കൊളംബോ: സുരക്ഷ ആശങ്കകള്‍ക്കിടെ ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി. ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കാതെയാണ് ചൈനയുടെ യുവാന്‍ വാങ്-5 ശ്രീലങ്കയില്‍ നങ്കൂരമിട്ടത്.
ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയത്. ആഗസ്റ്റ് 16 മുതല്‍ 22 വരെയാണ് ചൈനീസ് ചാകക്കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി.
ഇന്ത്യയുടെ സുരക്ഷ ആശങ്കകള്‍ പരിഗണിക്കാതെയാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം കപ്പലിന് അനുമതി നല്‍കിയത്. ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കിയുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കന്‍ അധികൃതരുടെ വിശദീകരണം.
ചൈനയുടെ യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേക്കുമായാണ് ഉപയോഗിക്കുന്നതെന്നാണ് ചൈനീസ് അവകാശവാദം. എന്നാല്‍, ചാരവൃത്തിക്കും ഈ കപ്പല്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്നതില്‍ നിരവധി തവണ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഹംബന്തോട്ടയില് ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും. കൂടംകുളം, കല്പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്നും ഇന്ത്യക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: