സി. രാധാകൃഷ്ണന്
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട് എന്നതൊരു സത്യമാണ്. ലോകത്തിലെ മറ്റ് പല നാടുകളിലും അതില്ല. ഭരണഘടനയില്‍ പറയുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവത്തില്‍ കൊണ്ടുവരാന്‍ എത്ര ശതമാനം പേര്‍ക്ക് സാധിക്കുന്നുണ്ട്. അതിന് കഴിയുന്നില്ല. അത് സത്യമായിരിക്കെ അതിനെതിരെ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തെ ശരിയായി ആളുകള്‍ക്ക് മനസ്സിലാക്കാനോ മനസ്സിലാക്കിക്കൊടുക്കാനോ കഴിയാതെ പോയതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ സ്വാതന്ത്ര്യവും ആവശ്യമുള്ളതില്‍ അസ്വാതന്ത്ര്യവുമാണ് ഉള്ളത്. സ്വന്തമായൊരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയെടുക്കാന്‍ ഇപ്പോഴും പലര്‍ക്കും സ്വാതന്ത്ര്യമില്ല. തൊഴിലില്ലായ്മയുള്ള നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യമില്ല. കടലാസില്‍ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ കയ്യില്‍ ഇല്ല. സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം, അത് അനുഭവിക്കാന്‍ കഴിയുന്നതിന്റെ വ്യാപ്തി ഇത് രണ്ടും തമ്മില്‍ ഒരു പൊരുത്തമില്ല. ഭരണഘടനയില്‍ പറയുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ എത്ര പേര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. നാളെയ്ക്കുള്ള പ്രവര്‍ത്തനം സ്വാതന്ത്ര്യമെന്ന അനുഭവത്തിന്റെ യഥാര്‍ത്ഥ ഗുണം വര്ധിപ്പിക്കാനുള്ളതാവണം. അതൊരു 90 ശതമാനം വരെ ആയെങ്കില്‍ മാത്രമേ രാജ്യത്തെ വികസനം ഉണ്ടായി എന്ന് പറയാന്‍ സാധിക്കൂ. മഹാത്മാഗാന്ധി പറഞ്ഞതുപോലെയുള്ള ഗ്രാമസ്വരാജ് സമ്പ്രദായം നിലവില്‍ വരണം.
ഏറ്റവും വലിയ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ പ്രശ്നമുണ്ടാകും. എത്രത്തോളം ജനങ്ങളെയാണോ ഒരു ഭരണം പ്രതിനിധീകരിക്കുന്നത് അത്രത്തോളം സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി കൂടും. അപ്പോഴും ന്യൂനപക്ഷത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ബാക്കി നില്ക്കും. ശരിയായ കാഴ്ചപ്പാടുണ്ടെങ്കില്‍ അത് മറികടക്കാം. അടുത്ത കാലത്ത് ഈ അവസ്ഥയ്ക്ക് കുറേ വ്യത്യാസം വന്നിട്ടുണ്ട്. ഈ മാറ്റം ഗുണകരമാണ്. കൂടുതല്‍ പേരുടെ പ്രാതിനിധ്യമുള്ള കക്ഷി അധികാരത്തിലെത്തുമ്പോള്‍ അത്രയും പേരെയെങ്കിലും ആ ഭരണം ഉള്‍ക്കൊള്ളും. ജനാധിപത്യത്തിലെ ഗുണപരമായ വികാസമാണ് ഭരിക്കുന്ന കക്ഷിക്കകത്തെ ജനത്തിന്റെ പ്രാതിനിധ്യം എത്രയുണ്ട് എന്നത്. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നമ്മള്. ലോകത്തോട് ചേര്‍ന്നു നില്ക്കുക. അതേസമയം ഇവിടുത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഫലപ്രദമായ ജീവിതം ഉണ്ടാക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക. ഇതുണ്ടാവട്ടെ എന്നാണ് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: