വിഷ്ണു അരവിന്ദ്
ദല്‍ഹിയിലെ വിശ്വപ്രസിദ്ധമായ വിദ്യാലയങ്ങളില്‍ പഠിക്കുകയെന്നത് ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപങ്ങളില്നിന്ന് ലഭിക്കുന്ന വ്യത്യസ്തമായ അറിവും അവസരങ്ങളും ജീവിതാനുഭവങ്ങളുമാണ് വിദ്യാര്‍ത്ഥികളുടെ ഇഷ്ടകേന്ദ്രമായി തലസ്ഥാന നഗരി മാറുവാന്‍ കാരണമായത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022 ല്‍ പുറത്തിറക്കിയ രാജ്യത്തെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയായ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവര്‍ക്കി (ചകഞഎ) ന്റെ വിവിധ വിഭാഗങ്ങളില്‍ രാജ്യ തലസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍നിരയിലിടം നേടി. ദല്‍ഹിയിലെ മിറാന്‍ഡ കോളേജ്, ഹിന്ദു കോളേജ് തുടങ്ങിയ വിദ്യാലയങ്ങള്‍ക്ക് കോളേജ് വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു. സര്‍വ്വകലാശാലാ തലത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച എഞ്ചിനീയറിങ് കോളേജ്, മികച്ച ഗവേഷണ സ്ഥാപനം എന്നീ ഗണത്തില്‍ ഐഐടി ദല്‍ഹി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച നിയമ പഠന സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും, മികച്ച മെഡിക്കല്‍ കോളേജുകളുടെ വിഭാഗത്തില്‍ ദല്‍ഹി എയിംസ് ഒന്നാം സ്ഥാനവും നേടി.
യുപി എസി സിവില്‍ സര്‍വീസ് തുടങ്ങിയ ദേശിയ മത്സര പരീക്ഷകളുടെ പ്രമുഖ പരിശീലന കേന്ദ്രങ്ങളുള്‍പ്പടെ മികച്ച ഭാവി പടുത്തുയര്‍ത്താന്‍ തലസ്ഥാന നഗരി നല്കുന്ന സൗകര്യങ്ങള്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്.
ഉപരിപഠനത്തിനായി കേരളത്തില്‍ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് യാത്രതിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിരവധി ലക്ഷ്യങ്ങളാണ് ഓരോ മലയാളി വിദ്യാര്‍ത്ഥിയുടെയും മനസ്സിലുണ്ടായിരിക്കുക.
ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുമായുള്ള സമ്പര്‍ക്കവും, പ്രമുഖരായ അദ്ധ്യാപകരില്‍നിന്നുള്ള ശിക്ഷണവും വ്യത്യസ്ത മേഖലകളില്‍ ലഭിക്കുന്ന അവസരങ്ങളുമാണ് ഏതൊരു വിദ്യാര്‍ത്ഥിക്കും ദല്‍ഹിയില്‍ ലഭിക്കുന്നത്. എന്നാല്‍ പുതിയൊരു അന്തരീക്ഷത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങളും ആശങ്കളും എല്ലാ അദ്ധ്യയന വര്‍ഷവും പതിവാണ്. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ തരപ്പെടുത്തുക, ഉയര്‍ന്ന ജീവിത ചെലവ്, ഭാഷാ പ്രശ്നം, പരിചിതമല്ലാത്ത കാലാവസ്ഥ, ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്നു.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദല്‍ഹി യൂണിവേഴ്സിറ്റി, ജെഎന്‍യു എന്നിവയില്‍ പഠിച്ചിരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ 2019 ല്‍ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് രൂപം നല്കുകയുണ്ടായി. ‘യുവ കൈരളി സൗഹൃദ വേദി’ എന്ന പേരില്‍ കേരളത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള് സംരക്ഷിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. ഇന്ന് ജെഎന്‍യു, ദല്‍ഹി സര്‍വകലാശാലകള്‍ക്കു കീഴിലെ വിവിധ കോളേജുകള്‍, ദല്‍ഹി ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയുടെ ഭാഗമാണ്. മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളും വിവിധ മേഖലകളില്‍ കൂട്ടായ്മയുമായി സഹകരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ താമസ-ഭക്ഷണ സൗകര്യം ഒരുക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യങ്ങളിലൊന്ന്. ദല്‍ഹിയിലെ ഭീമമായ ചെലവ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ഇന്ന് ആദിശങ്കരാചാര്യ ഹോസ്റ്റലുകളിലൂടെ താമസ സൗകര്യവും കേരളീയ ഭക്ഷണവും കുറഞ്ഞ ചെലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുവാന് സാധിക്കുന്നുവെന്നത് കൂട്ടായ്മയുടെ വലിയ വിജയമാണ്. വിവിധ മേഖലകളില്‍ നിന്നുള്ള പിന്തുണ കൂട്ടായ്മയ്ക്ക് ലഭിക്കുന്നതുകൊണ്ടുതന്നെ മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുവാനും കൂട്ടായ്മയ്ക്ക് ഇന്ന് സാധിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക് രംഗത്തെ വളര്‍ച്ചയും കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി കഴിഞ്ഞു. സെമിനാറുകള്‍, ചര്‍ച്ചകള്‍, ഇന്റേണ്‍ഷിപ്പുകളുടെ ഭാഗമാകാനുള്ള അവസരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുമായി ഇടപഴകാനും, പാര്‍ലമെന്റ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങള്‍ കണ്ട് മനസ്സിലാക്കുവാനും തുടങ്ങി തലസ്ഥാനത്തെ എല്ലാ അക്കാദമിക സൗകര്യങ്ങളും പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതിനും കൂട്ടായ്മ ശ്രദ്ധ നല്കുന്നു.
”സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ദില്ലിയില്‍ വരുമ്പോള്‍ എനിക്ക് താമസവും ഭക്ഷണവും ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നത് യുവ കൈരളി സൗഹൃദ വേദിയുടെ പ്രവര്‍ത്തകരാണ്. കേരളത്തില്‍ നിന്നും ഉപരിപഠനത്തിന് വരുന്ന കുട്ടികള്‍ക്ക് നിസ്സംശയം ഈ കൂട്ടായ്മയെ സമീപിക്കാം.” കോട്ടയത്തുനിന്നുള്ള അഡ്വ. വരുണ്‍ ശങ്കറിന്റെ വാക്കുകള്‍ യുവകൈരളിയുടെ സേവനസന്നദ്ധതയ്ക്ക് തെളിവാണ്.
കൈരളിയിലെ പ്രവര്‍ത്തകരുടെയും അംഗങ്ങളുടെയും സാന്നിദ്ധ്യം ദല്‍ഹിയില്‍ പഠിക്കുന്നുവെന്ന തോന്നല്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് കൈരളി നല്കുന്ന അവസരങ്ങള്‍ വളരെ മഹത്വരമാണെന്നും പാലക്കാട് സ്വദേശിയായ ജെഎന്‍യു ആയുര്‍വേദ വിദ്യാര്‍ത്ഥി രഞ്ജന പറയുന്നതില്‍ യുവകൈരളിയുടെ കരുതല്‍ പ്രകടമാണ്.
പെണ്‍കുട്ടികള്‍ക്കായുള്ള താമസ സൗകര്യം ദല്‍ഹിയില്‍ യുവ കൈരളി ഒരുക്കുന്നുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനെക്കുറിച്ചാണ് പാലക്കാട്ടുനിന്നു തന്നെയുള്ള ദല്‍ഹി മിറാന്‍ഡ കോളജിലെ ഫിസിക്സ് വിദ്യാര്‍ത്ഥി അശ്വതി കൃഷ്ണയ്ക്ക് പറയാനുള്ളത്.
കൈരളിയുടെ 24 മണിക്കൂറും സന്നദ്ധരായ സേവ ടീം ദല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിവിധ കേന്ദ്ര മന്ത്രിമാരുടെയും കേന്ദ്ര സര്‍ക്കാര്‍ ജീനവനക്കാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പ്രശംസ നേടിയെടുക്കാന്‍ കുറഞ്ഞ കാലയളവുകൊണ്ട് സാധിച്ചുവെന്നുള്ളത് കൂട്ടായ്മയുടെ പ്രവര്‍ത്തന മികവിന്റെ വിജയമാണ്.
കവി മധുസൂദനന് നായര്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്, മേജര്‍ രവി, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങി നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും കൂട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ”ഭാരതത്തിന്റെ വിദ്യാഭ്യാസ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദല്‍ഹിയില്‍ സാമൂഹ്യസേവനവും വിദ്യാര്‍ഥികളുടെ ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന യുവ കൈരളി സൗഹൃദവേദി പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും, അവരില്‍ സേവനസന്നദ്ധയും രാഷ്ട്രബോധവും വളര്‍ത്തിയെടുക്കുന്നതിലും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു” എന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത് ഈ കൂട്ടായ്മയ്ക്കുള്ള അംഗീകാരമായാണ് സംഘാടകര്‍ കരുതുന്നത്.
ദല്‍ഹി വിവിധ സംസ്കാരങ്ങളുടെ സമന്വയ കേന്ദ്രമായതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഒരു പ്രത്യേക വിഭാഗമായി നിലനിര്ത്തുകയെന്നതല്ല കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം. തലമുറകളായി നിലനില്‍ക്കുന്ന പ്രാദേശികവും ഭാഷാപരവുമായ ഭിന്നതകള്‍ കുറച്ചുകൊണ്ടുവന്ന് ഏകതാ മനോഭാവം വളര്‍ത്തുകയും, ദേശീയ ബോധവും വ്യക്തമായ ഭാവി കാഴ്ചപ്പാടുകളും നല്കി രാഷ്ട്ര നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് നിര്‍വ്വഹിക്കുവാന്‍ പ്രാപ്തരാക്കുവാനും കൂട്ടായ്മ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ, കേരളത്തിന്റെ സാമൂഹിക വൈവിധ്യം നിലനിര്‍ത്തികൊണ്ട് ഓണം, വിഷു, ക്രിസ്തുമസ്, ഈദ്-ഉല് ഫിത്തര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്നു.
മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം അനുവദിക്കുന്നതിനൊപ്പം വിവിധ ഉത്തരേന്ത്യന്‍ ആഘോഷങ്ങളിലും സംഗമങ്ങളിലും ഭാഗമാകാനുള്ള അവസരങ്ങളും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. കേരളത്തില്‍ നിന്ന് നിരവധി ആളുകളാണ് കൂട്ടായ്മയുമായി ദിവസേന ബന്ധപ്പെടുന്നത്. ഫേസ്ബുക് പേജ്, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി അന്വേഷണങ്ങള്‍ നിത്യേന ലഭിക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അംഗങ്ങള്‍.
ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച ദേശിയ യുദ്ധ സ്മാരകം യുവ കൈരളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയുണ്ടായി. രാഷ്ട്രത്തിനു വേണ്ടി സ്വജീവന്‍ സമര്‍പ്പിച്ച വീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്പില് വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കുകയായിരുന്നു കൈരളിയുടെ ലക്ഷ്യം. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച ദേശിയ യുദ്ധ സ്മാരകം, രാജ്യത്തിനു വേണ്ടി ജീവന് വെടിഞ്ഞ ധീരയോദ്ധാക്കള്‍ക്കുള്ള രാഷ്ട്രത്തിന്റെ ആദരവാണ്. 1960 ല്‍ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി മുന്നോട്ടു വച്ച ആവശ്യമാണ് അന്‍പത്തി ഒന്‍പതാം വര്‍ഷം യാഥാര്‍ത്ഥ്യമായത്. 2015ലാണ് കേന്ദ്ര മന്ത്രിസഭ യുദ്ധസ്മാരകം നിര്‍മാണത്തിന് അനുമതി നല്‍കിയത്. 176 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 1971 ലെ ഇന്ത്യ – പാക്കിസ്ഥാന് യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ സ്മരണ പേറുന്ന അമര്‍ ജവാന് ജ്യോതിക്കു സമീപമാണ് ദേശീയ യുദ്ധ സ്മാരകം സ്ഥിതിചെയ്യുന്നത്.
ഇന്ത്യാ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന പഴയ അമര്‍ ജവാന് ജ്യോതി മുന്‍പ് ദേശീയ യുദ്ധസ്മാരകമായി പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഗ്രഹപ്രകാരം 1971-ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തെത്തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത് നിര്‍മിച്ചത്. അങ്ങനെ യുദ്ധത്തിലെ രക്തസാക്ഷികളോടുള്ള ആദരസൂചകമായി 1972 ജനുവരി 26 ന് ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഒരു പ്രത്യേക ദേശിയ യുദ്ധ സ്മാരകമെന്ന ആവശ്യം യഥാര്‍ഥ്യമായത് 2019 ലാണ്.
നാല്പതു ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ നിര്‍മാണവും സവിശേഷതകള്‍ നിറഞ്ഞതാണ്. മഹാഭാരതത്തിലെ ചക്രവ്യൂഹത്തോട് സാമ്യതയുള്ള നിര്‍മാണ മാതൃകയാണ് അവലംബിച്ചിരിക്കുന്നത്. ഏകകേന്ദ്രീകൃതമായ നാലു ചക്രങ്ങള്‍, ആദ്യ ചക്രമായ ‘അമര്‍ ചക്ര’ ധീര ജാവന്മാരുടെ അനശ്വരതയെ സൂചിപ്പിക്കുന്നു. ‘വീര്‍ ചക്ര’ യെന്ന രണ്ടാം ചക്രം, ജവാന്മാരുടെ ധീരതയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. യോദ്ധാക്കളുടെ ത്യാഗത്തിന്റെ പ്രതീകമായി ‘ത്യാഗ് ചക്ര’ യെന്നാണ് മൂന്നാം ചക്രത്തിനു നല്‍കിയിരിക്കുന്ന പേര്.
സംരക്ഷണം എന്നു അര്‍ത്ഥം വരുന്ന രക്ഷക് ചക്ര എന്നാണ് നാലാമത്തേത്തും അവസാനത്തേതുമായ ചക്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഒപ്പം, പരംവീര ചക്ര നേടിയ 21 പോരാളികളുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരം യോദ്ധ സ്ഥല് ഇവിടെ കാണാം. 1947 – 1948, 1965,1971 വര്‍ഷങ്ങളിലെ ഇന്ത്യ – പാക്ക് യുദ്ധം, 1961ലെ ഗോവ വിമോചനം, 1962 ലെ ഇന്തോ- ചൈന യുദ്ധം, 1987, 1987 – 1988 ലെ ഓപ്പറേഷന് പവന്, 1999 കാര്‍ഗില്‍ യുദ്ധം, ഓപ്പറേഷന് രക്ഷക് എന്നിവയില്‍ വീരചരമം പ്രാപിച്ച സൈനികരുടെ പേരും മറ്റ് വിശദാംശങ്ങളും ദേശീയ യുദ്ധസ്മാരകത്തിന്റെ 16 ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായിരുന്നു. എന്നാല്‍ ഊര്‍ജ്ജസ്വലതയോടെയുള്ള പ്രവര്‍ത്തങ്ങളിലൂടെ 2022-23 അദ്ധ്യയന വര്ഷത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൂട്ടായ്മ തയ്യാറായി കഴിഞ്ഞു. സിയുഇടി പ്രവേശന പരീക്ഷയിലൂടെ ആദ്യമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്ന പ്രത്യേകത ഇത്തവണയുണ്ട്. പുത്തന്‍ പ്രതീക്ഷകളുമായി തലസ്ഥാന നഗരിയിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: