ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കായികതാരങ്ങള്‍ക്ക് പിടികിട്ടാത്ത അകലത്തിലുള്ള ഒരു വിഐപിയല്ല. പകരം അവരുടെ സങ്കടങ്ങള്‍ അറിയിക്കാനും പ്രചോദനം നേടാനുമുള്ള ഊര്‍ജ്ജസ്രോതസ്സാണെന്ന് മാത്രമല്ല, മികച്ച പ്രകടനം പുറത്തെടുത്ത് കാണിക്കാനുള്ള സുഹൃത്തുമാണ്.
കഴിഞ്ഞ ദിവസം ബര്‍മിങ്ഹാം കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ച് ചേര്‍ത്ത ചടങ്ങില്‍ മെഡലൊന്നും കിട്ടിയില്ലെങ്കിലും ലോക് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസ് പ്രധാനമന്ത്രിയെ അസമിലെ പരമ്പരാഗത ഷാള്‍ പുതച്ച് കുശലങ്ങള്‍ കൈമാറി.
നിഖാത് സറീന് എന്ന ബോക്സര്‍ മോദിക്ക് നല്‍കിയത് എല്ലാ ബോക്സിങ് താരങ്ങളും ഒപ്പുവെച്ച ഒരു ജോഡി ബോക്സിംഗ് ഗ്ലൗസുകളാണ്.
ബര്‍മിങ്ഹാമില്‍ സ്വര്‍ണ്ണം നേടിയ ഉടന്‍ ബാറ്റ്മിന്റണ്‍ താരം പി.വി. സിന്ധു പറഞ്ഞത് എനിക്ക് എന്റെ സ്വര്‍ണ്ണമെഡല്‍ പ്രധാനമന്ത്രി മോദിയെ കാണിക്കാന്‍ തിരക്കായി എന്നാണ്. അത്രയ്ക്ക് വൈകാരികമായ ചങ്ങാത്തം മോദി താരങ്ങളുമായി സ്ഥാപിച്ചുകഴിഞ്ഞു. പക്ഷെ സിന്ധുവിന് പരിക്ക് മൂലമുള്ള വിശ്രമം കാരണം പ്രധാനമന്ത്രിയുടെ വിരുന്നില്‍ എത്താന്‍ സാധിച്ചില്ല. പണ്ട് ടോക്യോ ഒളിമ്പിക്സിന് പുറപ്പെടുംമുന്‍പ് മോദി സ്വര്‍ണ്ണം വാങ്ങി വരാനും അതിന് ശേഷം സിന്ധുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഐസ്ക്രീം ഒന്നിച്ച് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ സിന്ധുവിന് വെള്ളിയേ അന്ന് ലഭിച്ചുള്ളൂ. എങ്കിലും പ്രധാനമന്ത്രി സിന്ധുവുമൊത്ത് ഐസ്ക്രീം കഴിച്ചു. ജീവിതത്തില്‍ വലിയൊരു പ്രചോദന നിമിഷമായാണ് സിന്ധു അതിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടാകാം ബര്‍മിങ് ഹാമില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ തനിക്ക് ഉടനെ പ്രധാനമന്ത്രിയെ കാണണമെന്ന സന്തോഷം സിന്ധു പ്രകടിപ്പിച്ചത്. അതായത് പ്രധാനമന്ത്രിയുടെ മുന്നില്‍ ജയിച്ച് കാണിക്കാനുള്ള ആവേശം താരങ്ങളില്‍ ഉണ്ട്.
താരങ്ങളെ വീണ്ടും പ്രചോദിപ്പിച്ച് കൊണ്ട് മോദി പറഞ്ഞത് ഇന്ത്യയുടെ കായിക മേഖലയുടെ വാതിലില്‍ സുവര്‍ണ്ണകാലം മുട്ടിവിളിക്കുകയാണെന്നാണ്.
വിലപിടിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ചതിനും താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും ബാറ്റ്മിന്റണ്‍ ഡബിള്‍സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ചിരാഗ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ബാറ്റ്മിന്റണില്‍ സ്വര്‍ണ്ണം നേടിയ ലക്ഷ്യസെന്‍ കുറിച്ചത്.
പ്രധാനമന്ത്രിയെപ്പോലെ ഒരു വ്യക്തിയെ അടുത്ത് കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷമാണ് മീരാബായ് ചനു പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: