Categories: Sports

കോമണ്‍വെല്‍ത്തില്‍ ഇരട്ടനേട്ടവുമായി മലയാളി താരങ്ങള്‍; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ ഒന്നാം സ്ഥാനത്ത്, വെള്ളി അബ്ദുള്ള അബൂബക്കറിന്‌

ആദ്യ ശ്രമത്തില്‍ പെരിഞ്ചീഫായിരുന്നു മുന്നിലെത്തിയത്. എന്നാല്‍ 14.62 മീറ്റര്‍ മാത്രമാണ് തുടക്കത്തില്‍ എല്‍ദോസിന് കണ്ടെത്താനായത്.

Published by

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുന്നത് അതും മറ്റൊരു ഇന്ത്യന്‍ താരത്തെ തന്നെ പിന്നിലാക്കിക്കൊണ്ടാണ് ഈ നേട്ടം കൊയ്തിരിക്കുന്നത്.  

17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ മത്സരത്തില്‍ നാലാം സ്ഥാനത്ത് എത്തി.

ആദ്യ ശ്രമത്തില്‍ പെരിഞ്ചീഫായിരുന്നു മുന്നിലെത്തിയത്. എന്നാല്‍ 14.62 മീറ്റര്‍ മാത്രമാണ് തുടക്കത്തില്‍ എല്‍ദോസിന് കണ്ടെത്താനായത്. പിന്നീട് മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് 17.03 മീറ്റര്‍ കണ്ടെത്തി സ്വര്‍ണ്ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ 16 ാം സ്വര്‍ണമാണ് എല്‍ദോസ് നേടിയത്.  

അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. ഇരുവരും മാത്രമാണ് മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടന്നത്. ഗെയിംസില്‍ ഇന്ത്യ ഇതുവരെ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക