിമാനിക്കണം.
നമ്മുടെ ആദരണീയനായ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിയെ നാം എപ്പോഴും ഓര്‍ക്കുന്നത് ‘ജയ് ജവാന് ജയ് കിസാന്‍'(കര്‍ഷകര്‍ ജയിക്കട്ടെ സൈനീകര്‍ ജയിക്കട്ടെ) എന്ന അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആഹ്വാനത്തിലാണ്. പിന്നീട് അടല്‍ ബിഹാരി വാജ്പേയിജി ജയ് വിജ്ഞാന് എന്ന ഒരു പുതിയ കൂട്ടിചേര്‍ക്കല്‍ കൂടി നടത്തി, അതിനര്‍ത്ഥം ശാസ്ത്രം ജയിക്കട്ടെ എന്നാണ്, നമ്മള് അതിന് വളരെയധികം പ്രാധാന്യവും നല്കി. എന്നാല്‍ ഈ പുതിയ ഘട്ടത്തില്‍ അമൃതകലില്‍ ഇപ്പോള്‍ ജയ് അനുസന്ധാന്‍ എന്നകൂടി അതായത് നൂതനാശയങ്ങള്‍ ജയിക്കട്ടെ ചേര്‍ക്കേണ്ടത് അനിവാര്യമാണ്. ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍
ഇന്ന് നമ്മള് 5ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. നമ്മള് ആഗോള ഘട്ടങ്ങളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടതില്ല. ഒപ്റ്റിക്കല്‍ ഫൈബര്‍ ഏറ്റവും അവസാനത്തെ ആള് വരെ ഓരോ ഗ്രാമത്തിലും എത്തുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഗ്രാമീണ ഇന്ത്യയിലൂടെയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് സമ്പൂര്‍ണ്ണമായി എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ നാലുലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ ഗ്രാമങ്ങളിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും അത് ആ ഗ്രാമങ്ങളിലെ യുവജനങ്ങളാണ് പരിപാലിക്കുന്നതെന്നതിലും ഞാന്‍ അതീവ സന്തുഷ്ടനാണ്.
നമ്മുടെ അടല്‍ ഇന്നൊവേഷന് മിഷന്, നമ്മുടെ ഇന്‍കുബേഷന്‍ സെന്ററുകള്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ യുവതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന ഒരു പുതിയ മേഖല വികസിപ്പിക്കുകയാണ്. അത് ബഹിരാകാശ ദൗത്യത്തിന്റെ കാര്യമായാലും, അത് നമ്മുടെ ആഴക്കടല്‍ സമുദ്ര ദൗത്യത്തിന്റെ കാര്യമായാലും, നമുക്ക് സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങണമോ അല്ലെങ്കില്‍ ആകാശത്ത് തൊടണമോ, ഇവയെല്ലാം പുതിയ മേഖലകളാണ്, അതിലൂടെ നാം മുന്നോട്ട് പോകുകയാണ്.
നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോടതികളില്‍ ‘നാരി ശക്തി’യുടെ കരുത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഗ്രാമീണ മേഖലയിലെ ജനപ്രതിനിധികളില്‍ നോക്കൂ. നമ്മുടെ ‘നാരി ശക്തി’ ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍പ്പണത്തോടെ ഏര്‍പ്പെട്ടിരിക്കുകയാണ്. വിജ്ഞാനത്തിന്റെയോ ശാസ്ത്രത്തിന്റെയോ മേഖലയിലേക്ക് നോക്കൂ, നമ്മുടെ രാജ്യത്തിന്റെ ‘നാരി ശക്തി’ ദൃശ്യമാണ്. പോലീസ് സേനയില്‍ പോലും നമ്മുടെ ‘നാരി ശക്തി’ജനങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്.
അഴിമതിക്കെതിരെ സര്‍വ്വശക്തിയുമെടുത്ത് നമുക്ക് പോരാടണം. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ആധാര്‍, മൊബൈല്‍ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെറ്റായ കൈകളിലേക്ക് പോകേണ്ടിയിരുന്ന രണ്ട് ലക്ഷം കോടി രൂപ കഴിഞ്ഞ എട്ട് വര്‍ഷമായി ലാഭിച്ചുകൊണ്ട് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ബാങ്കുകള്‍ കൊള്ളയടിച്ച് രാജ്യം വിട്ട് രക്ഷപ്പെട്ടവരുടെ സ്വത്ത് ഞങ്ങള്‍ കണ്ടുകെട്ടി, അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു.
അഴിമതിക്കേസുകളില്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷവും അല്ലെങ്കില്‍ അത്തരം കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരേയും മഹത്വവത്കരിക്കാന്‍ പോലും ചിലര്‍ നടത്തുന്ന തരംതാഴ്ത്തുന്ന ശ്രമങ്ങള്‍ ശരിക്കും സങ്കടകരമായ അവസ്ഥയാണ്. അതുകൊണ്ട് അഴിമതിക്കാരോട് സമൂഹത്തില്‍ വെറുപ്പ് തോന്നുന്ന ഒരു മനോഭാവം ഉണ്ടാകുന്നതു വരെ ഇത്തരം ചിന്താഗതി അവസാനിക്കാന്‍ പോകുന്നില്ല.
പുതിയ സാദ്ധ്യതകള്‍ പരിപോഷിപ്പിച്ചും, പുതിയ പ്രതിജ്ഞകള്‍ തിരിച്ചറിഞ്ഞും ആത്മവിശ്വാസത്തോടെ മുന്നേറിക്കൊണ്ടും ഇന്ന് അമൃത്കാല്‍ ആരംഭിക്കാന്‍ ഞാന്‍ രാജ്യവാസികളോട് അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം അമൃത്കാലിന്റെ ദിശയിലേക്ക് നീങ്ങിയിരിക്കുന്നു, അതിനാല്‍, ഈ അമൃത് കാലത്തില്‍ സബ്ക പ്രയാസ് (എല്ലാവരുടെയും പരിശ്രമം) ആവശ്യമാണ്. ടീം ഇന്ത്യയുടെ ഉത്സാഹമാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നത്. 130 കോടി രാജ്യക്കാരുള്ള ഈ ടീം ഇന്ത്യ ഒരു ടീമായി മുന്നോട്ട് പോയി എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: