ഒരു പഴയ ലോകത്തേക്ക് പോയി. ആ അന്തരീക്ഷത്തില്‍ രണ്ടുനാള്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കുമെന്ന അനുഭവം കഴിഞ്ഞയാഴ്ചയുണ്ടായി. മുക്കാല്‍ നൂറ്റാണ്ടിനു മുന്‍പ് നിലവിലിരുന്ന രാജവാഴ്ചക്കാലത്തെ ഓര്‍മയുള്ളവരുടെ തലമുറകള്‍ അവസാനിച്ചുവരികയാണല്ലോ. അന്നത്തെ പല കാര്യങ്ങളും ഇടക്കിടെ മനസ്സിലുയര്ന്നുവരാറുണ്ട്. അക്കാര്യങ്ങള്‍ കേരളത്തിലെ തിരുവിതാംകൂര്‍-കൊച്ചി ഭാഗത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മലബാറുകാര്‍ക്ക് അതു സാധ്യമാവില്ല. ഓട്ടമുക്കാല് എന്ന നാണയപ്പേര് ഒരു ശൈലിയാണ്. മലബാറില്‍ മൂന്നു പൈ അല്ലെങ്കില്‍ കാലണമൂല്യമുള്ള ആ നാണയം തിരുവിതാംകൂറില്‍ അജ്ഞാതമായിരുന്നു മിക്കവാറും. അവിടത്തെ നാണയത്തിന് ചക്രമെന്നുപേര്. അതിന്റെ പതിനാറിലൊരു ഭാഗം വിലയുള്ള ചില്ലിക്കാശ് ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയമായിരുന്നു. ഒരു രൂപയ്ക്ക് 448 കാശുവേണ്ടിവരും. മലബാറിലെ ഒരു രൂപയ്ക്ക് 192 പൈസയാണുമൂല്യം.
തിരുവിതാംകൂറുകാര്‍ 1936 നുശേഷം മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു. ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ പല നടപടികളും ഭരണാധികാരത്തെ ധിക്കരിക്കുന്നവയും ക്രൈസ്തവ നശീകരണോന്മുഖവുമാണെന്ന് അഭിപ്രായപ്പെട്ട്, കൂട്ടമായി മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു. അങ്ങനെ വരുന്നവരുടെ സംഭാഷണശൈലി മലബാറുകാര്‍ക്കു രസകരമായിരുന്നു. ‘ചേട്ടാ’ വിളി അവിടെ പുതുമയും ക്രിസ്ത്യന്‍ ഐഡന്റിറ്റിയുടെ ലക്ഷണവുമായി കരുതപ്പെട്ടു. ചേട്ടന്മാര് എന്ന് തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ക്കു പേരു വന്നു. ആലുവയില്‍ വന്നു വണ്ടികയറി കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള സ്റ്റേഷനിലിറങ്ങിയാലും അവരുടെ മലബാര്‍ തുടങ്ങില്ല. തങ്ങള്‍ വാങ്ങിയ സ്ഥലത്തെത്തണമതിന്. ”എന്റെ ചേട്ടാ പോരുമ്പം ചക്രമില്ലാതെ കറങ്ങിപ്പോയി. വണ്ടിക്കു ഷൊര്‍ണൂര്‍ വരെയേ ചക്രമൊണ്ടായിരുന്നുള്ളൂ. പിന്നെ ചക്രമില്ലാതെയാ പോന്നത്” എന്നു പറഞ്ഞാല്‍ ആദ്യം ഒന്നമ്പരക്കുമെങ്കിലും സംഗതി മനസ്സിലാകുമായിരുന്നു. ഇന്ന് മലബാറിന്റെ സാമ്പത്തിക വിദ്യാഭ്യാസാഭിവൃദ്ധിക്കു പിന്നില്‍ ചക്രമില്ലാതെ വന്നവരുടെ കഠിനാധ്വാനവും ജ്ഞാനസമ്പാദനൗത്സുക്യവുമാണ് പ്രവര്‍ത്തിച്ചത്.
കഴിഞ്ഞയാഴ്ചയില്‍ തേക്കടിയിലെ പെരിയാര്‍ തടാകക്കരയിലെ ലേക് പാലസ് എന്ന പഴയ കെട്ടിടത്തില്‍ പോയി രണ്ടു ദിവസം കഴിയാന്‍ അവസരമുണ്ടായി. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് അധികാരമേല്‍ക്കുന്നതിനു മുന്‍പ് രാജകുടുംബത്തിന്റെ വേനല്‍ക്കാല വസതിയായി നിര്മിച്ചതാണതെന്നു മനസ്സിലായി. തേക്കടിയിലെ ബോട്ടുകടവില് നിന്ന് മൂന്നു കി.മീ. അകലെ മനോഹരമായി സംവിധാനം ചെയ്ത സ്ഥലത്ത് നിര്‍മിക്കപ്പെട്ട കൊട്ടാരം, നാടന്‍ വസ്തുക്കളും നാടന്‍ വാസ്തുശൈലിയും ഉപയോഗിച്ചു നിര്‍മിക്കപ്പെട്ടതാണ്. കെടിഡിസിക്കാര്‍ അതേറ്റെടുത്ത് റിസോര്‍ട്ടാക്കി. കേരളക്കരയിലെ പഴയ ഭവനം തന്നെ. മൂന്നുകിടപ്പുമുറികളും അടുക്കളയും. വളപ്പിനു ചുറ്റും നടപ്പാതകളും, വന്യമൃഗ ശല്യമൊഴിവാക്കാന്‍ കിടങ്ങുകളുമുണ്ട്. ആ വളപ്പില്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ വളര്‍ന്നു വലുതായിരിക്കുന്നു. വരാന്തയിലോ പുല്‍ത്തകിടിയിലോ ഇരുന്നാല്‍ നാലു ചുറ്റുമുള്ള തടാകക്കാരയില്‍ മേഞ്ഞുനടക്കുന്ന മാനുകളെയും പക്ഷികളേയും കാണാം. വേനല്‍ക്കാലത്ത് ആനകളെയും കാണാനാവുമത്രേ. നമ്മുടെ നിയമസഭാധ്യക്ഷന് കുടുംബസഹിതം കൊട്ടാരത്തിലിരിക്കെ ഒരു സംഘം ആനകളെത്തിയിരുന്നതായി അവിടത്തെ ജോലിക്കാരില്നിന്നറിയാന് കഴിഞ്ഞു. ആനകള്‍ക്ക് ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല. ആ വളപ്പിലെ ഒരു പിലാവിന്മേലുണ്ടായിരുന്ന ചക്കകള്‍ പറിച്ചുതിന്ന് നേതാവിനെ ഒന്നു നോക്കുകപോലും ചെയ്യാതെ അവ മടങ്ങിപ്പോയത്രേ.
തടാകം ഏതാണ്ട് നിറഞ്ഞുകിടന്നതിനാല്‍ ഞങ്ങള്‍ക്കു മൃഗങ്ങളെ ഏറെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വേനല്‍ വന്നാല്‍ അവയെ സുലഭമായിക്കാണാനാവുമത്രേ. അടിയന്തരാവസ്ഥയ്ക്കുശേഷം തേക്കടിയില്‍ ബിജെപിയുടെ സംസ്ഥാന സമിതി ചേര്‍ന്ന സമയത്തെ ബോട്ടുയാത്രയില്‍ വെള്ളം താഴ്ന്ന സ്ഥിതിയിലായിരുന്നതിനാല്‍ ആനകളേയും പുലികളെയുമൊക്കെ കാണാമായിരുന്നു.
പാലസ്സിലെ ചെറുതെങ്കിലും നല്ല ഗ്രന്ഥശേഖരം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചുനോക്കി. ചരിത്രത്തിനു സാക്ഷ്യംവഹിക്കുന്ന ചില ഫോട്ടോകളും അവിടുത്തെ പൂമുഖത്ത് ഒരുക്കിയിരിക്കുന്നു. ശ്രീചിത്തിരതിരുനാളിന്റെയും അനുജന് മാര്‍ത്താണ്ഡവര്‍മ്മയുടെയും യുവാവസ്ഥയിലുള്ള ഫോട്ടോകള്‍ ഭംഗിയായി ഒരുക്കിയിരിക്കുന്നു. ദിവാന് സര് സി.പി. രാമസ്വാമി അയ്യരും സര് രാമസ്വാമി മുതലിയാരും മറ്റും മറ്റൊരു ചിത്രത്തിലുണ്ട്.
ഗ്രന്ഥശേഖരത്തില്‍ കൗതുകകരങ്ങളും വിജ്ഞാനപ്രദങ്ങളുമായ പുസ്തകങ്ങള്‍ ധാരാളമുണ്ട്. അവിടത്തെ അതിഥികള്‍ക്കു അവ യഥേഷ്ടം വായിക്കാന്‍ കഴിയും. കേരളത്തിലെ യഹൂദ സമുദായത്തിന്റെ ചരിത്രവും അവരിവിടത്തെ ജീവിതത്തില്‍ വഹിച്ച പങ്കും ജീവിതരീതികളും ആചാരങ്ങളും മനോഹരമായി ചിത്രങ്ങള്‍ സഹിതം അതില്‍ വിവരിക്കപ്പെടുന്നു. ഇസ്രേല്‍ ജനതയ്ക്കു അവരുടെ വാഗ്ദത്ത ഭൂമിയില്‍ മടങ്ങിയെത്താന്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു ശേഷം 1948 ല്‍ അവസരമുണ്ടായതിനെ തുടര്‍ന്നു കേരളത്തിലെ, പ്രത്യേകിച്ചും കൊച്ചിയിലെയും എറണാകുളത്തെയും യഹൂദന്മാര് മടങ്ങിയപ്പോയതിന്റെ വിവരങ്ങള്‍ അതിലുണ്ട്.
ആറേഴു നൂറ്റാണ്ടുകാലം കൊച്ചിയിലും മാളയിലും വടക്കന്‍ പറവൂരിലുമൊക്കെ താമസിച്ച യഹൂദ സമൂഹം തിരിച്ച് ഇസ്രേലിലെത്തി വാഗ്ദത്ത ഭൂമിയില്‍ താമസിക്കുന്നതും എത്ര ഭയങ്കരമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണെന്ന് ദിവസവും വരുന്ന വാര്‍ത്തകളില്‍നിന്നു നാമറിയുന്നു. ലോകത്താകമാനം ചിന്നിച്ചിതറിക്കഴിഞ്ഞ ഭൂതകാലത്ത് തങ്ങളെ സഹോദരതുല്യം സ്നേഹിച്ച് ആതിഥ്യമരുളിയത് കേരളത്തില്‍ മാത്രമാണെന്നവര്‍ നന്ദിയോടെ സ്മരിക്കുന്നു. മലയാള സാഹിത്യം ആസ്വദിക്കുകയും കവിതകളെഴുതുകയും ചെയ്യുന്ന തലമുറ ഇന്നുമവിടെയുണ്ടത്രേ. കൊടുങ്ങല്ലൂര്‍ വാണ ചേരമാന്‍ പെരുമാള്‍ അവിടെ അഞ്ചുവണ്ണം, മണിഗ്രാമം എന്നീ രണ്ടു വാണിജ്യസംഘങ്ങള്ക്ക് അനുമതി നല്കി, അവരുടെ തലവന്‍ വിശ്വപെരും ചെട്ടിയെന്ന സ്ഥാനപ്പേരു നല്കിയതും, കുത്തുവിളക്കും പിടിമൊന്തയും അനുവദിച്ചതും ശ്രദ്ധേയമായ സംഗതികളാണ്.
തടാകത്തിലെ ബോട്ടുയാത്രയും മറ്റു ചില അതിഥികളൊത്തുള്ള സല്ലാപങ്ങളുമൊക്കയായി നിറഞ്ഞ മനസ്സോടെ ഞങ്ങല്‍ വീട്ടിലേക്കു മടങ്ങി. മടങ്ങും വഴി, പീരുമേട്ടിനടുത്ത് മറ്റൊരു കൊട്ടാരവും സന്ദര്‍ശിക്കാന്‍ തുനിഞ്ഞു.
ശ്രീചിത്തിരതിരുനാള്‍ ഭരണമേറ്റെടുക്കുന്നതിന് മുന്‍പ് തിരുവിതാംകൂറില്‍ റീജന്റായിരുന്ന സേതുലക്ഷ്മീബായിയുടെ വാഴ്ചക്കാലത്തു ആണ്ടില്‍ മൂന്നുമാസക്കാലം പീരുമേട്ടിനടുത്തു അമ്മക്കൊട്ടാരമെന്നറിയപ്പെടുന്ന രാജകീയ വസതിയില്‍ അവര്‍ താമസിച്ചുവന്നു. ആ മൂന്നുമാസം അതു തിരുവിതാംകൂറിന്റെ വേനല്‍ക്കാല രാജധാനിയായി. ദിവാന്‍ജിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസിനും പട്ടാളത്തിനും താമസിക്കാനും മറ്റുമുള്ള ബംഗ്ലാവുകളും പരേഡ് ഗ്രൗണ്ടുകളും മറ്റുമായി അക്കാലം പീരുമേടിന് തിരുവനന്തപുരത്തിനു തുല്യമായ സ്ഥാനമുണ്ടായിരുന്നു. റീജന്‍സി ഭരണമവസാനിച്ചപ്പോള്‍ ശ്രീചിത്തിരതിരുനാള്‍ പീരുമേട്ടില്‍ വേറെ കൊട്ടാരങ്ങളും കോവിലുകളും മറ്റും ഉണ്ടാക്കി. മുന്‍ റാണി തിരുവനന്തപുരത്തേക്കും കുറേ വര്‍ഷങ്ങള്‍ക്കുശേഷം ബെംഗളൂര്ക്കും താമസം മാറി. പീരുമേട്ടിലെ അമ്മച്ചി കൊട്ടാരമനാഥമായി.
ഇന്നും അതു കാണാന്‍ ധാരാളം പേര് വരുന്നു. റാണി അതുകൈമാറിയെന്നു തോന്നുന്നു. വനംപോലത്തെ പത്തുനൂറേക്കര്‍ സ്ഥലത്തിനു മധ്യത്തിലുള്ള റോഡിലൂടെ വാഹനയാത്ര പ്രയാസമാണ്. കൊട്ടാരം ചോര്‍ന്നൊലിച്ചും പലയിടവും പൊടിഞ്ഞും, കുമ്മായം അടര്‍ന്നുവീണ മട്ടിലും കിടക്കുന്നു. അവിടെ ഒരു വൃദ്ധസ്ത്രീയും കുടുംബവും താമസമുണ്ട്. ദര്‍ബാര്‍ ഹാള്‍, പകിടശ്ശാല, പരാതി കേള്‍ക്കാനുള്ള സ്ഥലം, മുഖം കാണിക്കാന്‍ രാജ്ഞി നില്‍ക്കുന്നയിടം, പള്ളിക്കുറുപ്പുശാല, തിടപ്പള്ളി, ഭോജനശാല, നീരാട്ടുമുറി, വലിയ ആട്ടുകല്ല്, അരകല്ല് തുടങ്ങിയവയൊക്കെക്കാണാനുണ്ട്. ചലച്ചിത്ര നിര്‍മാതാക്കള്‍ ആ കെട്ടിടം പല ചിത്രങ്ങള്‍ക്കും വാടകക്കെടുത്ത് കൃത്രിമായി മോടിപിടിപ്പിച്ചതിന്റെ അവശിഷ്ടങ്ങളും കാണാനുണ്ട്. കൊട്ടാരവളപ്പിലൂടെ മാനുകള്‍ പാഞ്ഞുനടക്കുന്നു.
റീജന്റ് റാണിയുടെ പിന്മുറക്കാര്ക്കവിടെ ഇന്നു ഒട്ടും താല്‍പ്പര്യമില്ലെന്നാണറിയുന്നത്. സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ച് പുരാവസ്തു വകുപ്പിനോ സാംസ്കാരിക വകുപ്പിനോ അവിടെ ഇടപെടാന്‍ താല്പ്പര്യമുണ്ടാവാത്തതെന്താണാവോ?
പഴയ രാജകുടുംബങ്ങളുടെ നില കേരളത്തില്‍ എല്ലായിടത്തും സമാനമാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂര്‍വികരായ ചിറയ്ക്കല്‍ കോവിലകത്തുപോയാലും സമാനമാണവസ്ഥ. കേരളത്തിലെ തന്നെ ഏറ്റവും വിസ്തൃതമായ ചിറ അവിടത്തേതാണ്. ചുറ്റും ചെങ്കല്‍ കൊണ്ടു പടവുകളും കടവുകളുമുള്ള അതിമനോഹരമായ ആ ചിറ ഇന്നു ദയനീയ സ്ഥിതിയിലാണ്.
കേരളത്തിലെ രാജക്കന്മാരെ പോലെ ലളിതജീവിതം നയിച്ചവരല്ല മറ്റിടങ്ങളിലെ തമ്പുരാക്കന്മാര് എന്നു തോന്നുന്നു. ചരിത്രം വായിച്ചാല്‍ മുഗള്‍ ഭരണത്തിന്റെ ക്രൂരതയും പീഡനവും വിനാശവും ഏറ്റവും കൂടുതല്‍ അനുഭവിച്ചത് മേവാര്‍ റാണാമാരാണെന്നു മനസ്സിലാകും. റാണാ പ്രതാപസിംഹന്റെ കാലത്ത് അക്ബറുടെ ആക്രമണത്തിനിരയായ അദ്ദേഹവും അനുയായികളും അനുഭവിച്ച ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും അളവില്ലായിരുന്നു. അദ്ദേഹത്തിന് മേവാറും ചിത്തോഡും വിട്ടുപോകേണ്ടിവന്നു. പിന്നീട് ഉദയസാഗര്‍ എന്ന തടാകതീരത്ത് ഉദയപ്പൂര്‍ നഗരം നിര്‍മിച്ച് നടത്തിയ പോരാട്ട പരമ്പരയില്‍ ചിത്തോര്‍ ഒഴികെയുള്ള പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ ചേതക് എന്ന കുതിരയുടെ സ്മാരകം നിര്‍മിച്ചു. കൊട്ടാരങ്ങളും സ്നാനഗൃഹങ്ങളും മറ്റും പണികഴിപ്പിച്ചത് മുഗള്‍ ആഡംബരങ്ങളെയും അതിശയിക്കുന്ന വിധത്തിലായിരുന്നു. ആ സ്നാനഗൃഹം ഇന്നുമുണ്ട്, പുരാവസ്തു വകുപ്പിന്റെ സംരക്ഷണ ത്തില്‍. വെണ്ണക്കല്ലുകൊണ്ടു നിര്‍മിക്കപ്പെട്ട അതിന്റെ ആര്‍ഭാടവും ആഡംബരവും റാണ പ്രതാപനെപ്പോലെ കഷ്ടപ്പെട്ട ഒരു രാജാവിന്റെ പിന്മുറക്കാര്ക്കു അനുയോജ്യമായി തോന്നിയില്ല. ചിറയ്ക്കല്‍ രാജാവിനു നീരാടാന്‍, ആ വലിയ ചിറയുടെ കോവിലകക്കടവില് നിര്‍മിച്ച ആള്മറയാണുള്ളത്. അതേ ചെങ്കല്ലില്‍ പടുത്തത്.
തേക്കടിയിലെ ലേക് പാലസും ചെങ്കല്‍ നിര്‍മിതമാണ്. കെടിഡിസിക്കാര്‍ പരിഷ്കരിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കിയപ്പോഴാണ് മാര്‍ബിള്‍ ടൈല്‍സും മറ്റും വന്നതത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: