ഷാജന് സി. മാത്യു
കൊച്ചി: വന്‍വികസനത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ കൊച്ചിന് കപ്പല്‍ശാലയുടെ യൂണിറ്റ് തുടങ്ങുന്നു. അത്യാധുനിക ഉപകരണങ്ങളുമായി ആരംഭിക്കുന്ന ‘ഹൂഗ്ലി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡി’ന്റെ ഉദ്ഘാടനം നാളെ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്കുള്ള അമൃതോത്സവ സമ്മാനമാകും അത്.
കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന് കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്യാര്ഡിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഹൂഗ്ലിയില്‍ മുമ്പൊരു കപ്പല്‍ശാല പ്രവര്‍ത്തിച്ചിരുന്നു. നഷ്ട്ത്തിലായി പ്രവര്‍ത്തനം നിലച്ചുകിടന്നിരുന്ന സ്ഥാപനം 2017ല്‍ കൊച്ചിന് ഷിപ്പ്യാര്ഡ് വാങ്ങി. ഇവിടെയാണ് 175 കോടി പ്രാരംഭ മുതല്‍മുടക്കില്‍ പുതിയ സ്ഥാപനം വരുന്നത്.
കിഴക്കന്‍ ബംഗാളിന്റെ വിഭജനത്തോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ശോഷിച്ചുപോയ ഉപരിതല ഗതാഗത്തതിനു ബദലായാണ് ജലഗതാഗതം ഊര്‍ജിതമാക്കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് അഞ്ചു സംസ്ഥാനങ്ങള്‍ കടന്ന് ഗംഗാനദിയിലൂടെ 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാത-ഒന്നിലും വലിയതോതില്‍ ജലഗതാഗതം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേപ്പാളിലേക്ക് പണിയുന്ന അഞ്ച് ഹൈവേകളും ഈ ജലപാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വലിയശേഷിയുള്ള ജലയാനങ്ങള്‍ നിര്‍മിച്ചു തുടങ്ങുന്നതോടെ ഈ ഹൈവേകള്‍ വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം സുഗമമാവും. ഇതോടെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സാമ്പത്തിക വികസനം എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ട് ദേശീയ ജലപാതകളും സംഗമിക്കുന്ന ഇടം എന്ന നിലയില്‍ക്കൂടിയാണ് പുതിയ കപ്പല്‍ശാല കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്.
ചൈനയുടെ സ്വാധീനത്തില്‍ നിന്ന് അതിര്‍ത്തി രാജ്യങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പാതയ്ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കിഴക്കോട്ട് നോക്കുക’ (ലുക്ക് ഈസ്റ്റ്) പദ്ധതിയുടെ ഭാഗം കൂടിയാണിത്. മ്യാന്മറിന് ഇന്ത്യ പണിതു നല്കിയ സിറ്റ്വേ തുറമുഖത്തേക്കും ദേശീയ ജലപാത-രണ്ട് വഴി ഗതാഗതം എത്തിക്കാനാവും. അവിടം വഴി അയല്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുക എന്ന വിശാല ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഈ കാഴ്ചപ്പാടിന്റെകൂടി ഭാഗമാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന ഹൂഗ്ലി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: