ന്യൂദല്‍ഹി: ആനന്ദ് വിഹാര്‍ മേഖലയില്‍ നിന്ന് രണ്ട് ബാഗുകള്‍ നിറയെ ബുള്ളറ്റുകള്‍ ദല്‍ഹി പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗണ്‍ ഹൗസ് ഉടമയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചെങ്കോട്ടയില്‍ നിന്ന് 12കിലോമീട്ടര് മാത്രം അകലെയുള്ള സ്ഥലത്തുനിന്ന് 2000 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്.
വെടിയുണ്ടകള്‍ ലഖ്നൗവിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. പ്രതികള്‍ ക്രിമിനല്‍ ശൃംഖലയില്‍ പെട്ടവരാണെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. നിലവില്‍ ഇവര്‍ക്ക് ഭീകരവാദ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരില്‍ ഡെറാഡൂണില്‍ നിന്നുള്ള ഒരു ഗണ്‍ ഹൗസ് ഉടമ, റൂര്‍ക്കി, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തിയും യുപിയിലെ ജൗന്‍പൂരില്‍ നിന്നുള്ള ഒരു ആയുധകച്ചവട ഏജന്റും ഉണ്ടെന്ന് ഈസ്റ്റേണ്‍ റേഞ്ച് എസിപി വിക്രംജിത് സിംഗ് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളില്‍, പ്രത്യേകിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍, തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈസംഭവം.
അടുത്ത കാലത്തായി ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സെന്‍സിറ്റീവ് മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന്, എല്ലാ പ്രധാന ക്ഷേത്രങ്ങളും പള്ളികളും, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: