പത്തനംതിട്ട: മലയാള സിനിമാ-സീരിയൽ താരം നെടുമ്പ്രം ഗോപി (85) അന്തരിച്ചു. വളരെ ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപ്പറ്റിയ നടനാണ്. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലസിയുടെ ആദ്യ ചിത്രമായ കാഴ്ചയിൽ മമ്മൂട്ടിയുടെ മാധവൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ടാണ് അദ്ദേഹം സിനിമാഭിനയത്തിന് തുടക്കം കുറിയ്‌ക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ഗോപിയ്‌ക്ക് സാധിച്ചു.
കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. ഭാര്യ കമലമ്മ റിട്ടയേർഡ് ഹെഡ്‍മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവർ മക്കളാണ്. തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് എത്തിയ ഗോപിയുടെ നാട്ടുകാരിൽ നിന്നാണ് നെടുമ്പ്രം ഗോപിക്ക് സിനിമയിലേക്ക് അവസരമൊരുക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോഴും കെ എസ് ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴും നടന്ന കലാമേളകളിൽ പങ്കെടുത്ത പരിചയവും, രണ്ട് പ്രാവശ്യം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസവുമാണ് ഗോപിയ്‌ക്ക് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: