മൂന്നാര്‍ : വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. സംഭരണശേഷിയുടെ തൊട്ടടുത്തെത്തിയതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും.
ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അധിക ജലം ഒഴുക്കി വിടുന്നതിനാല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുകയാണ്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും ഇങ്ങോട്ടേയ്ക്കാണ് എത്തുന്നത്.
അതേസമയം വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: