ന്യൂദല്‍ഹി: ഐഎസ്ഐഎസ് രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹിയിലെ ബത്ല ഹൗസില്‍ നിന്നും ഐഎന്‍എ അറസ്റ്റ് ചെയ്ത മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥി. എന്‍ ഐഎ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.
ദല്‍ഹി ബത്ല ഹൗസിലെ ജോഗബായി എക്സ്റ്റെന്‍ഷനില്‍ താമസിച്ചിരുന്ന മൊഹ്സിന്‍ അഹമ്മദ് ഖാന് ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും ഐഎസ് അനുഭാവികളില്‍ നിന്നും പണം പിരിച്ചശേഷം ക്രിപ്റ്റോകറന്‍സിയില്‍ സിറിയയിലേക്ക് അയച്ചുകൊടുക്കുന്നതായി ഐഎന്‍എ കണ്ടെത്തി. ക്രിപ്റ്റോ കറന്‍സി ഭീകരവാദികളുടെ പണമിടപാടുകള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പിന് രഹസ്യറിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഭീകരര്‍ ഇന്ത്യയില്‍ നിന്നും ക്രിപ്റ്റോ എക്സ് ചേഞ്ചുകള്‍ ഉപയോഗപെടുത്തി ഏത് കറന്‍സിയിലുള്ള പണവും ക്രിപ്റ്റോ ആക്കി മാറ്റുന്നുണ്ടെന്നും അത് ഇന്ത്യയ്ക്ക് പുറത്തേക്ക് അയയ്ക്കുന്നു എന്നുമുള്ള സംശയം കൂടുതല്‍ ബലപ്പെടുകയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
ആരൊക്കയൊണ് മൊഹ്സിന്‍ അഹമ്മദ് ഖാന് സഹായം ചെയ്തുകൊടുക്കുന്നതെന്ന് അന്വേഷിക്കുകയാണ് എന്‍ഐഎ. ബീഹാര്‍ തലസ്ഥാനമായ പട് നയില്‍ നിന്നാണ് മൊഹ്സിന്‍ അഹമ്മദ് ഖാന് വരുന്നത്. ജാമിയ എഞ്ചിനീയറിംഗ് കോളെജിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ മൊഹ്സിന്‍ അഹമ്മദ് ഖാനെതിരായ ആരോപണം തെറ്റാണെന്ന് കുടുംബം വാദിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയിലാണ് മൊഹ്സിന്‍ അഹമ്മദ് ഖാന്റെ പിതാവ് ജോലി ചെയ്യുന്നത്. മൂന്ന് സഹോദരിമാരുണ്ട്. തന്നോട് മൊഹ്സിന്‍ 4000 രൂപ ചോദിച്ചെന്നും അതിനര്‍ത്ഥം മൊഹ് സിന്റെ കയ്യിന് മതിയായ പണമില്ലെന്നാണെന്ന് സഹോദരിമാരില്‍ ഒരാള്‍ പറയുന്നു. പാവങ്ങള്‍ക്ക് ഭക്ഷണവും മറ്റും നല്കുന്ന രക്ഷകനായ ഒരാളായാണ് ബന്ധുക്കള്‍ മൊഹ് സിനെ കാണുന്നത്.
ഓണ്‍ലൈനിലും പുറത്തും ഐഎസ് ഐഎസുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മൊഹ് സിന് എന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍.
മൊഹ്സിനെതിരെ എന്‍ഐഎ ജൂലായ് 25ന് സ്വമേധയാ കേസെടുത്തിരുന്നു. 153എ, 153ബി എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പകളനുസരിച്ചായിരുന്നു കേസെടുത്തിരുന്നത്. യുഎപിഎയിലെ വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തിരുന്നു.
ഐഎസ് ഐഎസ് തീവ്രവാദ രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ ഐഎ 13 നഗരങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശിലെ ഭോപാല്‍, ബീഹാറിലെ ആരിയ ജില്ല, കര്‍ണ്ണാടക, മഹാരാഷ്ട്രയിലെ കോലാപൂര്‍, നാന്ദെദ് ജില്ല, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഗുജറാത്തില്‍ ബറൂച്ച്, സൂറത്ത്, നവ് സാരി, അഹമ്മദാബാദ് ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. നിരവധി രഹസ്യരേഖകള്‍ കണ്ടെത്തിയതായി പറയുന്നു.
ദല്‍ഹിയില്‍ ഒഖ് ലയില്‍ ജാമിയ നഗറിനടത്തുള്ള ഫ്ലാറ്റായ ബത്ല ഹൗസ് നേരത്തെയും തീവ്രവാദ കേസുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഇവിടെയാണ് 2008ല്‍ ഇന്ത്യന്‍ മുജാഹിദീനില്‍പ്പെട്ട തീവ്രവാദികള്‍ ദല്‍ഹിപൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദികളെ പിടിക്കാനുള്ള നീക്കത്തില്‍ രണ്ട് തീവ്രവാദികളും ദല്‍ഹി പൊലീസിലെ ഒരു ഓഫീസറും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: