Categories: Kerala

ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം; സമരക്കരുത്തായി കീഴരിയൂര്‍ ബോംബ് സ്‌ഫോടനം

ക്വിറ്റ് ഇന്ത്യ ആഹ്വാനം ഏറ്റെടുത്ത് അമേരിക്ക വിട്ട് നാട്ടിലെത്തിയ സോഷ്യലിസ്റ്റ് കെ.ബി. മേനോന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് അവര്‍ അത് തീരുമാനിച്ചത്. സമരത്തിന് മൂന്ന് മാസം തികയുന്ന നവംബര്‍ 9ന് എല്ലായിടത്തും ബോംബ് പൊട്ടണം. രഹസ്യയോഗം നടന്ന ചാലപ്പുറത്തെ വേര്‍ക്കോട്ട് രാഘവന്‍ നായരുടെ വീടും ബോംബ് നിര്‍മ്മിച്ച കീഴരിയൂരിലെ തൈക്കണ്ടിമീത്തല്‍ വീടും കൂന്തങ്കല്ലുള്ളതില്‍ വീടും ബോംബ് പരീക്ഷിച്ച മാവട്ടുമലയില്‍ കാടും സമരസ്മരണകളിലെ ത്രസിപ്പിക്കുന്ന ഇടങ്ങളാണ്.

ന്ന് നെല്ല്യാടിപ്പുഴയ്‌ക്ക് കുറുകെ പാലമുണ്ടായിരുന്നില്ല. പുഴയ്‌ക്ക് അക്കരെ കീഴരിയൂരില്‍ ആസൂത്രണം ചെയ്ത് 1942 നവംബര്‍ 17ന് കോഴിക്കോട് ജില്ലയിലെ പലഭാഗങ്ങളിലായി  ഒരേ സമയം നടപ്പാക്കിയ ബോംബ് സ്‌ഫോടനങ്ങള്‍ ബ്രീട്ടീഷ് ആധിപത്യത്തെ ഞെട്ടിച്ചത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലെ ഏറ്റവും ചൂടേറിയ അധ്യായമാണ്.  

ക്വിറ്റ് ഇന്ത്യ ആഹ്വാനം ഏറ്റെടുത്ത് അമേരിക്ക വിട്ട് നാട്ടിലെത്തിയ സോഷ്യലിസ്റ്റ് കെ.ബി. മേനോന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് അവര്‍ അത് തീരുമാനിച്ചത്. സമരത്തിന് മൂന്ന് മാസം തികയുന്ന നവംബര്‍ 9ന് എല്ലായിടത്തും ബോംബ് പൊട്ടണം. രഹസ്യയോഗം നടന്ന ചാലപ്പുറത്തെ വേര്‍ക്കോട്ട് രാഘവന്‍ നായരുടെ വീടും ബോംബ് നിര്‍മ്മിച്ച കീഴരിയൂരിലെ തൈക്കണ്ടിമീത്തല്‍ വീടും കൂന്തങ്കല്ലുള്ളതില്‍ വീടും ബോംബ് പരീക്ഷിച്ച മാവട്ടുമലയില്‍ കാടും സമരസ്മരണകളിലെ ത്രസിപ്പിക്കുന്ന ഇടങ്ങളാണ്. പന്തലായിനികൊല്ലത്തെ ചര്‍ക്ക ക്ലബ്ബിലിരുന്ന് അവര്‍ അവസാന ആസൂത്രണം നടത്തി. സമരകാലത്തെ പോലീസ്‌കണ്ണുകളെ കബളിപ്പിച്ച് വെടിമരുന്ന് കൊണ്ടുവരാന്‍ കൊയപ്പള്ളി നാരായണന്‍ മുംബൈക്ക് വണ്ടികയറി. അരുണ ആസഫലിക്കൊപ്പമുള്ള പോരാളികളില്‍ നിന്ന് നാല്പതുകിലോ വെടിമരുന്നും തിര നിറച്ച റിവോള്‍വറുമായി നാരായണന്‍ മടങ്ങി. കീഴരിയൂര്‍ കുനിയില്‍ ചങ്കരന്റെ തൈക്കണ്ടി മീത്തല്‍ വീട്ടില്‍ നാരായണനും ആലീസ് കരുണാകരന്‍നായരും ബോംബ് നിര്‍മ്മാണം തുടങ്ങി.  കുനിയില്‍ കുഞ്ഞിരാമനും അച്ചുതനും സഹായികളായി. തേങ്ങ മോഷ്ടിക്കാനെത്തിയവര്‍ വീട്ടില്‍ ആള്‍പെരുമാറ്റം കണ്ട് നാട്ടില്‍ പാട്ടാക്കിയതോടെ ഇടം മാറ്റി. നിര്‍മ്മാണം വൈകിയതുകൊണ്ട് സ്‌ഫോടനം നവംബര്‍ 17ലേക്ക് മാറ്റി.  

പള്ളിക്കുന്ന് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, പാട്യം വില്ലേജ് ഓഫീസ്, കീഴ്‌ത്തള്ളി വില്ലേജ് ഓഫീസ്, തലശ്ശേരി പാത്തിപ്പാലം, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, കോഴിക്കോട്ട് മദ്രാസ് ഗവര്‍ണര്‍ പ്രസംഗിക്കുന്ന പന്തല്‍, കല്ലായി റെയില്‍വേ സ്റ്റേഷന്‍, കല്ലായി മരവ്യവസായ കേന്ദ്രം, മലാപ്പറമ്പ് ഗോള്‍ഫ് ക്ലബ്ബ്, പാലക്കാട് വിക്ടോറിയ കോളജ് ലാബ് എന്നിവിടങ്ങളില്‍ ഒരേ സമയം സ്ഫോടനമുണ്ടായി. അന്നുതന്നെ ചേമേഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസും ചെറുവണ്ണൂര്‍ റെയില്‍വെ സ്റ്റേഷനും കൊത്തല്ലൂര്‍ കുന്നത്തറ അംശക്കച്ചേരിയും തീവച്ചു, ഉള്ളിയേരി പാലം തകര്‍ത്തു, ടെലഗ്രാഫ് ലൈന്‍ മുറിച്ചുമാറ്റി.

സ്ഫോടനങ്ങളില്‍ വിറച്ചുപോയ ബ്രിട്ടീഷ് പോലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു പിന്നെ. പ്രഭവകേന്ദ്രമായ കീഴരിയൂരില്‍ പോലീസ് തേര്‍വാഴ്ച നടത്തി. ഡോ.കെ.ബി. മേനോന്‍, മത്തായി മാഞ്ഞൂരാന്‍, കേളപ്പജിയുടെ മകന്‍ ടി.പി. കുഞ്ഞിരാമകിടാവ്, സി.പി. ശങ്കരന്‍ നായര്‍, വി.എ. കേശവന്‍ നായര്‍, ഡി. ജയദേവ റാവു തുടങ്ങി 32 നേതാക്കളുടെ പേരില്‍ കേസെടുത്തു.  മാഞ്ഞൂരാന്‍, കുഞ്ഞിരാമകിടാവ്, എം.എ. സദാനന്ദന്‍, ഒ. ചോയിക്കുട്ടി, വേര്‍ക്കോട്ട് രാഘവക്കുറുപ്പ് എന്നിവര്‍  പിടികൊടുത്തില്ല. മറ്റുള്ളവരില്‍ 12 പേര്‍ക്ക് ഏഴ് കൊല്ലവും ഒരാള്‍ക്ക് 10 കൊല്ലവും കഠിനതടവ് വിധിച്ചു. രണ്ടുവര്‍ഷം നീണ്ട ഈ കേസ് ദേശീയ സമരചരിത്രത്തില്‍ കീഴരിയൂര്‍ ബോംബ് കേസ് എന്ന് അടയാളപ്പെടുത്തി. കേസിനെ കുറിച്ച് അന്വേഷിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് കെ.ബി. മേനോന് കത്തെഴുതിയത് ചരിത്രം. കീഴരിയൂരില്‍ ഓര്‍മ്മയ്‌ക്കായി സ്മാരകസ്തൂപവും  ഹാളുമുണ്ട്….

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക