ന്യൂദല്‍ഹി: 5ജി വാതില്‍പ്പടിയില്‍ എത്തിനില്‍ക്കേ നിറംപിടിപ്പിച്ച കഥകളാണ് നാം കേള്‍ക്കുന്നത്. അതിലൊന്ന് 10 സെക്കന്റില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന പ്രതീക്ഷ. 4ജിയേക്കാള്‍ 100 മടങ്ങ് ഡേറ്റാ സ്പീഡുണ്ടാകുമെന്നതാണ് മറ്റൊരു വാഗ്ദാനം. പക്ഷെ ഇതൊന്നും ഇന്ത്യയില്‍ 5ജി വന്നാലും ഒറ്റയടിക്ക് വിരല്‍ തുമ്പില്‍ എത്താന്‍ പോകുന്നില്ല.
ഇപ്പോള്‍ 5ജിയുടെ പരീക്ഷണം നടന്നുവരികയാണ്. ആദ്യം ഏതാനും ടിയര്‍1 നഗരങ്ങളിലാണ് ഉടനടി 5ജി നിലവില്‍ വരിക. പിന്നീട് ക്രമേണയാണ് മറ്റ് നഗരങ്ങളിലേക്ക് ടിയര്‍2, ടിയര്‍3 നഗരങ്ങളിലേക്കും എത്തുക. തുടക്കത്തില്‍ ഡേറ്റ സ്പീഡ് കുറവായിരിക്കും. ക്രമേണയാണ് ഡേറ്റ വേഗത കമ്പനികള്‍ വര്‍ധിപ്പിക്കുകയുള്ളൂ.
എയര്‍ടെല്‍ ആദ്യം 5000 പട്ടണങ്ങളിലും നഗരങ്ങളിലും 5ജി കൊണ്ടുവരിക. ഒറ്റപ്പെട്ട പ്രദേശങ്ങളിലും അവികസിത പ്രദേശങ്ങളിലും 5ജി കിട്ടാന്‍ 2023ഓ 2024ഓ ആകും.
രണ്ട് തരം 5ജി
എംഎം വേവ്, സബ് 6 ജിഗാഹെര്‍ട്സ് (6 ജിഗാഹെര്‍ട്സിന് താഴെ) എന്നിങ്ങനെ രണ്ട് തരം 5ജി നെറ്റ് വര്‍ക്ക് ശൃംഖല ഉണ്ടാകും. ഇതില്‍ എംഎം വേവ് 5ജിയില്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള വേവുകളില്‍ പ്രവര്‍ത്തിക്കും. സബ് 6ജിഗാഹെര്‍ട്സില്‍ (6 ജിഗാഹെര്‍ട്സിന് താഴെ) ഇടത്തരവും താഴ്ന്നതുമായ ഫ്രീക്വന്‍സി വേവുകളിലാണ് പ്രവര്‍ത്തിക്കുക. ഇത് മൊബൈലിന്റെ ഡേറ്റാ വേഗത, റേഞ്ച് എന്നിവയെ നിശ്ചയിക്കും. എംഎംവേവ് 5ജിയില്‍ സെക്കന്റില്‍ നാല് മുതല്‍ 5 ജിബി വരെ ഡേറ്റ വേഗത ലഭിക്കും. അതേ സമയം എംഎം വേവിന് റേഞ്ച് കുറവായിരിക്കും. പലപ്പോഴും തടസങ്ങളെ തുളച്ച് നീങ്ങാനുള്ള കഴിവ് കുറവായിരിക്കും.
ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 6 ജിഗാഹെര്‍ട്സിന് താഴെയുള്ള 5ജിയിലാണ്. ഇതിന്റെ ഡേറ്റാ വേഗത കുറവായിരിക്കും. എങ്കിലും 4 ജിയേക്കാള്‍ കുടുതലായിരിക്കും. ഏകേദശം സെക്കന്റില്‍ 200 എംബിപിഎസ് കിട്ടും. എന്തായാലും പടിപടിയായിട്ടായിരിക്കും ഡേറ്റ വേഗത മൊബൈല്‍ സേവനക്കമ്പനികള് കൂട്ടുക.
തുക കൂടും
4ജിയേക്കാള്‍ പക്ഷെ 5ജിക്ക് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം വാങ്ങും. പക്ഷെ അത് എത്രയാണെന്ന് കമ്പനികള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കാരണം 5ജി സ്പെക്ട്രത്തിന് നല്കിയ വന്‍നിക്ഷേപം കമ്പനികള്‍ക്ക് മുതലാക്കണമെങ്കില്‍ കൂടുതല്‍ തുക വാങ്ങേണ്ടിവരും. എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും സിഇഒ മാര്‍ കൂടുതല്‍ തുക 5ജിക്ക് ഈടാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ആസാദി കാ അമൃതമഹോത്സവത്തില്‍ ഇന്ത്യ 5ജിയിലേക്ക്
75ാം സ്വാതന്ത്ര്യദിനത്തില്‍ 5ജി സേവനം റിലയന്‍സ് പ്രഖ്യാപിക്കും. വൈകാതെ എയര്‍ടെല്ലും വോഡഫോണും 5ജി പ്രഖ്യാപനം നടത്തും.. ജിയോ 5 ജി ഫോണും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 5ജിയ്ക്കുള്ള സ്പെക്ട്രം ലേലം നടന്നു കഴിഞ്ഞു. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ തുടങ്ങിയ മുന്‍നിര ഫോണ്‍ കമ്പനികളെല്ലാം സ്പെക്ട്രം ലേലത്തിലെടുത്തു.
കണക്ടിവിറ്റിയ്ക്കുള്ള കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുമെന്നതിനാല്‍ നെറ്റ് ഡൗണാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇതോടെ ഇന്ത്യ വീഡിയോകളുടെയും ദൃശ്യങ്ങളുടെയും ലോകത്തേക്കും ക്രമേണ ചുവടുവെയ്ക്കും. വിനോദമേഖലയ്ക്കുപരി വാണിജ്യം, പ്രതിരോധം, അടിസ്ഥാനസൗകര്യങ്ങള്‍, വ്യവസായം എന്നിവിടങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് 5ജി വഴിവെക്കും. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്, അതിവേഗത്തിലുള്ള ഡേറ്റ കൈമാറ്റം ഇതാണ് 5ജി കൊണ്ടുവരുന്നത്. 2018ല്‍ അമേരിക്കയിലാണ് ആദ്യമായി 5ജി എത്തിയത്. പിന്നാലെ യുറോപ്പും ചൈനയും 5ജി ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയും 75ാം സ്വാതന്ത്ര്യവാര്‍ഷികത്തോടെ 5ജിയിലേക്ക് ചുവടുവെയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: