ലഖ്നൗ: ഹിന്ദുദൈവങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മലയാള മനോരമ കമ്പനിക്കെതിരെ കേസെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ശിവനെയും കാളിയെയും അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചതിന് ദ വീക്കിനെതിരെയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. മനോരമ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ വീക്ക് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കാണ്‍പൂരിലെ കോട്വാലി പോലീസ് മനോരമയ്ക്കും വീക്കിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുപിയിലെ മറ്റു സ്റ്റേഷനുകളിലും സമാന പരാതികള്‍ എത്തിയിട്ടുണ്ട്. ഇതിലും ഉടനെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) പ്രമോദ് കുമാര്‍ പറഞ്ഞു. നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ കുറ്റങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: