റോഡിലെ കുഴികള്‍ ഏതെങ്കിലും മന്ത്രി മാന്തി ഉണ്ടാക്കുന്നതല്ല. റോഡ് സംസ്ഥാനത്തിന്റേതായാലും കേന്ദ്രത്തിന്റേതായാലും കുഴിതേടിവരും. അത്തരം കുഴികള്‍ യഥാസമയം കണ്ടെത്തി അടയ്‌ക്കുക എന്നതാണ് മര്യാദ. ആരുടെ റോഡാണ് വലുത് ആരുടെ റോഡാണ് ചെറുത് എന്നുനോക്കിയല്ല കുഴിവരുന്നത്. അതടയ്‌ക്കാന്‍ മെനക്കെടാതെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിക്കാന്‍ ഇടയാകുന്നത് ദുരന്തമാണ്. ആ ദുരന്തം നടക്കുമ്പോള്‍ കുഴിയുള്ള റോഡ് ആരുടേതാണെന്ന് കണ്ടെത്തി കുറ്റപ്പെടുത്താന്‍ ആരുശ്രമിച്ചാലും ആ ശ്രമത്തെ മിതമായ ഭാഷയില്‍ വിളിക്കാവുന്നതാണ് തെമ്മാടിത്തമെന്നത്. അത്തരമൊരു തെമ്മാടി ആവര്‍ത്തനമല്ലെ കേരള പൊതുമരാമത്ത് മന്ത്രിയില്‍ നിന്നുണ്ടായതെന്നാരും ചോദിച്ചുപോകും.
സംസ്ഥാനത്തെ റോഡുകളെല്ലാം കുറ്റമറ്റതാണെന്ന് പറയാന്‍ കഴിയുന്ന ആരുണ്ട് നമ്മുടെ കൂട്ടത്തില്‍. എല്ലാം കുണ്ടും കുഴിയും കുളങ്ങളുമാണ്. താരതമ്യേന കുഴികള്‍ കുറഞ്ഞതുതന്നെയാണ് ദേശീയപാത. കുറഞ്ഞ കുഴിയില്‍ വീണാലും ആളുകള്‍ മരിക്കുന്നു എന്നതാണ് സത്യം. അതൊഴിവാക്കാന്‍ മനുഷ്യസഹജമായ എല്ലാ മാര്‍ഗവും സ്വീകരിക്കുക തന്നെ വേണമെന്ന് കോടതികള്‍ക്കുപോലും പറയേണ്ടിവന്നു. അടുത്തിടെ മൂന്നാലുതവണ ഹൈക്കോടതി റോഡ് വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പശവച്ച് തേച്ച് ഒട്ടിക്കുകയാണോ റോഡിലെ കുഴികള്‍ എന്നുപോലും ചോദിച്ചത് മന്ത്രി കേട്ടില്ലെന്നുണ്ടോ? എന്നിട്ടും ധിക്കാരപരമായി കേന്ദ്രത്തിന്റെ റോഡാണെന്നും അതടയ്ക്കാന്‍ നോക്കാതെ കേരളത്തില്‍ അടിക്കടി കേന്ദ്രമന്ത്രി എത്തുന്നതിനെ വിമര്‍ശിക്കുന്ന നടപടി ആവര്‍ത്തിക്കുകയാണ്. അതിനെക്കുറിച്ച് കേന്ദ്രമന്ത്രി മുരളീധരന്‍ പറയുന്നത് ഇങ്ങിനെയാണ്.
സംസ്ഥാനത്തെ റോഡു വികസന വിഷയങ്ങളില്‍ രാഷ്‌ട്രീയം മാറ്റി നിര്‍ത്തിയാല്‍ ചര്‍ച്ചയാകാം. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ചര്‍ച്ചകള്‍ക്കായി ഏതു സമയവും തന്റെ ഓഫിസില്‍ എത്താമെന്നും മുരളീധരന്‍ പറയുന്നുണ്ട്.
മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. റോഡ് വികസനത്തിനായി മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. കുതിരാന്‍ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകള്‍ ഇതിനു തെളിവാണ്. ദേശീയപാത വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനു കേന്ദ്രം തയാറാണ്.
ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറയുന്നു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് പരാതി നല്‍കണമെന്നും വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. ഇതിനൊന്നും മുതിരാതെ കേന്ദ്രമന്ത്രി കേരളത്തിലെത്തുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മന്ത്രി റിയാസിന്റെ മനസ്സിലിരിപ്പെന്താണെന്നറിയില്ല. ഏതായാലും ഹൈക്കോടതിയുടെ നിര്‍ദ്ദേശമെങ്കിലും പാലിക്കാന്‍ മന്ത്രി റിയാസ് ശ്രദ്ധിച്ചാല്‍ നന്നാകും.
ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്‌ക്കകം പൂര്‍ത്തീകരിക്കണമെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. റോഡുകളിലെ മരണങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്‌ക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
റോഡിലെ അപകടങ്ങളില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാന്‍ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങള്‍ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
ആളുകള്‍ യാത്ര തിരിച്ചാല്‍ ജീവനോടെ തിരിച്ചെത്തുമോയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ റോഡുകളിലുള്ളത്. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാകില്ല.
മഴ കാരണമാണ് കുഴികള്‍ ഉണ്ടായതെന്ന വാദമാണ് ദേശീയ പാതാ അതോറിറ്റി കോടതിയില്‍ ഉയര്‍ത്തിയത്. അപകടങ്ങളില്‍ ദേശീയ പാതാ അതോറിറ്റിക്ക് ഉത്തരവാദിത്വമില്ല. കരാര്‍ കമ്പനിക്കാണ് അപകടങ്ങളുടെ ഉത്തരവാദിത്തമെന്നും അതോറിറ്റി വാദിച്ചു. എന്നാല്‍ ദേശീയ പാതയുടെ നിര്‍മാണത്തിനു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ഇതോടെ വില്ലേജ് ഓഫിസര്‍മാര്‍ക്കും അപകടങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്നായി ദേശീയ പാതാ അതോറിറ്റി. റോഡുകളുടെ ശോചനീയാവസ്ഥ വില്ലേജ് ഓഫിസര്‍മാര്‍ അറിയിക്കാറില്ലെന്നായിരുന്നു വാദം.
റോഡിലെ കുഴി സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുണ്ട്. വായ്‌ത്താരിയും പിആര്‍ വര്‍ക്കും മാത്രം പോര, എന്താണ് തന്റെ വകുപ്പില്‍ നടക്കുന്നതെന്തെന്ന് മന്ത്രി അറിയണമെന്ന് അദ്ദേഹം പറയുന്നു. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ല. പ്രീ മണ്‍സൂണ്‍ ജോലികള്‍ നടന്നിട്ടില്ല. മെയിന്റനന്‍സ് റോഡ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മാത്രം നടക്കുന്നു.
നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണു ബൈക്ക് യാത്രികനായ മാഞ്ഞാലി മനയ്‌ക്കപ്പടി സ്വദേശി ഹാഷിം മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് മരണത്തെപ്പോലും രാഷ്‌ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നു. റോഡിലെ കുഴികളും കുഴി അടയ്‌ക്കേണ്ടതാരെന്ന തകര്‍ക്കവും കേരളത്തില്‍ മുറുകുമ്പോഴാണ് ഭരണമുന്നണിക്കകത്തെ മൂപ്പിളമതര്‍ക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘ശോഭ’ കെടുത്തിയെന്നു സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയ്‌ക്കു വഴിയൊരുക്കിയത് സിപിഐ മന്ത്രിമാര്‍ ഭരിച്ച കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ മികച്ച പ്രവര്‍ത്തനമാണ്. എന്നിട്ടും അതനുസരിച്ചുള്ള പരിഗണന രണ്ടാം സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നില്ല. പിണറായിയുടെ ബി ടീമായി സിപിഐ സംസ്ഥാന നേതൃത്വം മാറിയെന്നും വിമര്‍ശനമുയര്‍ന്നു.
ദേശീയ നിര്‍വാഹകസമിതിയംഗം ആനി രാജയെ സിപിഎം നേതാവ് എം.എം.മണി അപഹസിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം ആനി രാജയെ സംരക്ഷിച്ചില്ലെന്ന ആരോപണം തലയോലപ്പറമ്പില്‍ നിന്നുള്ള പ്രതിനിധികള്‍ ഉന്നയിച്ചു. തലയോലപ്പറമ്പ് പ്രതിനിധികളുടെ വിമര്‍ശനത്തിനു മറ്റു പ്രതിനിധികള്‍ എഴുന്നേറ്റ് നിന്നു കയ്യടിച്ചു. മുഖ്യമന്ത്രി നടത്തുന്നത് ‘സെക്യൂരിറ്റി ഷോ’ ആണെന്നു പ്രതിനിധികളില്‍ ചിലര്‍ പരിഹസിച്ചതും തെമ്മാടിത്തമായില്ലെ എന്ന വിലയിരുത്തലുകളാണ് സിപിഎമ്മിന്. അതിനിടയിലാണ് സിപിഐ ദേശീയനേതാവിന്റെ വിമര്‍ശനം. ഭരണപരിചയമില്ലാത്തവര്‍ക്ക് മുന്തിയ വകുപ്പുകള്‍ നല്‍കിയതാണ് കഴപ്പമെന്നാണ് സി.ദിവാകരന്റെ വിമര്‍ശനം. ആ വിമര്‍ശനവും ഒരുതരം തെമ്മാടിത്തമായില്ലെ എന്ന ചോദ്യവും പ്രസക്തമാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക