Categories: Article

ആഗസ്ത്; ഭാരതത്തിന്റെ സ്വന്തം കായിക മാസം

ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരതത്തിന്റെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തിയപ്പോഴും ആഗസ്ത് കായിക ചരിത്രം ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം കായിക പ്രേമികളും പ്രതീക്ഷിച്ചതിലും മേലെ ആയിരുന്നു അവിടെ പല ഇനങ്ങളിലും നമ്മുടെ കായിക താരങ്ങളുടെ പ്രകടനം. കഴിഞ്ഞ തവണ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നല്‍കിയ ഷൂട്ടിംഗ് (15, അതില്‍ ഏഴെണ്ണം സ്വര്‍ണം) ഇക്കുറി ഒഴിവാക്കപ്പെട്ടിരുന്നു.

Published by

രമേശ് മാത്യു

രാജ്യത്തിന്റെ കായിക മേഖലയിലെ ചരിത്രം നോക്കിയാല്‍ ആഗസ്ത് മാസത്തില്‍ നമുക്ക് നേട്ടങ്ങളുടെ നീണ്ട പട്ടിക കാണാം. പ്രത്യേകിച്ച് ട്രാക് ആന്‍ഡ് ഫീല്‍ഡ് കായിക വിജയങ്ങള്‍. എടുത്തുപറയേണ്ടത് ഈ നേട്ടങ്ങളെല്ലാം ഏഷ്യന്‍ ഭൂഖണ്ഡത്തിനു പുറത്തു ലോക നിലവാരത്തിലുള്ള മത്സരങ്ങളിലാണ് എന്നതാണ്. ജപ്പാനില്‍ കഴിഞ്ഞ വര്ഷം നടന്ന ഒളിംപിക്സ് ഗെയിംസ്  അടക്കം.

 ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരതത്തിന്റെ മികച്ച  പ്രകടനങ്ങള്‍ വിലയിരുത്തിയപ്പോഴും ആഗസ്ത് കായിക ചരിത്രം ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം കായിക പ്രേമികളും പ്രതീക്ഷിച്ചതിലും മേലെ ആയിരുന്നു അവിടെ പല ഇനങ്ങളിലും നമ്മുടെ കായിക താരങ്ങളുടെ പ്രകടനം. കഴിഞ്ഞ തവണ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നല്‍കിയ ഷൂട്ടിംഗ് (15, അതില്‍ ഏഴെണ്ണം സ്വര്‍ണം)  ഇക്കുറി  ഒഴിവാക്കപ്പെട്ടിരുന്നു. എന്നിട്ടുപോലും ഇന്ത്യന്‍ താരങ്ങള്‍ 22 സ്വര്‍ണം അടക്കം 61 മെഡലുകള്‍ നേടി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തു വന്നു. നാല്പതാം വയസ്സില്‍ പുരുഷ ടേബിള്‍ ടെന്നിസില്‍ വ്യക്തിഗത സ്വര്‍ണമടക്കം മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടിയ ശരത് കമല്‍ തന്നെയായിരുന്നു ഭാരതത്തിനു ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ നല്‍കിയത്.

അത്ലറ്റിക്സില്‍  കേരളത്തില്‍ നിന്നു ഭാരത ടീമിനു വേണ്ടി മെഡലുകള്‍ നേടിയ ട്രിപ്പിള്‍ ജമ്പര്‍മാരായ എല്‍ദോസ്‌പോള്‍, അബ്ദുള്ള അബൂബക്കര്‍, ലോങ്ങ് ജമ്പില്‍ വെള്ളി നേടിയ ശ്രീശങ്കര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഹൈജമ്പില്‍ ഇദംപ്രഥമമായി കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയ തേജസ്വിന്‍ ശങ്കര്‍, ലോകോത്തര കെനിയന്‍ താരങ്ങളെ ഞെട്ടിച്ചു 3000 സ്റ്റീപ്പിള്‍ ചെയ്‌സില്‍ അപ്രതീക്ഷിത മെഡല്‍ നേടിയ അവിനാശ് സാബ്ലെ (മഹാരാഷ്‌ട്ര) 10 കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷ-വനിതാ മെഡലുകള്‍ കരസ്ഥമാക്കിയ സന്ദീപ് കുമാര്‍ (ഹരിയാന), പ്രിയങ്ക  ഗോസ്വാമി (ഉത്തര്‍ പ്രദേശ്), ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ അന്നു റാണി(ഉത്തര്‍പ്രദേശ്) ഇവരുടെയൊക്കെ നേട്ടങ്ങള്‍ കൈവന്നത് ഈ മാസത്തിലെ ആദ്യത്തെ ഏഴു ദിവസങ്ങളിലായിരുന്നു. മെഡല്‍ ഒന്നും നേടിയില്ലെങ്കിലും പുരുഷ വിഭാഗം ജാവലിന്‍ മത്സരത്തില്‍ ചെറുപ്പക്കാരായ ഡി.പി.മനുവും രോഹിത് യാദവും താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ബാഡ്മിന്റണില്‍ പുരുഷ വനിതാ വ്യക്തിത്വ ഇനങ്ങളിലെ വിജയികളായ ലക്ഷ്യ സെന്‍, പി.വി.സിന്ധു, ഡബിള്‍സില്‍ സ്വര്‍ണ വിജയം നേടിയ സ്വത്ത്വിക്ക് റാം കിരണ്‍ റെഡ്ഡി, ചിരാഗ് ഷെട്ടി ഇവരുടെ ഒക്കെ വിജയം വളരെ ശ്രദ്ധേയം തന്നെ. ഡബിള്‍സില്‍ ഇന്ത്യ ഇദംപ്രഥമമായാണ് വിജയം നേടിയത്. ഹോക്കിയില്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം വനിതകള്‍ മെഡല്‍ നേടിയപ്പോള്‍ പുരുഷന്മാര്‍ എട്ടുവര്‍ഷത്തിനു ശേഷമായിരുന്നു ഫൈനല്‍ കണ്ടത്. ഇക്കുറി അടക്കം മൂന്ന് തവണ പുരുഷന്മാര്‍ വെള്ളി നേടി. ഇതിനു മുന്‍പ് 2010 ലും 2014 ലും ഓസ്‌ട്രേലിയയോട് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണയും ശക്തരായ ഓസ്‌ട്രേലിയയോട് തന്നെ ആണ് ഭാരതം ഫൈനലില്‍ പരാജയപ്പെട്ടത്. ഈ മെഡലുകളെല്ലാം വന്നത് അവസാന 48 മണിക്കൂറില്‍ ആയിരുന്നു.  

1996ലെ അറ്റ്ലാന്റ ഒളിമ്പികിസില്‍ അതിനു മുന്‍പുള്ള മൂന്ന് ഒളിംപിക്സ് മത്സരങ്ങളില്‍ മെഡല്‍ നേടാതിരുന്ന ഭാരതം ലിയാന്‍ഡര്‍ പെയ്‌സിന്റെ ടെന്നിസ് വെങ്കലത്തിലൂടെ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത് ആ വര്‍ഷം ഓഗസ്റ്റ് മൂന്നിന് ആയിരുന്നു.  2004ല്‍ ആതന്‍സ് ഒളിംപിസ്‌കില്‍ ഇന്ത്യയുടെ ഒരേ ഒരു മെഡല്‍ നേടിയത് ഷൂട്ടറും പിന്നീട് കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആയിരുന്നു. വെള്ളി മെഡല്‍. വിജയം വന്നത് ആഗസ്റ് 17ന്. 2008ല്‍ ആഗസ്ത് 8 മുതല്‍ 24 വരെ ആയിരുന്നു ബെയ്ജിങ് ഒളിംപിക്സ്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര (സ്വര്‍ണം) ബോക്സിങ്ങില്‍ വിജേന്ദര്‍സിംഗ് (വെങ്കലം), ഗുസ്തിയില്‍ സുശീല്‍ കുമാര്‍ (വെങ്കലം) ഇങ്ങനെ മൂന്ന് മെഡലുകള്‍ ഇന്ത്യ നേടി.

2012 ലണ്ടന്‍ ഒളിംപിസ്‌കില്‍ ഇന്ത്യ നേടിയ ആറു മെഡലുകളില്‍ അഞ്ചും ആഗസ്ത് മാസത്തിലായിരുന്നു. വനിതാ ബാഡ്മിന്റണ്‍ വ്യക്തിഗത വെങ്കലം സൈന നേവാള്‍ നേടിയത് ആഗസ്ത് 4 നും ബോക്സിങ്ങില്‍ മേരികോം വെങ്കലം നേടിയത് 12നും. ഗുസ്തിയില്‍ സുശീല്‍ കുമാറും (വെള്ളി), യോഗേശ്വര്‍ ദത്തും (വെങ്കലം) നേടിയത് ആഗസ്ത് 12 നു തന്നെ. ഷൂട്ടിങ്ങില്‍ വിജയകുമാറിന്റെ വെള്ളി മെഡല്‍ ആഗസ്ത് 3 നു ആയിരുന്നു.  ജൂലൈ 27 നു തുടങ്ങിയ ഒളിംപിക്സില്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഷൂട്ടിങില്‍ ഗഗന്‍ ജൂലൈ 30ന് വെങ്കലം  നേടിയിരുന്നു.

2016ല്‍ ഓഗസ്റ്റ് 5 മുതല്‍ 21 വരെയായിരുന്നു റിയോ (ബ്രസീല്‍) ഒളിംപിസിക്സ്. ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ഈ ഇനത്തില്‍ ആദ്യ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി വന്നത് അവിടെയായിരുന്നു. പി.വി.സിന്ധുവിന്റെ ബാഡ്മിന്റണിലെ വ്യക്തിത്വ വെള്ളി മെഡല്‍ റിയോയില്‍ ആയിരുന്നു കൈവരിച്ചത്.

2021ല്‍ ടോക്യോയില്‍ ഒരു വര്‍ഷം വൈകി നടന്ന ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആകെയുണ്ടായിരുന്ന ഏഴു മെഡലുകളില്‍ ആറും ലഭിച്ചത്  ആഗസ്ത് മാസത്തില്‍. ഒളിമ്പിക്സ് ചരിത്രത്തിലെ  ഇന്ത്യയുടെ ഒരേ ഒരു അത്ലറ്റിക് സ്വര്‍ണം നീരജ് ചോപ്ര നേടിയത് ആഗസ്ത് 7 നും ഗുസ്തിയില്‍ രവികുമാര്‍ ദഹിയ  (വെള്ളി) ആഗസ്ത് 6 നും ബജ്രങ് പൂനിയ ആഗസ്റ്റ് 7 നും (വെങ്കലം),  പി.വി.സിന്ധു ബാഡ്മിന്റണ്‍ വ്യക്തിഗത വെങ്കലം ആഗസ്ത് 2നും നേടി.  ബോക്സിങ്ങില്‍ ലൗവ്‌ലീന ബോര്‍ഗിന്‍ വെങ്കലം നേടിയത്  ആഗസ്ത് 4 നും.  

ലോക അത്ലറ്റിക്സ് ചരിത്രത്തില്‍  ഇന്ത്യയുടെ ആദ്യ മെഡല്‍ അഞ്ജു ബോബി ജോര്‍ജ് നേടിയത് 2003 ആഗസ്ത് 31ന് പാരിസിലായിരുന്നു. കഴിഞ്ഞ വര്‍ഷം കെനിയയിലെ നെയ്‌റോബിയില്‍ ലോക അണ്ടര്‍-20 ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടിയ മൂന്ന് മെഡലുകളും ആഗസ്ത് മാസത്തിലായിരുന്നു. ശൈലി സിംഗ് (ലോങ്ങ് ജമ്പ്, വെള്ളി), അമിത്കുമാര്‍ (10 കിലോമീറ്റര്‍  നടത്തം), 4ഃ400 മിക്സഡ് റിലെ (വെങ്കലം).

41 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഭാരതം ഒളിംപിക്സ് ഹോക്കി മെഡല്‍ തിരിച്ചു പിടിച്ചത് ടോക്യോയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് 5 നു ആയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു ഈ വര്‍ഷത്തെ ലോക അണ്ടര്‍ 20 അത്ലറ്റിക്സില്‍ ഭാരതം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയത്. രൂപാല്‍ ചൗധരി (400 മീറ്റര്‍ വെങ്കലം), 4-400 മിക്സഡ് റിലേ (വെള്ളി), ട്രിപ്പിള്‍ ജംപില്‍ സെല്‍വപ്രഭു വെള്ളി മെഡല്‍. 1978യില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ങ് ജമ്പില്‍ സുരേഷ് ബാബു വെങ്കലം നേടിയതും ആഗസ്തില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക