അഗളി: അട്ടപ്പാടിയില്‍ വനവാസിയുടെ മൃതദ്ദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ബന്ധുക്കള്‍ ആശുപത്രിയില്‍ കാത്തിരുന്നത് മൂന്ന് മണിക്കൂറിലധികം. കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഷോളയൂര്‍ വെച്ചപ്പതി സ്വദേശി രംഗസ്വാമിയുടെ മൃതദ്ദേഹമാണ് അഗളി ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഊരിലെത്തിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ ദുരിതത്തിലായത്.
രംഗസ്വാമിയുടെ മൃതദ്ദേഹം ഞായറാഴ്ച വൈകിട്ടാണ് അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് മുമ്പായി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദ്ദേഹം കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ആംബുലന്‍സില്ലെന്ന് വിവരം അറിഞ്ഞത്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എട്ട് ആംബുലന്‍സുകളുണ്ടെങ്കിലും ഇന്ധനം നിറക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ പല വാഹനങ്ങളും കട്ടപ്പുറത്താണ്.
മറ്റൊരു ഊരിലേക്ക് പോയിരിക്കുന്ന ആംബുലന്‍സ് മടങ്ങിയെത്തതിന് ശേഷം മാത്രമേ മൃതദ്ദേഹം കൊണ്ട് പോകാനാവൂ എന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിച്ചു. പട്ടിക വര്‍ഗക്ഷേമ വകുപ്പിനെ വിളിച്ചെങ്കിലും രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് മാത്രമേ നിലവിലുള്ളൂ എന്നതായിരുന്നു മറുപടി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടിയില്‍ വാഹനം കടന്നുപോകാന്‍ സൗകര്യമില്ലാത്തതിനാല്‍ നവജാത ശിശുവിന്റെ മൃതദേഹവും ചുമന്ന് അച്ഛന് കനത്തമഴയില്‍ നാല് കിലോമീറ്ററോളം നടന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആംബുലന്‍സില്ലാതെ മൃതദ്ദേഹം കൊണ്ട് പോകാനാവാതെ മണിക്കൂറോളം കാത്തിരിക്കേണ്ട ദുരാവസ്ഥയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: