ന്യൂദല്‍ഹി: മോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെയും കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച ചില പ്രത്യേക കോടതിവിധികളെയും വിമര്‍ശിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യനടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് രണ്ട് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതിയിരിക്കുകയാണ്. അഭിഭാഷകരായ വിനീത് ജിന്‍ഡാലും ശശാങ്ക് ശേഖര്‍ ജായുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന് ഇപ്പോള്‍ രാജ്യസഭാ അംഗംകൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് കത്തെഴുതിയത്.
നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെക്കുറിച്ച് പരാമര്ശിക്കുമ്പോഴാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പ്രതീക്ഷ അവശേഷിക്കുന്നില്ലെന്ന കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയത്. ഇത് സുപ്രീംകോടതി സക്കിയ ജഫ്രി കേസില്‍ ആഗസ്ത് ആറിന് നല്കിയ വിധിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് അഭിഭാഷകര്‍ കത്തില്‍ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്ല് കേസില്‍ പിഎംഎല്‍എ കോടതികള്‍ നല്കിയ ചില വിധികളെയും സിബല്‍ വിമര്‍ശിച്ചിരുന്നു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ അനുവദിക്കണമെന്നാണ് ഇരു അഭിഭാഷകരും അറ്റോര്‍ണി ജനറലിനോട് അനുവാദം ചോദിച്ചിരിക്കുന്നത്.
“ഇത്തരമൊരു കീഴ് വഴക്കം അനുവദിച്ചാല്‍ നാളെ രാഷ്ട്രീയ നേതാക്കളും തോന്നിയപോലെ രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ ആരോപണം പറയാന്‍ തുടങ്ങും. ഈ പ്രവണത തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ സ്വതന്ത്രമായ ജുഡീഷ്യറി സംവിധാനത്തിന്റെ പരാജയത്തിലേക്ക് നയിക്കും. “- സീനിയര്‍ അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം കിട്ടുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ വിമര്‍ശിച്ചതിന് പിന്നാലെ വിവിധ കേസുകള്‍ക്ക് വിവിധ ബെഞ്ചുകള്‍ രൂപവല്‍ക്കരിക്കുന്നതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ നിന്നും ഈയിടെ രാജിവെച്ചശേഷം കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: