കൊല്ലം: പൊതുവിതരണ സംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കാനായി ജില്ലയില്‍ റേഷന്‍കട തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റികള്‍ അടിയന്തിരമായി രൂപീകരിക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന് ചെയര്മാന് കെ.വി. മോഹന്‍കുമാര്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷാ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ തൂക്കത്തിലും അളവിലും സമയബന്ധിതമായി ഗുണഭോക്താകള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് കമ്മിറ്റികള്‍. റേഷന്‍ വിതരണത്തിലെ തടസ്സങ്ങള്‍, അര്‍ഹര്‍ക്ക് ലഭ്യമാകാതിരിക്കുക, ഗുണമേന്മയിലും തൂക്കത്തിലും ഉണ്ടാകുന്ന കുറവ് തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് കമ്മിറ്റിയെ അറിയിക്കാം. താഴെത്തട്ടിലുള്ള റേഷന്‍കട തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ അവബോധം നല്‍കണം.
വിജിലന്‍സ് കമ്മിറ്റികളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ അവലോകനയോഗം ചേരാനും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കി. യോഗത്തില്‍ എഡിഎം ആര്. ബീനറാണി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന് അംഗം അഡ്വ. സബിത ബീഗം, ജില്ല സപ്ലൈ ഓഫീസര്‍ മോഹന്‍ കുമാര്‍, എഫ്.സി.ഐ ഡിവിഷണല്‍ മാനേജര്‍ പി. എന്‍ ഹെന്റി, വനിതാ ശിശു വികസന ഓഫീസര്‍ പി. ബിജി, ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ടിജു റെയ്ച്ചല്‍ തോമസ്, വിവിധ സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: