ഡോ.പ്രമോദ് ഇരുമ്പുഴി
മഴക്കാല രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയേറുന്ന മാസമാണ് കര്‍ക്കടകം. കാര്‍ഷിക ജോലികള്‍, കൂലിപ്പണി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തെങ്ങുകയറ്റം തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ കര്‍ക്കടകത്തില്‍ പ്രയാസമാണ്. കാലം തെറ്റി മഴപെയ്യുന്ന ഈ കാലത്ത് മഴക്കാലരോഗങ്ങള്‍ക്കും കാലപരിധിയില്ല.
മഴപ്പെയ്ത്ത് തുടര്‍ച്ചയാകുമ്പോള്‍ പനി, ചുമ, കഫക്കെട്ട്, തലവേദന, ശരീരമാകെയുള്ള തരിപ്പ്, കടച്ചില്, വേദന എന്നിവയാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു. മഴ കാരണം പുറത്തിറങ്ങാനോ, ജോലിചെയ്യാനോ കഴിയാത്തതിനാല്‍ ശാരീരികവ്യായാമവും വളരെ കുറവായിരിക്കും. ഇതും രോഗഹേതുവാകാറുണ്ട്.
കാലാവസ്ഥാപരമായ പ്രത്യേകതകള്‍ രോഗസാധ്യത കൂട്ടുമ്പോള്‍, അവയില്‍ നിന്ന് മോചനം നേടുന്നതിന് വൈദ്യന്മാരും സാധാരണ ജനങ്ങളും രൂപപ്പെടുത്തിയ ചികിത്സാ രീതിയാണ് കര്‍ക്കടക ചികിത്സ അഥവാ കര്‍ക്കകമാസ പ്രതിരോധ ചികിത്സ. കര്‍ക്കടകത്തില്‍ മാത്രമല്ല, മഴക്കാലമത്രയും ഈ ചികിത്സയ്ക്ക് പ്രാധാന്യമുണ്ട്.
തണുപ്പുകൊണ്ടുള്ള വല്ലായ്മകള്‍ ശരീരത്തിലുണ്ടാകുമ്പോള്‍ ചൂടുള്ള വിഭവങ്ങളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ശരീരത്തിന് ചൂടു പകരുന്ന പയര്‍വര്‍ഗമാണ് മുതിര. ഇത് കറിയായോ, തോരനായോ, പുഴുങ്ങിയോ കഴിക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. അതുപോലെ കുടിക്കാന്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കണം. കരിങ്ങാലി, രാമച്ചം, രക്തചന്ദനം, നന്നാറി, ചുക്ക് തുടങ്ങിയവ ചെറിയ കഷ്ണങ്ങളാക്കി, കിഴികെട്ടി വെള്ളത്തിലിട്ട് തിളപ്പിച്ച് ഇളം ചൂടോടെ കുടിക്കുന്നത് നല്ലതാണ്. മഴകാരണം ദേഹം അധികമൊന്നും അനങ്ങാത്ത കാലമായതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ദഹനത്തിന് കൂടുതല്‍ സഹായിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് എന്നിവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം.
കര്‍ക്കടകത്തില്‍ ശരീരത്തിന് ഉഴിച്ചില്‍, തിരുമ്മല്‍ തുടങ്ങിയ ചികിത്സകള്‍ക്കും വളരെ പ്രാധാന്യമുണ്ട്. മുമ്പൊക്കെ, ആളുകള്‍ പാരമ്പര്യമരുന്നു കടകളില്‍ നിന്ന് വാങ്ങുന്ന അങ്ങാടിമരുന്നുകള്‍ക്കൊപ്പം, പറമ്പില്‍ നിന്നെടുക്കുന്ന പച്ചിലകളും മറ്റും ചേര്‍ത്ത് തൈലം കാച്ചി ഉപയോഗിച്ചിരുന്നു. തണുപ്പുമൂലമുണ്ടാകുന്ന കൈകാല്‍ വേദന, തരിപ്പ്, കടച്ചില് തുടങ്ങിയവ ശമിക്കാന്‍ തൈലം പുരട്ടിയുള്ള ഉഴിച്ചില്‍ നല്ലതാണ്. ചിലര്‍ സ്വയം ശരീരത്തില്‍ ഉഴിച്ചില്‍ നടത്താറുണ്ട്. തിരുമ്മലുകാരുടെ സഹായത്താല്‍ ചെയ്യുന്നവരുമുണ്ട്. കൊട്ടംചുക്കാദി തൈലം, പിണ്ഡതൈലം, ധന്വന്തരം തൈലം തുടങ്ങിയവ ഉഴിച്ചിലിന് ഉത്തമമാണ്.
മരുന്നുകഞ്ഞികളുടെ മഴക്കാലം
ശരീരമിങ്ങനെ നന്നായി തണുത്തിരിക്കുമ്പോള്‍ പ്ലാവില കൊണ്ട് കുമ്പിള് കുത്തി ചെറുചൂടുള്ള കഞ്ഞികോരിക്കുടിക്കുന്നത് ആലോചിക്കുന്നതു തന്നെ രസകരമാണ്. കര്‍ക്കടകത്തിലെ മരുന്നുകഞ്ഞിയായ ജീരക കഞ്ഞിയെക്കുറിച്ച് പറയാം. ദേഹമനങ്ങാതെ വ്യായാമക്കുറവുമായി ഇരിക്കുമ്പോള്‍, വായുകോപം, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇതിന് ഒരു പരിധിവരെ പരിഹാരമാണ് ജീരക കഞ്ഞി. മലബാറില്‍ ചിലയിടങ്ങളില്‍ ചീരാക്കഞ്ഞിയെന്നാണ് ഇത് അറിയപ്പെടുന്നത്. ദഹനപ്രശ്ങ്ങള്‍ പരിഹരിക്കുന്ന ഉലുവയും അശാളിയും ജീരകത്തോടൊപ്പം ഈ കഞ്ഞിയില്‍ ചേര്‍ക്കാറുണ്ട്. വൈദ്യശാലയില്‍ നിന്ന് കിട്ടുന്ന ചുവന്ന നിറത്തിലുള്ള ധാന്യമാണ് അശാളി.
ജീരകക്കഞ്ഞി തയ്യാറാക്കുന്ന വിധം: പച്ചരി: അരക്കപ്പ്, ഉലുവ: അരടീസ്പൂണ്‍, അശാളി: അരടീസ്പൂണ്‍, ചെറിയ ജീരകം: മുക്കാല്‍ ടീ സ്പൂണ്‍, വെള്ളം, ഉപ്പ് തുടങ്ങിയവ ആവശ്യത്തിന്, തേങ്ങ അരച്ചത:് അരക്കപ്പ്, മഞ്ഞള്‍പ്പൊടി: കാല്‍ടീസ്പൂണ്‍.
ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമെടുത്ത് പച്ചരി കഴുകിയിടുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക. വെള്ളം ചൂടുകുമ്പോള്‍ ജീരകം, ഉലുവ, അശാളി, തേങ്ങ ചതച്ചത് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. വെന്തതിനു ശേഷം ഇറക്കി വച്ച് ചെറുചൂടോടെ കുടിക്കുക.
ഒരാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ച തുടര്‍ച്ചയായി ഇത് കഴിക്കാവുന്നതാണ്. കഞ്ഞി ഉണ്ടാക്കുന്നതില്‍ പാരമ്പര്യവും പ്രാദേശികവുമായ വ്യത്യാസങ്ങള്‍ കണ്ടേയ്ക്കാം.
കര്‍ക്കടക ചികിത്സയില്‍ ഏറെ പ്രധാനപ്പെട്ടതാണ് കര്‍ക്കടക്കഞ്ഞി, അഥവാ മരുന്നുകഞ്ഞി. നവരയരിയാണ് കഞ്ഞിയുണ്ടാക്കാന്‍ നല്ലത്. ഇതിന് ഔഷധഗുണവുമുണ്ട്. ഇതിലേക്ക് അരിയാറുകള്‍ എന്നറിയപ്പെടുന്ന വിഴാലരി, കര്‍ഗോലരി, ചെറുപുന്നയരി, കുടകപ്പാലയരി, മല്ലി, ഏലത്തരി എന്നിവയും ജീരകം, പെരുഞ്ചീരകം, ഉലുവ, അശാളി, പുത്തരിച്ചുണ്ടവേര്, വരട്ടുമഞ്ഞള്‍, കടുക്, ചുക്ക്, ശതകുപ്പ നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ഏലം, തക്കോലം, കരയാമ്പൂ, ജാതിക്ക തുടങ്ങിയവയും ചേര്‍ക്കണം. ഉഴിഞ്ഞവള്ളി, ചെറുകടലാടി, കാട്ടപ്പ തുടങ്ങിയ പച്ചമരുന്നുകളും പറമ്പില്‍ നിന്ന് ശേഖരിച്ച് കഞ്ഞിയില്‍ ചേര്‍ക്കണം. അതുപോലെ തേങ്ങാപ്പാലും ചെറിയുള്ളിയും ഔഷധക്കഞ്ഞിയിലെ ചേരുവകളാണ്.
കഞ്ഞി തയ്യാറാക്കുന്ന വിധം: 100 ഗ്രാം നവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വയ്ക്കുക. മേല്‍പ്പറഞ്ഞ പച്ചമരുന്നുകളൊഴികെ ബാക്കിയുള്ളവ പൊടിച്ചെടുത്ത് തുണിയില്‍ കിഴികെട്ടി വെന്തുകൊണ്ടിരിക്കുന്ന കഞ്ഞിയില്‍ ഇടണം. തിളച്ചു തുടങ്ങുമ്പോള്‍ 25 ഗ്രാം വീതം ചുവന്നുള്ളിയും ഉലുവയും ചേര്‍ക്കുക. പിന്നീട്. തേങ്ങാപ്പാലും ശേഖരിച്ചുവച്ച പച്ചമരുന്നുകളും ചേര്‍ത്ത് മൂടിവയ്ക്കുക. പിന്നീട് ചെറുചൂടോടെ രാത്രിഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിക്കാനെടുക്കും മുമ്പ് കിഴി നന്നായി പിഴിഞ്ഞെടുത്ത് മാറ്റണം.
മലപ്പുറത്തിന്റെ തേങ്ങാമരുന്ന്
മലപ്പുറം ജില്ലയില്‍ പാരമ്പര്യ വൈദ്യന്മാരിലൂടെ പ്രചരിക്കുന്ന കര്‍ക്കടകരോഗ പ്രതിരോധ മരുന്നാണ് തേങ്ങാമരുന്ന്. മഴക്കാലത്തെ പനി, ചുമ, കഫക്കെട്ട്, ശരീരവേദന, തരിപ്പ്, കടച്ചില് തുടങ്ങിയവയ്ക്കെല്ലാം പ്രതിരോധമായും ചികിത്സയായും തേങ്ങാമരുന്ന് ഉപയോഗിക്കാവുന്നതാണ്. മലപ്പുറത്തെ പാരമ്പര്യ വൈദ്യശാലകളില്‍ തേങ്ങാമരുന്നിന് ആവശ്യമായ ഔഷധക്കൂട്ടുകള്‍ (മരുന്നു പൊതി) ലഭിക്കും. മല്ലി, കാര്‍ഗോലരി, വിഴാലരി, ചെറുപുന്നയരി, കുടകപ്പാലയരി, ഏലത്തരി, ജീരകം, പെരുംജീരകം, കരിംജീരകം, വയമ്പ്, മാതളത്തൊലി, കുറശ്ശാണി, കരയാമ്പൂ, ഏലക്ക, ഉഴുന്നുപരിപ്പ്, ചെറുപയര്‍, തിന, ലന്തക്കുരു, അമുക്കുരം, യവം, ഗോതമ്പ്, കൃമിശത്രു തുടങ്ങി ഇരുപത്തഞ്ചോളം മരുന്നുകളാണ് ഉപയോഗിക്കുന്നത്. മരുന്നുകള്‍ നന്നായി കഴുകി ഉണക്കിയ ശേഷം പൊടിച്ചെടുക്കണം. മരുന്നുകള്‍ എല്ലാം ചേര്‍ന്ന് 50 അല്ലെങ്കില്‍ 60 ഗ്രാം മതിയാവും ഒരാഴ്ച കഴിക്കാന്‍.
ഒരു വലിയ തേങ്ങയെടുത്ത് കണ്ണു തുരന്ന്, വെള്ളം പൂര്‍ണമായി കളഞ്ഞ ശേഷം മരുന്നുകളെല്ലാം പൊടിച്ചെടുത്ത് തേങ്ങയുടെ കണ്ണിലൂടെ അകത്ത് നിറയ്ക്കണം. തുടര്‍ന്ന് തേങ്ങയുടെ കണ്ണ് നന്നായി അടച്ച ശേഷം ചെളിമണ്ണു കൊണ്ട് തേങ്ങ പൂര്‍ണമായും പൊതിയുക. ഇത് നല്ല കനലുള്ള അടുപ്പിലിട്ട്, ചിരട്ട മുഴുവനായും കരിഞ്ഞശേഷം പുറത്തെടുക്കുക. കരിഞ്ഞ ചിരട്ട മാറ്റി, മരുന്നുള്‍പ്പെടെ തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചെടുക്കുക.
മൊത്തം മരുന്നിന്റെ ഏഴില്‍ ഒരു ഭാഗം ഭക്ഷണശേഷം രണ്ടു നേരം കഴിക്കാം. ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ക്കും പരിഹാരമാണ് തേങ്ങാമരുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: