അജി ചെറുകോല്‍
ആറന്മുള ഗവ ഹൈസ്‌ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ ഗാന്ധിജിയെ വന്ദിച്ച് ഗാനമാലപിച്ച വനജാക്ഷിയമ്മ അക്കാര്യം ഓര്‍ത്തെടുക്കുമ്പോള്‍ പഴയ പതിനൊന്നു വയസുകാരിയായി. ആറന്മുള പരമൂട്ടില്‍ വീട്ടില്‍ തുറന്നു വെച്ച രാമായണത്തിന് മുന്‍പില്‍, സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ പഴയ കഥകള്‍ അയവിറക്കവേ തൊണ്ണൂറ്റിയാറാം വയസിലും ആവേശം. 1937 ജനുവരി 20 നായിരുന്നു മഹാത്മാ ഗാന്ധിയുടെ ആറന്മുള സന്ദര്‍ശനം. ആറന്മുള സത്രക്കടവില്‍ പമ്പാ മണല്‍പ്പുറത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു ഗാന്ധിജി. യോഗത്തില്‍ പങ്കെടുത്ത ശേഷം കറുത്ത കാറില്‍ തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പതിനെട്ടാം പടിക്കു മുന്നില്‍ എത്തി തൊഴുത് ഗവ സ്‌കൂളിന് മുന്നില്‍ കൂടി യാത്ര ചെയ്ത് നീങ്ങിയ ഗാന്ധിജിക്ക് സ്‌കൂളിന് മുന്‍പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്വാഗത ഗാനമാലപിച്ചത് ഇന്നലെയെന്നവണ്ണം ആറന്മുളയുടെ മുത്തശ്ശി ഓര്‍ക്കുന്നു. സ്‌കൂളില്‍ നിന്നും തയ്യാറാക്കി നല്‍കിയ അന്നത്തെ സ്വാഗത ഗാനത്തിലെ വരികളും ഇന്നും ഹൃദിസ്ഥം.
‘സോമബിംബ സദൃശമാര്‍ന്ന രൂപമാര്‍ന്നവനേ…
ലോക പൂജിതനായി പുകഴ്‌ത്തും പുണ്യ ശീലനേ…
നൂല് നൂറ്റ് വാഴ്ന്നിടുന്ന ഗാന്ധി ദേവ
വാഴ്‌ത്തിടുന്നു ലോകമെങ്ങും…’
ഈ വരികള്‍ പാടുമ്പോള്‍ ആരവങ്ങള്‍ക്കും ഭാരതമാതാ ജയാരവവും മുഴങ്ങുന്നതിനിടയില്‍ ഇരു കൈകളും കൂപ്പി കാറില്‍ കടന്നു പോകുന്ന ഗാന്ധിജിയെ നേരില്‍ കണ്ട നിര്‍വൃതി ഇന്നും ആ മുഖത്ത് കാണാം. അതിനു ശേഷം കവയത്രി സുഗതകുമാരിയുടെ അമ്മ പ്രൊഫ കാര്‍ത്ത്യായനി ടീച്ചര്‍ നേതൃത്വം നല്‍കുന്ന വനിതാ സമാജം പ്രവര്‍ത്തകര്‍ക്കൊപ്പം ഗാന്ധിജിയുടെ ഇലന്തൂര്‍ യോഗസ്ഥലത്തേക്ക് പാട്ടുപാടി പോയ സംഘത്തില്‍ ബാലികയായ വനജാക്ഷിയമ്മയും കൂടി. അവിടെയെത്തിയ തങ്ങളെ നൂല് നൂത്ത് വസ്ത്രമുണ്ടാക്കുന്നത് ഗാന്ധിജി നേരിട്ട് കാണിച്ചു തന്നത് വിശദീകരിക്കുമ്പോള്‍ മുത്തശ്ശിക്കണ്ണുകള്‍ വികസിച്ചു.
പഠനശേഷം ചെങ്ങന്നൂര്‍ മുണ്ടന്‍ കാവ് കോടിയാട്ടുകര ഇളവിന്‍ പടിപ്പുരയില്‍ ടി.എന്‍.പത്മനാഭപിള്ളയുടെ സഹധര്‍മ്മണിയായപ്പോള്‍ ലഭിച്ചത് സ്വാതന്ത്ര്യ സമരപ്പോരാളിക്ക് തുണയാകാനുള്ള നിയോഗമായിരുന്നു. ചെങ്ങന്നൂര്‍ ആസ്ഥാനമാക്കി സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു പത്മനാഭപിള്ള. ആലപ്പുഴ, കൊല്ലം ജയിലുകളിലായി രണ്ടു വര്‍ഷത്തിലധികം തടവില്‍ കഴിയേണ്ടി വന്ന അദ്ദേഹത്തിന് അക്കാലത്ത് ക്രൂര മര്‍ദനവും സഹിക്കേണ്ടി വന്നുവെന്ന് വനജാക്ഷിയമ്മ ഓര്‍ക്കുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം താമ്രപത്രം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് 87-ാം വയസില്‍ പത്മനാഭപിള്ള എന്ന സ്വാതന്ത്ര്യ സമര സേനാനി നിര്യാതനായി.
ഗാന്ധിജിയുടെ സന്ദര്‍ശനവേളയിലും സ്വാതന്ത്ര്യ സമര തീച്ചൂളയിലെ സമരപ്പോരാളിയുടെ പങ്കാളിയായും ആവേശപൂര്‍വം നയിച്ച ജീവിതാനുഭവങ്ങള്‍ അയവിറക്കി, പുത്തന്‍ തലമുറയ്‌ക്ക് വിവരിച്ച് ആറന്മുളയുടെ സ്വാതന്ത്ര്യമുത്തശ്ശി ജീവിത സായാഹ്നത്തിലും സജീവമാണ്. എന്നും പത്രപാരായണവും രാമായണ പാരായണവും മുടങ്ങാതെ നടത്തുന്ന അമ്മയ്‌ക്ക് അല്പം കേള്‍വിക്കുറവുണ്ടെന്നതൊഴിച്ച് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു മകനും രണ്ടു പെണ്‍മക്കള്‍ക്കും മാതാവായ ഈ പുണ്യവതി ഇളയ മകള്‍ ഉഷ പി.നായര്‍ക്കും കുടുംബത്തിനുമൊപ്പം ആറന്മുള പരമൂട്ടില്‍ കുടുംബത്തില്‍ ചിട്ടയായ ജീവിതവുമായി കഴിയുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാണ്ടുകള്‍ പിന്നിടുമ്പോള്‍ നിര്‍വൃതിയോടെ, അഭിമാനത്തോടെ വനജാക്ഷിയമ്മയുടെ കണ്ണുകള്‍ തിളങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: