തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ആഘോഷം മാത്രമല്ല, നാളെ മുതല്‍ രാജ്യം ഒരു അമൃത കാലത്തിലേക്ക് കൂടി കടക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ വെച്ച് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച തിരംഗ യാത്രാ ടീമിനെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കാലമാണിത്. അവര്‍ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് ഇന്ത്യക്കാര്‍ അനുഭവിക്കുന്ന അഭിമാനത്തോടു കൂടിയ ജീവിതമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 2018ലെ വെള്ളപ്പൊക്കത്തില്‍ കേരളത്തില്‍ ആര്‍മി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സ്മരിച്ചുകൊണ്ട് ഗവര്‍ണര്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മയെ നന്ദി അറിയിക്കുകയും ചെയ്തു.
മദ്രാസ് റെജിമെന്റ് കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റും, മറാത്ത ലൈറ്റ് ഇന്‍ഫെന്ററി ‘ജങ്ക് പഥക്’ എന്ന കലാരൂപവും ചടങ്ങിനോടനുബന്ധിച്ചു അവതരിപ്പിച്ചു. ഗ്യാലന്ററി അവാര്‍ഡ് ജേതാക്കള്‍ക്കും ‘വീര്‍ നാരിവീര് മാതാ’ (രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനീകരുടെ അമ്മമാരും ഭാര്യമാരും) എന്നിവര്‍ക്കും ഗവര്‍ണര്‍ ആദരവ് സമര്‍പ്പിച്ചു. പ്രശസ്ത കലാകാരന് ഡാവിഞ്ചി സുരേഷ് സംവിധാനം ചെയ്ത് സൈനികരും സ്കൂള്‍ കുട്ടികളും എന്‍.സി.സി. കേഡറ്റുകളും ചേര്‍ന്ന് അവതരിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ലോഗോയുടെ ഹ്യൂമന്‍ ഇന്‍സിഗ്നിയ വേറിട്ട അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: