പാലക്കാട് : വാളയാര്‍ പീഡനക്കേസ് വീണ്ടും പുനരന്വേഷിക്കാന്‍ കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളിക്കൊണ്ടാണ് പോക്‌സോ കോടതിയുടെ ഈ ഉത്തരവ്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി.
പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ടതല്ല നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസിന്റെ നിഗമനം പിന്നീട് അന്വേഷണം നടത്തിയ സിബിഐയും ഇതിനെ ശരിവെയ്‌ക്കുന്ന കുറ്റപത്രമാണ് നല്‍കിയത്.
മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐ തള്ളിയത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. ഇതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് സിബിഐ തന്നെ പുനരന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മ ആരോപിക്കുന്നത്. .ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു എന്നിവര്‍ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പ്രതി. ബലാല്‍സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ്‌സി/ എസ്ടി വകുപ്പും ചുമത്തിയിട്ടുണ്ട്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയും ഈ ഒമ്പത് വയസ്സുകാരിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: