തൃശൂര്‍: സംസ്ഥാനത്തെ പ്രഥമ സംരംഭകസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂര്‍ കോര്പ്പറേഷന്. നാളെ തൃശൂര്‍ ശക്തന് ആര്‍ക്കേഡില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപനം നിര്‍വഹിക്കും.
സംരംഭകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനായി എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തൃശൂര്‍ ശക്തന് ആര്‍ക്കേഡില്‍ അഞ്ചാം നിലയില്‍ 1000 സ്ക്വയര്‍ ഫീറ്റിലാണ് എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്‍ സജ്ജീകരിച്ചിട്ടുള്ളത്. സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ നിയമിക്കപ്പെട്ടിട്ടുള്ള എട്ട് ഇന്റേണുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസും സംരംഭകര്‍ക്കാവശ്യമായ വിവരങ്ങളും അടിസ്ഥാന സേവനങ്ങളും നല്‍കുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കാനാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. സംരംഭകര്‍ക്ക് ലൈസന്‍സ് സമയബന്ധിതമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ കോര്പറേഷന് സ്വീകരിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം നടത്തുന്ന തദ്ദേശ സ്ഥാപനം എന്ന നിലയില്‍ സംരംഭകര്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ചടങ്ങില്‍ പി ബാലചന്ദ്രന് എംഎല്‍എ സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും. മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി മേയര്‍ രാജശ്രീ ഗോപന് വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: