അക്ഷയ നടേശന്
അയിത്തം കൊടികുത്തി വാണ കാലത്ത് മിശ്രഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച ടി.ആര്. കൃഷ്ണസ്വാമി അയ്യരുടെയും പത്നി ഈശ്വരി അമ്മാളുടെയും ജീവിതം തുടിച്ചത് ശബരി ആശ്രമത്തിലാണ്. മഹാത്മജി മൂന്ന് തവണ ഈ ആശ്രമമുറ്റത്തെത്തിയത് അതുയര്‍ത്തിയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും സന്ദേശത്തില്‍ ആകൃഷ്ടനായാണ്. മിശ്രഭോജനത്തിന്റെ പേരില്‍ സമുദായം ഭ്രഷ്ട് കല്പിച്ചപ്പോള് പാലക്കാട്ട് അകത്തേത്തറയില്‍ ഈശ്വരിയമ്മാള്‍ വിളക്ക് തെളിച്ച് തുടങ്ങിയതാണ് ശബരി ആശ്രമം. പക്ഷേ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെ കൃഷ്ണസ്വാമി അയ്യര്‍ വിട വാങ്ങി, ചരിത്രപാഠങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ….
കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. 1922 മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എല്ലാവര്‍ക്കുമായി അയ്യര്‍ അന്നം വിളമ്പിയത്. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷയായത്. സി. രാജഗോപാലാചാരി, ബി.പി. ഉമ്മര്‍, ദേവദാസ് ഗാന്ധി, ടി. പ്രകാശം, സര്‍ദാര്‍ കെ.എം. പണിക്കര്‍… തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മിശ്രഭോജനത്തിന്റെ പേരില്‍ അയ്യര്‍ക്ക് മര്‍ദനമേറ്റു.
അഗ്രഹാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സമരപ്പന്തല്‍ തീര്‍ത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു കുടില്‍ കെട്ടി സ്കൂള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കി. ഭാരതത്തിലെമ്പാടും ഇത് ആവേശമായി. മക്കള്‍വീട്ടില്‍ അപ്പുയജമാനന്‍ നല്കിയ മൂന്നേക്കര്‍ തെങ്ങിന്‍തോപ്പിലേക്ക് 1923ല്‍ ആശ്രമം മാറ്റി. 21 കുട്ടികള്‍ അന്തേവാസികളായി.
ഗാന്ധി ആശ്രമം പോലെയായിരുന്നു ശബരി ആശ്രമവും. രാവിലെ നാലിന് എഴുന്നേറ്റ് പ്രാര്‍ത്ഥനയും ശുചീകരണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് കല്‍പ്പാത്തി പുഴയില്‍ കുളിച്ച് പ്രാര്‍ത്ഥന. പ്രാതലിനു ശേഷം എട്ടുമുതല്‍ 12 മണി വരെക്ലാസ്. ഉച്ചയ്ക്ക് രണ്ടിന്് നൂല്‍നൂല്‍പ്പും നെയ്ത്തും. വൈകുന്നേരത്തെ വിനോദത്തിനുശേഷം കുളിയും കഴിഞ്ഞ് ഏഴുമണിക്ക് ആഹാരവും കഴിച്ച് ഒമ്പതുമണിക്ക് ഉറക്കം. കൃത്യനിഷ്ഠയാണ് ആശ്രമത്തിന്റെ ചിട്ട. 1925 മാര്‍ച്ച് 18ന് ഗാന്ധിജിക്കൊപ്പമെത്തിയ കസ്തൂര്‍ബ ഗാന്ധി കല്‍മാടം അയ്യപ്പക്ഷേത്രം കീഴ്ജാതിക്കാര്‍ക്കായി തുറന്നുകൊടുത്തു. ഇതില്‍ പ്രതിഷേധിച്ച് പൂജാരി ക്ഷേത്രം വിട്ടുപോയി, അപ്പുയജമാനന്‍ പൂജാരി ആയി. ഇത് പാലക്കാട് ജില്ലയില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രീയസാംസ്കാരിക രംഗത്തെ പ്രമുഖരുമായ എം.എം. മാളവ്യ, ടി. പ്രകാശം, നരിമാന്, ഗുരുബ്രഹ്മാനന്ദ് ബൂണൂര്, ഡോ.എസ്. രാജേന്ദ്രപ്രസാദ്, വി.വി. ഗിരി, കെ.കേളപ്പന്, ജി. രാമചന്ദ്രന്, തുടങ്ങി നിരവധി ദേശീയനേതാക്കല് ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: