വാഷിങ്ടണ്‍ : അസാദീ കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ വിദേശത്തുള്ള ഇന്ത്യാക്കാര്‍ക്ക്് ആശംസകള്‍ അറിയിച്ച് ബഹിരാകാശ നിലയം. ഇന്ത്യന്‍- അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ രാജ ചാരിയാണ് ബഹിരാകാശ നിലയത്തിലെ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചത്. സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് രാജ ചാരി ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
‘ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ ഇന്ത്യന്‍ പ്രവാസികളെ ഓര്‍മിപ്പിക്കുകയാണ്. എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മ നഗരമായ ഹൈദരാബാദ് തെളിച്ചത്തോടെ തിളങ്ങുന്നത് ബഹിരാകാശ നിലയത്തില്‍ നിന്ന് ഞാന്‍ കണ്ടു. ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും മാറ്റം കൊണ്ടുവരുന്ന ഇടങ്ങളില്‍ ഒന്ന് മാത്രമാണ് നാസ. ആഘോഷത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു രാജചാരിയുടെ സന്ദേശം.
രാജചാരി പങ്കുവെച്ച ചിത്രത്തിലെ പശ്ചാത്തലത്തില്‍ ഭൂമിയെയും കാണാം. ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അടുത്തിടെയാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയത്. മേയിലാണ് രാജ ചാരി അടങ്ങുന്ന ദൗത്യ സംഘം സ്പേസ് എക്സ് പേടകത്തില്‍ മെക്സിക്കോയുടെ തീരത്തോട് ചേര്‍ന്ന കടലില്‍ സുരക്ഷിതമായി വന്ന് പതിച്ചത്.
നാസയില്‍ ജോലി ചെയ്യുന്ന രാജ ചാരിയെ 2017 ലാണ് ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തത്. തെലങ്കാനയിലെ മഹാബുബ്നഗര്‍ സ്വദേശിയായ ചാരിയുടെ മുത്തച്ഛന്‍ ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. അച്ഛന്‍ ശ്രീനിവാസ് ചാരിയും അതേ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് യുഎസിലേക്ക് കുടിയേറുകയായിരുന്നു. ഹോളി ഷാഫ്റ്റര്‍ ചാരിയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: