ജീവിതത്തിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസത്തെപ്പറ്റി, അഞ്ചു കൊല്ലങ്ങള്‍ക്കുമുമ്പ് ഉപരാഷ്ട്രപതി പദത്തിലേറിയശേഷം എം.വെങ്കയ്യനായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെയാണ്. ”ഉപരാഷ്ട്രപതിയായി പാര്‍ട്ടി തന്നെ നിശ്ചയിച്ചിരിക്കുന്നു എന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. കുട്ടിക്കാലത്തേ അമ്മയെ നഷ്ടമായതാണ്. പാര്‍ട്ടിയാണ് തനിക്ക് പിന്നീടെല്ലാം. ഇപ്പോള്‍ പാര്‍ട്ടിയേയും ഉപേക്ഷിക്കേണ്ട അവസ്ഥ”. രാഷ്ട്രീയത്തിനതീതമായി ഭരണഘടനാ പദവിയിലേക്ക് ഉയര്ത്തപ്പെടുന്നതിലുള്ള സന്തോഷമല്ല, മറിച്ച് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുന്നു എന്നതാണ് വെങ്കയ്യനായിഡുവിനെ ഏറെ വേദനിപ്പിച്ചത്. കഴിഞ്ഞ അഞ്ചു കൊല്ലവും അദ്ദേഹം ആ വേദന മറന്നിട്ടില്ല. ഒടുവില്‍ ഉപരാഷ്ട്രപതി പദത്തില്‍ നിന്ന് പടിയിറങ്ങുമ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറി നില്ക്കേണ്ടിവന്ന ആ നിമിഷത്തെപ്പറ്റിതന്നെയാണ് അദ്ദേഹം വേദനയോടെ സ്മരിച്ചത്.
ഉപരാഷ്ട്രപതി പദവിയിലെയും ഉപരാഷ്ട്രപതി ഭവനിലെയും വെങ്കയ്യനായിഡുവിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സമയം ചെലവഴിക്കാനായിരുന്നു അവസാന ദിനത്തെ അദ്ദേഹത്തിന്റെ തീരുമാനം. അഞ്ചര പതിറ്റാണ്ടു നിറഞ്ഞു നിന്ന പൊതുജീവിതത്തെപ്പറ്റി അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി ഓര്‍മ്മകള്‍ പങ്കുവെച്ചു. ‘കഴിഞ്ഞ മുപ്പതു വര്‍ഷമായി ദല്‍ഹിയുടെ ഭാഗമാണ് ഞാന്‍. 1993ല്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായാണ് ദല്‍ഹിയിലെത്തുന്നത്. 1998ല്‍ രാജ്യസഭാംഗമായി. തുടര്‍ന്ന് കേന്ദ്രമന്ത്രി സഭയിലും അംഗമായി. നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. എന്‍ഡിഎ ഭരണകാലത്ത് 2002-04ല്‍ ബിജെപി ദേശീയ അധ്യക്ഷ പദവിയിലും പ്രവര്‍ത്തിച്ചു. പ്രസിദ്ധരായ നിരവധി നേതാക്കളെ വളര്‍ത്തിയെടുത്ത കാലമായിരുന്നു അത്. രണ്ടാം എന്‍ഡിഎ സര്‍ക്കാരിലും ക്യാബിനറ്റ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഒടുവില്‍ 2017 മുതല്‍ ഉപരാഷ്ട്രപതി എന്ന പദവിയും നിര്‍വഹിച്ചു. ഇനി കുറച്ചു നാള് ഗ്രാമത്തിലുണ്ടാവും. തിരിച്ച് വന്ന് മുന്‍ഉപരാഷ്ട്രപതി എന്ന നിലയില്‍ അനുവദിച്ച ത്യാഗരാജ് മാര്‍ഗ്ഗിലെ ഒന്നാം നമ്പര്‍ വസതിയിലേക്ക് താമസം മാറും. അവിടെ എപ്പോഴും എന്നെ ലഭ്യമാണ്. വിശ്രമ ജീവിതം എന്നൊന്നില്ല. കൂടുതല്‍ സജീവമായി ഇടപഴകാനും പരിപാടികളില്‍ പങ്കെടുക്കാനുമാണ് തീരുമാനം. എല്ലാവര്ക്കും പതിവുപോലെ എന്റെ വസതിയിലേക്ക് എപ്പോഴും സ്വാഗതം’ വെങ്കയ്യ പറഞ്ഞു നിര്‍ത്തി.
ഒരര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയുടെ ദല്‍ഹിയിലെ പ്രതിനിധിയായിരുന്നു വെങ്കയ്യനായിഡു. ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള വെങ്കയ്യാ നായിഡുവിന്റെ ചങ്ങാത്തത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1993ല്‍ ദല്‍ഹിയില്‍ എത്തിയ കാലം മുതല്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി അടുത്തിടപഴകി. പാര്‍ട്ടിയിലും സര്‍ക്കാരിലും പദവികള്‍ ലഭിച്ചപ്പോള്‍ അവരില്‍ പലരെയും മാധ്യമ ഉപദേശകരായും അദ്ദേഹം കൂടെക്കൂട്ടി. ദക്ഷിണേന്ത്യന്‍ മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും വലിയ സ്നേഹം കാണിച്ച വെങ്കയ്യ നായിഡു, ഉപരാഷ്ട്രപതിയായപ്പോള്‍ വിദേശ-ആഭ്യന്തര സന്ദര്‍ശനവേളകളില്‍ മലയാളം, തെലുഗു, കന്നട, തമിഴ് മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടി. സ്വന്തം ലേഖനങ്ങള്‍ ഏതൊക്കെ പ്രാദേശിക മാധ്യമങ്ങളില്‍ വരണം എന്നതില്‍ പോലും അദ്ദേഹം നേരിട്ട് ശ്രദ്ധ നല്കി. നമ്മുടെ മാതൃഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് അദ്ദേഹം എല്ലാ സംഭാഷണങ്ങളിലും ദക്ഷിണേന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിരുന്നുകളിലെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വെങ്കയ്യ നായിഡുവെന്ന ആതിഥേയനെ ഏവര്‍ക്കും പ്രിയങ്കരനാക്കി. രാജ്യസഭയിലെ വിടവാങ്ങള്‍ ചടങ്ങില്‍ പല അംഗങ്ങളും അദ്ദേഹത്തെപ്പറ്റി പറഞ്ഞ വ്യക്തിപരമായ അനുഭവങ്ങള്‍ വെങ്കയ്യ നായിഡു എന്ന രാഷ്ട്രീയ അതികായന്റെ ഔന്നിത്യം വ്യക്തമാക്കി.
ലളിതമായ വാക്കുകളില്‍ ഇംഗ്ലീഷില്‍ പ്രാസമൊപ്പിച്ചു പ്രസംഗിക്കാന്‍ കഴിയുന്ന മികവ് വെങ്കയ്യ നായിഡുവിന് മാത്രം സ്വന്തമായിരുന്നു. ചെറിയ വാക്കുകളില്‍ അഗാധമായ അര്‍ത്ഥതലങ്ങളിലുള്ള പ്രാസപ്രയോഗങ്ങള്‍ അദ്ദേഹം നടത്തി ഏവരേയും ചിരിപ്പിച്ചു. ഏറെ ചിന്തിപ്പിക്കുകയും ചെയ്തു. ചെയര്‍മാന്‍പദത്തില്‍ രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷങ്ങളെ യോജിപ്പിച്ചുകൊണ്ടുപോകുന്നതില് വെങ്കയ്യനായിഡുവിന്റെ മികവ് ഏവരും കണ്ടതാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനിച്ച ആദ്യ ഉപരാഷ്ട്രപതിയാണ് എം. വെങ്കയ്യ നായിഡു. 1949 ജൂലൈ 1ന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ചവടപലേം ഗ്രാമത്തിലായിരുന്നു ജനനം. നെല്ലൂര്‍ വി.ആര് കോളജിലെയും വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്സിറ്റി കോളജിലെയും നിയമ പഠന കാലത്താണ് ആര്‍എസ്എസുമായും എബിവിപിയുമായും അദ്ദേഹം അടുക്കുന്നത്. 1972ലെ ജയ് ആന്ധ്രാ പ്രക്ഷോഭത്തിന്റെ നായക സ്ഥാനത്തേക്ക് ഉയര്‍ന്ന വെങ്കയ്യ നായിഡു 1974ല്‍ ജെപിയുടെ ഛാത്രസംഘര്ഷ സമിതിയുടെ ആന്ധ്രയിലെ നേതൃത്വത്തിലേക്കും എത്തി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹത്തെ ജനതാപാര്‍ട്ടിയുടെ ആന്ധ്രയിലെ യുവജനവിഭാഗം പ്രസിഡന്റ് പദവിയിലേക്കും 1977-80 കാലങ്ങളില്‍ നിയോഗിച്ചു. ഇതിനിടെ 1978,1983 തെരഞ്ഞെടുപ്പുകളില്‍ ആന്ധ്രയില്‍ എംഎല്‍എയായി വിജയിച്ച് അത്ഭുതം കാട്ടി. ദീര്‍ഘകാലം ആന്ധ്രാപ്രദേശിലെ ബിജെപി മുഖമായി വെങ്കയ്യ പ്രവര്‍ത്തിച്ചു. 1993ലാണ് അദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായി ദല്‍ഹിയിലേക്ക് നിയോഗിക്കുന്നത്. തുടര്‍ന്നുള്ളത് ചരിത്രത്തിന്റെ ഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: