കൊച്ചി : നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ദിലീപ് പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്. ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
2017ലാണ് ദിലീപ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നത് ഉള്‍പ്പടെ കര്‍ശ്ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം നല്‍കിയത്.
അതേസമയം ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ പരിഗണിച്ചെങ്കിലും അത് തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന് കണ്ടെത്തലും ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: