ന്യൂദല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് 1957 നവംബര്‍ ഒന്‍പതിനാണ് ജനിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന യു.ആര്. ലളിതിന്റെ മകനാണ്. യു.യു. ലളിത് 83ല്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു.
86ല്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. 86 മുതല്‍ 92 വരെ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം പ്രവര്‍ത്തിച്ചു. മികച്ച അഭിഭാഷകനെന്ന് പേരെടുത്ത അദ്ദേഹത്തെ 2004 ഏപ്രില്‍ 29ന് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രഖ്യാപിച്ചു. നിരവധി സുപ്രധാന കേസുകളില്‍ ഹാജരായിട്ടുള്ള അദ്ദേഹം 2011ല്‍ സിബിഐയുടെ സ്പെഷല്‍ പ്രോസിക്യൂട്ടറായി.
2ജി സ്പെക്ട്രം കേസില്‍ അദ്ദേഹമാണ് സിബിഐക്കു വേണ്ടി ഹാജരായത്. 2014 ആഗസ്ത് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. അയോധ്യക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമാക്കിയെങ്കിലും അഭിഭാഷകനായിരുന്ന കാലത്ത്, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി അയോധ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹാജരായിരുന്നതിനാല്‍ അയോധ്യ ബഞ്ചില്‍ നിന്ന് അദ്ദേഹം പിന്മാറി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരിക്കാനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്ന സുപ്രധാന വിധി പ്രഖ്യാപിച്ച രണ്ടംഗ ബെഞ്ചിലെ അംഗമായിരുന്നു. 2020 ജൂലൈ 13നായിരുന്നു ചരിത്രപ്രധാനമായ ആ വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.
സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെയാളാകും ലളിത്. 71ല്‍ 13-ാമത് ചീഫ് ജസ്റ്റിസ് എസ്.എം. സിക്രിയാണ് ആദ്യത്തെയാള്‍. അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയെന്ന കാരണത്താല്‍ അഡീഷണല്‍ ജസ്റ്റിസായിരുന്ന യു. ആര്. ലളിതിനെ സ്ഥിരം ജഡ്ജിയാക്കാന്‍ പോലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: