ന്യൂദല്‍ഹി : ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ ഇന്ന് 12.30ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്നാഥ് സിങ്, ജയശങ്കര്‍, പീയുഷ് ഗോയല്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചൊവ്വാഴ്ച നായിഡുവിനെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ധന്‍കറിനെയും അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.
ഞായറാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ധന്‍കര്‍ വിജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ 182 വോട്ടിനെതിരെ 528 വോട്ടുകളാണ് ധന്‍കര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.
രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ജനനം. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കിയ അദ്ദേഹം 1979 നവംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി 1989ല്‍ രാജസ്ഥാനില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തി.
1990ല്‍ കേന്ദ്രമന്ത്രിയായി. 1993- 98ല്‍ രാജസ്ഥാനിലെ കിഷന്ഗറില്നിന്ന് നിയമസഭയിലെത്തി. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധന്‍കര്‍. ഒരു മകളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: