വരയ്ക്കാന്‍ കാഴ്ചയുടേയും കേള്‍വി ശക്തിയുടേയും ആവശ്യമുണ്ടോ, അകക്കണ്ണ് മതി ഒപ്പം ഇച്ഛാ ശക്തിയും മതി. അഞ്ജന് സതീഷ് എന്ന തൃപ്പണിത്തുറക്കാരന്റെ ജീവിതം തന്നെ പഠിപ്പിക്കുന്നത് ഇതാണ്. സെറിബ്രല്‍ പാഴ്സി ബാധിതനും കേള്‍വി- സംസാര ശേഷികളും ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടയാളാണ് അഞ്ജന്. ഈ മിടുക്കനെ അത്രപെട്ടന്നൊന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. അബ്ദുള്‍ കലാമിന്റെ ആത്മകഥയ്ക്ക് ചിത്രം വരച്ചു നല്‍കിയത് അഞ്ജനാണ്.
ഇത് കൂടാതെ ദേശിയസര്ഗാത്മക പ്രതിഭാ പുരസ്കാരം, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ഐക്കണ്‍ പദവി തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളാണ് അഞ്ജന് നേടിയത്. എറണാകുളത്ത് സക്ഷമ സംഘടിപ്പിച്ച അമൃത് മഹോത്സവം 22ല്‍ അഞ്ജന്റെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസ് സഹ സര്‍കാര്യ വാഹ് രാംദത്ത് ചക്രധറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയില്‍ 75 ദേശീയ നേതാക്കളുടെ ചിത്രം 75 ദിവസം കൊണ്ട് അഞ്ജന് പൂര്‍ത്തിയാക്കിയതാണ്. സക്ഷമയുടെ ചടങ്ങിനെത്തിയവര്‍ ചിത്രങ്ങള്‍ കണ്ട് തെല്ല് അത്ഭുതത്തോടെയല്ലാതെ കടന്നുപോകില്ല. അത്രയും ജീവന് സ്ഫുരിക്കുന്നതാണ് അഞ്ജനിന്റെ ചിത്രങ്ങള്‍. അതും അതിശയിപ്പിക്കുന്ന വേഗതയില്‍ ആര്‍ക്കും ആരേയും വരച്ചു നല്‍കും.
സ്വന്തം വൈകല്യത്തോട് തന്നെ പടവെട്ടി ചിത്രരചനാ ലോകത്ത് തനിക്കായി പ്രത്യേക ഇടം അഞ്ജന് ഈ ചെറു പ്രായത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെപ്പോലെ വിഭിന്ന ശേഷിക്കാരായുള്ള കുട്ടികളെ ഒപ്പം ചേര്‍ത്ത് പിടിക്കുകയും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളിലാണ് അഞ്ജന്.
വളരെ ചെറുപ്രായത്തില്‍ മറ്റ് കുരുന്നുകളെപ്പോലെ കമഴ്ന്ന് വീഴാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്തതോടെയാണ് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയപ്പോഴാണ് അഞ്ജന്റെ ഈ കുറവുകള്‍ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പിന്നീട് അവനെ തുടര്‍ന്നുള്ള ഫിസിയോ തെറാപ്പിക്കും, സംസാര ശേഷിയില്ലാത്തതിനാല്‍ ലിപ് മൂവ്മെന്റുകള്‍ പഠിപ്പിക്കാനും തുടങ്ങി. കാലിന് സ്വാധീനം കുറവുള്ളതിനാല്‍ സര്‍ജറിക്ക് വിധേയനാക്കിയ കാലയളവിലാണ് അഞ്ജന് ചിത്രകലയിലുള്ള തന്റെ പ്രാവീണ്യം തിരിച്ചറിയുന്നത്.
തുടക്കത്തില്‍ ബാലമാസികകള്‍ നോക്കിയാണ് അഞ്ജന് ചിത്രം വരച്ചുതുടങ്ങിയത്. അവന്റെ കഴിവ് തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ പിന്നീട് തൃപ്പൂണിത്തുറയിലുള്ള ചിത്രകലാധ്യാപകനായ ചക്രപാണിയുടെ കീഴില്‍ പഠിപ്പിക്കുകയായിരുന്നു. കാര്‍ട്ടൂണുകളോടും കാരിക്കേച്ചറുകളോടുമാണ് അഞ്ജാന്‍ കൂടുതല്‍ താത്പ്പര്യം. 2005ല്‍ കലാമിനെ കണ്ടുമുട്ടിയതോടെ അഞ്ജനെ ലോകം അറിഞ്ഞു. അഞ്ജന് പഠിച്ചിരുന്ന ആദര്‍ശ് സ്പെഷ്യല്‍ സ്കൂളിലെത്തിയ കലാമിനെ അഞ്ച് മിനിട്ട് കൊണ്ട് പേപ്പറില്‍ പകര്‍ത്തി. ആ ചിത്രം കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ കലാം മ്യൂസിയത്തിലും ഇടംപിടിച്ചു. രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജിക്കും ചിത്രം വരച്ചു നല്‍കിയിട്ടുണ്ട്.
ഇതിലെല്ലാം ഉപരിയായി തന്നെ പോലുള്ള ഭിന്നശേഷിക്കാരെ സഹായിക്കാനായി അഞ്ജന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മയുമുണ്ട്. നിത്യേനയുള്ള തെറാപ്പിക്കോ കളിക്കൂട്ടങ്ങള്ക്കോ പഠനത്തിനോ ഒന്നും പോകാന്‍ പറ്റാത്ത ധരാളം ഭിന്നശേഷിക്കാരായ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അഞ്ജന് പെയിന്റിങ്ങും പഠിപ്പിക്കുന്നുണ്ട്. ആദര്‍ശ് ട്രസ്റ്റിന്റെ മെമ്പര്‍ സതീഷ് കുമാറാണ് അഞ്ജന്റെ അച്ഛന്. അമ്മ ലതിക സതീഷ്, മുന്‍ ഹൈക്കോടതി ജീവനക്കാരിയാണ്. അശ്വിന് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: