കോഴിക്കോട്: മതതീവ്രവാദ ശക്തികളായ എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ വിമര്‍ശനത്തില്‍ തിരക്കഥാകൃത്ത് മാപ്പ് പറഞ്ഞു. എം.എസ്.എഫ് ക്യാമ്പില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ചാണ് ‘ജനഗണമന’ സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് മാപ്പ് പറഞ്ഞിരിക്കുന്നത്.
തന്റെ വിമര്‍ശനത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും അതിനാലാണ് മാപ്പ് പറയുന്നതെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദേഹം പറഞ്ഞു. വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരുമെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് പറഞ്ഞു.
ജനഗണമന എന്ന സിനിമ ഇറങ്ങിയപ്പോള്‍ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ അവരുടെ വേദിയിലേക്ക് ക്ഷണിച്ചെന്നും തന്റെ പേരിലുള്ള മുഹമ്മദിനെയാണ് അവര്‍ക്ക് വേണ്ടിയിരുന്നതെന്നും ഷാരിസ് പറഞ്ഞു.
‘ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. ജന?ഗണമനയുടെ സംവിധായകന് ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവര്‍ പറഞ്ഞത്. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാന്‍ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാന്‍ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരും പറഞ്ഞത് അവര്‍ക്കും വേണ്ടത് എന്നെയാണെന്നാണ്’, എന്നായിരുന്നു ഷാരിസ് പറഞ്ഞത്. അന്നു പറഞ്ഞ ഈ പരാമര്‍ശത്തിനാണ് ഇപ്പോള്‍ ഷാരിസ് മുഹമ്മദ് നിരുപാധികം മാപ്പ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: