പത്തനാപുരം: തലവൂര്‍ ദേവീ ക്ഷേത്രത്തിലെ ഗോപുര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ എംഎല്‍എ കെ.ബി. ഗണേഷ്കുമാര് വിലക്കിയതായി ആരോപണം. തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വമാണ് പത്തനാപുരം എംഎല്‍എക്കെതിരെ രംഗത്തുവന്നത്.
ഞായറാഴ്ച വൈകിട്ട് ഗോപുരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കെ.എന്‍ ബാലഗോപാലായിരുന്നു. എന്നാല്‍ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് തലവൂര്‍ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് ആരോപിക്കുന്നത്.
ഗണേഷ് കുമാറിന്റെ പേരുള്ള അയ്യായിരത്തോളം നോട്ടീസ് അച്ചടിച്ചിരുന്നങ്കിലും താന്‍ വരില്ലെന്നും ഇത് വിതരണം ചെയ്യരുതെന്നും എംഎല്‍എ പറഞ്ഞതായി ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് പറഞ്ഞു. ഒടുവില്‍ മന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് തന്ത്രി കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റിയാണ് നിര്‍വ്വഹിച്ചത്. മനോഹരമായി പണികഴിപ്പിച്ച ക്ഷേത്ര ഗോപുര വാതില്‍ ഗജവീരന് ഇളമ്പള്ളൂര്‍ കൊച്ചു ഗണേശന് തള്ളി തുറന്നതോടെ ഭക്തരുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: