ന്യൂദല്‍ഹി: കെ ടി ജലീല്‍ എംഎല്‍എയുടെ കശ്മീര്‍ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കെ ടി ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരും, രാജ്യദ്രോഹവുമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യതാത്പര്യങ്ങള്‍ക്കെതിരായാണ് ഇവര്‍ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദേഹം പറഞ്ഞു.
പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വന്‍ വിവാദമായിരുന്നു. കെ ടി ജലീലിന്റെ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്നും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് അര്‍ഥം ഒന്നേയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: