തിരൂര്‍: മലപ്പുറം ജില്ലയിലെ പൊന്മുണ്ടത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകൊത്തളങ്ങളും ചേലേമ്പ്രയില്‍ ക്ഷേത്ര ധ്വംസനത്തിന് ഉപയോഗിച്ച പുരാതന ഇരുമ്പുപാരയും കണ്ടെത്തി.ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയരക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് ആണ് രണ്ടു കണ്ടെത്തലും നടത്തിയത്.
പൊന്മുണ്ടം പഞ്ചായത്തിലുള്ള ചിലവില്‍ ഗ്രാമത്തിലാണ് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നതും പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയിലെ കൊത്തളങ്ങള്‍ക്ക് സമാനമായതുമായ നാല് കൊത്തളങ്ങള്‍ കണ്ടെത്തിയത്.തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രരചനയുമായി ബന്ധപ്പെട്ട് ചിലവില്‍ മഹാദേവ ക്ഷേത്രഭൂമിയില്‍ നടത്തിയ പരിശോധനയില്‍ കാട് മൂടിക്കിടന്ന കൊത്തളങ്ങള്‍ കണ്ടെത്തുകയായിരുന്നു.പതിനഞ്ച് അടി ഉയരവും മുപ്പത് കോല് വ്യാസത്തിലുമുള്ള കൂറ്റന്‍ കൊത്തളങ്ങള്‍ ചെങ്കല്ലില്‍ നിര്‍മ്മിച്ചവയാണ്.
പഴയ കാലത്ത് ക്ഷേത്രത്തിന് ആനപ്പള്ളമതിലാണ് ഉണ്ടായിരുന്നത്. മതിലിന്റെ നാല് മൂലയിലുമായാണ് കൊത്തളങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പീരങ്കികള്‍ സ്ഥാപിക്കാനും സൈനികര്‍ക്ക് മറഞ്ഞു നിന്ന് അക്രമിക്കാനും ഉതകുന്ന രീതിയിലാണ് കൊത്തളങ്ങള്‍. ഉള്‍ഗ്രാമമായതിനാല്‍ ഈ കൊത്തളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകം അറിയുകയോ ചരിത്രത്തില്‍ രേഖപ്പെടുത്തുകയോ ചെയതിട്ടില്ല. വിശദമായ പഠനത്തില്‍ ടിപ്പുവിന്റെ കോട്ടകൊത്തളങ്ങളാണിതെന്ന് വാമൊഴി ചരിത്രം നിലനിന്നിരുന്ന വിവരവും തിരൂര്‍ ദിനേശ് ശേഖരിച്ചു.
ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് അത്ര മിക്കപ്പെട്ട ഒരു ക്ഷേത്രമാണ് ചിലവില്‍ മഹാദേവ ക്ഷേത്രം. പിന്നീട് ഇത് പുനരുദ്ധാരണം ചെയ്തു.ടിപ്പു സുല്‍ത്താന്‍ പടയോട്ടക്കാലത്ത് ഇവിടം സൈന്യസങ്കേതമാക്കിയിരിക്കാമെന്നും ടിപ്പു ഇവിടെ കേന്ദ്രീകരിച്ചിരിക്കാമെന്നും തിരൂര്‍ ദിനേശ് പറഞ്ഞു. ഹൈദരാലിയുടെ മരണസമയത്ത് ടിപ്പു സുല്‍ത്താന്‍ തിരൂരില്‍ ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ചിലവില്‍ ഗ്രാമം തിരൂരിനോടു ചേര്‍ന്നതായതിനാല്‍ ടിപ്പു സുല്‍ത്താന്‍ ഇവിടെയുണ്ടായിരുന്ന കേന്ദ്രത്തിലായിരിക്കാമെന്നും ചരിത്രപരമായ ഈ കൊത്തളങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചേലേമ്പ്ര പഞ്ചായത്തിലുള്ള വെണ്ണായൂര്‍ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ടിപ്പുവിന്റെ പടയോട്ടക്കാലത്തെ ആയുധത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട വിഗ്രഹങ്ങള്‍ 2013ലാണ് പുന:പ്രതിഷ്ഠ നടത്തിയത്.സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വലിയ ബലിക്കല്ല് ഇരുമ്പുപാര വെച്ച് മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ പാര പൊട്ടുകയും ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. പൊട്ടിയ ഇരുമ്പുപാരയുടെ കഷണമാണ് ബലിക്കല്ലില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: