ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ രൂപ കല്‍പ്പന ചെയ്ത കുഞ്ഞന്‍ റോക്കറ്റായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) വിക്ഷേപണം ആശങ്കയില്‍. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്ന്ല് ലഭിക്കുന്നില്ലെന്നാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്. ഞായറാഴ്ച രാവിലെ 9.18നാണ് എസ്എസ്എല്‍വി ശ്രീഹരിക്കോട്ടയില്‍യില്‍ നിന്നും രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്നത്.
എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം കൂടിയാണ് ഇത്. സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നും വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വി മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും. അവസാനഘട്ടത്തില്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും. അന്‍പത് സെക്കന്റുകള്‍ കൂടി പിന്നിടുമ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന് കണ്ട്രോള് റൂം അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഉപഗ്രഹത്തില്‍ നിന്നും സിഗ്നലുകള്‍ ലഭിക്കാതെ വരികയായിരുന്നു. ഐഎസ്ആര്‍ഒ തലവന്‍ സോമനാഥ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പ്പന ചെയ്തതാണ് എസ്എസ്എല്‍വി.
മൈക്രോസാറ്റ് ശ്രേണിയില്‍പ്പെട്ട ഇഒഎസ്2 ഭൗമനിരീക്ഷണത്തിനും ഗവേഷണത്തിനുമായുള്ളതാണ്. ഭാവിയില്‍ ഈ ഓര്‍ബിറ്റില്‍ നമ്മള് സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാല ഉപഗ്രഹങ്ങള്‍ക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും. വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തിന്റെ ഭാരം വെറും എട്ട് കിലോഗ്രാം ആണ്. ഹാം റേഡിയോ ട്രാന്‍സ്മിറ്റര്‍, റേഡിയേഷന് കൗണ്ടര്‍ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: