പ്രൊഫ: ഡി.അരവിന്ദാക്ഷന്
കേരളത്തില്‍ രണ്ടുതവണ ധനമന്ത്രിയായിരുന്ന റ്റി.എം. തോമസ് ഐസക്കിനെ കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ചോദ്യം ചെയ്യാനായി രണ്ടാം തവണയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് നോട്ടീസ് നല്കി വിളിച്ചത്. ഈ മാസം 11 നാണ് തോമസ് ഐസക്ക് രേഖകളുമായി തെളിവെടുപ്പിന് ഹാജരാകേണ്ടത്. പത്ര സമ്മേളനം നടത്തി ആദ്യം ഹാജരാകും എന്നുപറഞ്ഞ ഐസക്ക് പിന്നീട് ഇ ഡിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നിയമപരമായി ഏതൊരു പൗരനും ഇ ഡിക്കെതിരെ ഉന്നതാധികാര കോടതികളെ സമീപിക്കാവുന്നതാണ്. അങ്ങനെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. നാഷണല്‍ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും കേസ് റദ്ദാക്കുന്നതിനായി പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിച്ചതാണ്. എന്നാല്‍ കോടതി കേസ് റദ്ദാക്കിയില്ല. അടുത്തിടെ ഇ ഡിയുടെ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതിയുടെ 545 പേജുകളുള്ള സുപ്രധാനവിധി പുറത്തുവന്നു. അപ്രകാരം ഇ ഡിക്ക് കേസിലെ പ്രതികളെ ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ഇ ഡി കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് മുതല്‍ കൂട്ടുകയാണ് ചെയ്യുന്നത്.
1947 ലെ വിദേശനാണയ വിനിമയ നിയന്ത്രണ നിയമപ്രകാരം 1956 മേയ് 1 നാണ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് എന്നപേരില്‍ ആദ്യമായി ഇ ഡി രൂപംകൊള്ളുന്നത്. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നു പേരുമാറ്റി. 1999-ലെ വിദേശനാണയ വിനിമയ നിയന്ത്രണനിയമവും 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും നടപ്പാക്കുകയാണ് ഇ ഡിയുടെ ഉത്തരവാദിത്വം. സാമ്പത്തിക കുറ്റങ്ങള്‍ നിയമം മൂലം തടയുക എന്നുള്ളത് ഇ ഡിയുടെ ചുമതലയാണ്. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടും ഇ ഡി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.
കിഫ്ബി മസാലബോണ്ട് നല്കി കാനഡയിലെ ലാവലിനുമായി ബന്ധമുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്നും 2150 കോടിരൂപ കടമെടുത്തത് സംബന്ധിച്ചാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ തെളിവെടുപ്പിനായി നോട്ടീസ് നല്കി രണ്ടാം തവണയും ഇ ഡി വിളിപ്പിച്ചിട്ടുള്ളത്. കിഫ്ബിയെ സംബന്ധിച്ച തോമസ് ഐസക്കിന്റെ വാദങ്ങള്‍ ഭരണഘടനാസ്ഥാപനമായ കംപ്ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ (സിഎജി) നിരസിച്ചിട്ടുള്ളതാണ്. ഇതു സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തോമസ് ഐസക്ക് കേരളാനിയമസഭയില് പ്രമേയം അവതരിപ്പിക്കുകയും സഭ അത് പാസാക്കുകയും ചെയ്തു. ഇല്ലാത്ത അധികാരമാണ് നിയമസഭ ഉപയോഗിച്ചതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത അധികാരങ്ങളെകുറിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച അന്നത്തെ ധനമന്ത്രി ഐസക്ക് ചെയ്തത് ഗുരുതര ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. അതിനദ്ദേഹം വിചാരണ നേരിടേണ്ടി വരും. ഇതു സംബന്ധിച്ച കാര്യങ്ങളും ഇ ഡി യുടെ അന്വേഷണ പരിധിയിലുണ്ടാകും. കിഫ്ബി ഒരു ബോഡി കോര്‍പ്പറേറ്റ് ആണെന്ന് അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് വളരെ തെറ്റാണ്. കിഫ്ബിയുടെ രൂപീകരണത്തിനുവേണ്ടി പാസാക്കിയ 1999-ലെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ആക്ട് പ്രകാരം കേരളാ സര്‍ക്കാരിന് ബോഡി കോര്‍പ്പറേറ്റ് രൂപീകരിക്കാന്‍ കഴിയില്ല. 2016-ല്‍ ഈ നിയമം ഭേദഗതി ചെയ്തപ്പോഴും ബോഡി കോര്‍പ്പറേറ്റ് രൂപീകരിക്കാനുള്ള അധികാരം കേരളാ സര്‍ക്കാരിന് ലഭിക്കില്ല. ബോഡി കോര്‍പ്പറേറ്റ് രൂപീകരിക്കാനുള്ള അധികാരം 2013-ലെ കമ്പനി നിയമപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മാത്രമാണുള്ളത്. കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കമ്പനികളും രജിസ്ട്രാര്‍ ഓഫ് കമ്പിനിക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
ബോഡി കോര്‍പ്പറേറ്റ് എന്നാല്‍ കമ്പനി നിയമം സെക്ഷന്‍ 2(11) പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളാണ്. അതല്ലാതെ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമം മൂലം നിലവില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ക്ക് ബോഡി കോര്‍പ്പറേറ്റ് അംഗീകാരം നല്കാന് കേന്ദ്രസര്‍ക്കാരിന്റെ കമ്പനിനിയമം വകുപ്പ് 2(11) പ്രകാരം വിജ്ഞാപനം വേണം. കിഫ്ബി നാളിതുവരെ ബോഡി കോര്‍പ്പറേറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടത്തിയിട്ടില്ല. അതിനാലാണ് സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇ ഡി കിഫ്ബിക്കെതിരെ കേസെടുത്തിട്ടുള്ളത്.
പാര്‍ലമെന്റ് അംഗീകരിച്ച 15-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശപ്രകാരം നിയമസഭ പാസാക്കുന്ന ബജറ്റിന് പുറത്ത് സംസ്ഥാനസര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും പണം കടമെടുക്കാന്‍ അധികാരമില്ല. അപ്പോള്‍ ബജറ്റിന് പുറത്ത് കിഫ്ബിയും പെന്ഷന് കമ്പനിയും പണം കടമെടുത്തത് ഗുരുതര നിയമലംഘനമാണ്. ഇതുതന്നെയാണ് സിഎജി ആഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് സിഎജിയുടെ ഭരണഘടനാ ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നിയമം പാലിക്കുന്നുണ്ടോ, ധനകാര്യ അച്ചടക്കം പാലിക്കുന്നുണ്ടോ? പൊതുനന്മയെ കരുതിയാണോ പണം ചെലവിടുന്നത് എന്ന് പരിശോധിച്ച് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിഎജി എന്ന ഭരണഘടനാസ്ഥാപനം രൂപീകരിച്ചിട്ടുള്ളത്. സിഎജി ഈ കടമ നിര്വ്വഹിക്കുമ്പോള് അവരെ കുറ്റം പറയുന്ന രാഷ്ട്രീയ നേതൃത്വം ചെയ്യുന്നത് രാജ്യതാല്പര്യത്തിനെതിരായ കാര്യങ്ങളാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് സിഎജി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ട്.
എന്നാല്‍ ഈ കാര്യങ്ങളില്‍ നിയമവിരുദ്ധമായ നിലപാടുകളാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും കേരളസര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. ബോഡി കോര്‍പ്പറേറ്റ് അല്ലാത്ത കിഫ്ബിയുടെ മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുകൊണ്ട് മണിയടിച്ച മുഖ്യമന്ത്രിയുടെ നടപടി ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാത്ത കേരള സര്‍ക്കാരിന്റെ ഒരു സ്ഥാപനം വിദേശത്തുള്ള ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു എന്നുപറയുന്നത് തികച്ചും അസ്വാഭാവികമാണ്. കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും കമ്പനിക്കാര് ഇന്ത്യയിലും പുറത്തുമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തതായി അറിവില്ല. അപ്പോള്‍ കിഫ്ബിയുടെ മസാലബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന്റെ കാരണങ്ങള്‍ ഇ ഡി മുമ്പാകെ തോമസ് ഐസക് വ്യക്തമാക്കേണ്ടിവരും. ഇ ഡിക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുന്നില്ലെങ്കില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കോടതികളില്‍ ഹാജരാക്കേണ്ടി വരും. കോടതി നിര്‍ദ്ദേശപ്രകാരം തോമസ് ഐസക്കിന് ഇ ഡി മുമ്പാകെ നിയമപ്രകാരം ഹാജരാകേണ്ടിവരും.
മന്ത്രിയായിരുന്നപ്പോള്‍ ഐസക്ക് ഇ ഡിക്കെതിരെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പത്രമാധ്യമങ്ങളിലും ബന്ധപ്പെട്ട രേഖകളിലും ഉണ്ടാകും. അന്നദ്ദേഹം പറഞ്ഞത് ഇ ഡിയെ കേരളാ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്നാണ്. ഇ ഡിക്കെതിരെ കേരളാ ക്രൈംബ്രാഞ്ച് സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വനിതാ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ എടുക്കുകയും ചെയ്തു. ഈ കേസുകള്‍ ഉന്നതാധികാര കോടതികളില്‍ നിലനിന്നില്ല. അപ്പോഴാണ് കേരള സര്‍ക്കാര്‍ വിരമിച്ച ജസ്റ്റീസ് വി.കെ.മോഹനനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്. ഇ ഡിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കേരള ഹൈക്കോടതി തടഞ്ഞു.
ഈ സാഹചര്യത്തിലാണ് ഇ ഡിയുടെ അധികാരങ്ങളെകുറിച്ച് സുപ്രീംകോടതിയുടെ 545 പേജുള്ള വിധി വന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ, രാഹുല്‍, വോറ, സാംപിത്രോഡ തുടങ്ങിയവരും, മഹാരാഷ്ട്രയിലെ മുന്‍മന്ത്രി നവാബ് മാലിക്ക്, ബംഗാളിലെ മന്ത്രി പാര്‍ത്ഥാചാറ്റര്‍ജി കേരളത്തിലെ മുന്‍മന്ത്രി തോമസ് ഐസക്ക് എന്നിവരും വിചാരണ നേരിടേണ്ടിവരും. വിദേശനാണയ വിനിമയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് കിഫ്ബിക്കെതിരെ സിഎജിയും ഇ ഡിയും കണ്ടെത്തിയിട്ടുള്ളത്. കാനഡയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മസാല ബോണ്ട് നല്കി 2150 കോടി കടമെടുത്ത കേസാണ് ഇ ഡി അന്വേഷിക്കുന്നത്. മൂന്നിരട്ടി പിഴയടച്ചാല്‍ തീരുന്ന കേസല്ല ഇത്. ഭരണഘടനാലംഘനവും നിയമലംഘനവും നടത്തിയ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടി വരും. അതാണ് ഇ ഡിയുടെ അധികാരങ്ങളെ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ കാതല്‍.
കേസിനെ രാഷ്ട്രീയമായി നേരിടും എന്ന് തോമസ്ഐസക്ക് പറയുന്നത് വളരെ തെറ്റാണ്. സിഎജിയും, ഇ ഡിയും രാഷ്ട്രീയപാര്‍ട്ടികളല്ല. ഇ ഡി അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് ബന്ധപ്പെട്ട കോടതികളിലാണ്. ഭാരതത്തിലെ നീതിന്യായ സംവിധാനം കുറ്റമറ്റതാണെന്നും വിലയിരുത്തപ്പെടുന്നു. ജനപ്രാതിനിധ്യപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കുറ്റക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ നിയമപരമായും ധാര്‍മികമായും കടമയില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതും രാജ്യവിരുദ്ധ പ്രവര്‍ത്തനവുമാണ്.
മസാലബോണ്ട് നല്കി വിദേശത്തുനിന്നും കിഫ്ബിക്കുവേണ്ടി പണം കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് ആക്സിസ് ബാങ്കിനു നല്കിയ എന്‍ഒസി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെയുള്ള എന്‍ഒസി നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്മാരും നിയമപരമായി നടപടികള്‍ നേരിടേണ്ടി വരും. ജനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണവും വോട്ടും നല്കി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് കള്ളപ്പണം സമ്പാദിക്കാനല്ല. അതിനാല്‍ ഇ ഡിയുടെ പ്രവര്‍ത്തനം മാതൃകാപരവും ശ്ലാഘനീയവും അത്യന്താപേക്ഷിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: