ചെന്നൈ : തമിഴ്നാട് ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആര്.എന്‍. രവിയുമായി കൂടിക്കാഴ്ച നടത്തി നടന് രജനീകാന്ത്. രാജ്ഭവനില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കണ്ട് ചര്‍ച്ച നടത്തിയത്.
ദേശീയ വിദ്യാഭ്യാസനയമടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രജനീകാന്തിന്റെ കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും നടത്തിയ ചര്‍ച്ചയില്‍ തമിഴ്നാടിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി എന്തുംചെയ്യാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് രജനീകാന്ത് പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആത്മീയകാര്യങ്ങളില്‍ വലിയ താത്പര്യമുള്ള അദ്ദേഹവുമായി ഈ വിഷയത്തിലും സംസാരിച്ചു. എന്നാല്‍ ഗവര്‍ണറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തെന്ന് നടന് പറഞ്ഞെങ്കിലും അതിനെ കുറിച്ച് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.
അതേസമയം താനിപ്പോള്‍ രാാഷ്ട്രീയത്തിലേക്കിറങ്ങാന് ഉദ്ദേശിക്കുന്നില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി രജനീകാന്ത് ആദ്യം വെളിപ്പെടുത്തിയതാണ്. എന്നാല്‍ പിന്നീട് കോവിഡ് വ്യാപിക്കുകയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായതോടെ രജനീകാന്ത് തന്നെ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: