ന്യൂദല്‍ഹി: കശ്മീരുമായി ബന്ധപ്പെട്ട മുന്‍ മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എയുടെ രാജ്യവിരുദ്ധ പ്രസ്താവന സിപിഎം ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം ദേശീയ-സംസ്ഥാന നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജിഹാദികളുടെയും ജിഹാദി സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പുവരുത്തുന്നതിനാണ് സിപിഎം ജലീലിനെകൊണ്ട് ഈ പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ പ്രസ്താവന നടത്താനും ജിഹാദികളെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും അനുയോജ്യനായ ലക്ഷണമൊത്ത നേതാവ് മുന്‍ സിമി നേതാവു കൂടിയായ ജലീലാണെന്ന് സിപിഎമ്മിന് നൂറു ശതമാനം ബോധ്യമാണ്.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതി അംഗമെന്ന നിലയില്‍ ഇപ്പോള്‍ നടത്തിയ കശ്മീര്‍ യാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. സിപിഎം നേതൃത്വവും ജലീലും സംയുക്തമായുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവനയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. പ്രവാസി ക്ഷേമ സമിതി ചെയര്മാന് കൂടിയായ മുന്‍ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞത് കശ്മീരിനെകുറിച്ച് സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നാണ്. എന്നാല്‍ സിപിഎം കാഴ്ചപ്പാടും ജലീലിന്റെ കാഴ്ചപ്പാടും ഒന്നു തന്നെയാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ വിഷയത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികരിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് തരിഗാമി പോലും പറയാത്ത കാര്യം കേരളത്തിലെ എംഎല്‍എയായ ജലീല്‍ പറഞ്ഞത് പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം ആയതിനാലാണ്.
കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ കശ്മീരിനെക്കുറിച്ച് പാകിസ്ഥാന് പറയുന്ന കാര്യമാണ് ജലീല്‍ പറഞ്ഞത്. ഇന്ത്യയ്ക്ക് അകത്ത് പാക് പ്രതിനിധി എന്ന നിലയിലാണ് ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. പാക് പ്രതിനിധിയെ നിയമസഭയില്‍ ഇരുത്തണോ, പാക് പ്രതിനിധിയായ ജലീലിനൊപ്പം നിയമസഭയില്‍ ഇരിക്കണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷവും യുഡിഎഫും നിലപാട് വ്യക്തമാക്കണം. വിഷയത്തെ നിമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: