‘ഹര്‍ ഘര്‍ തിരംഗ’ അഥവാ ഓരോ വീട്ടിലും ദേശീയ പതാക എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഈ മാസം 13-മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തി എല്ലാവരും അതിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നാടുമുഴുവന്‍ ദേശീയ പതാകയെകുറിച്ചുള്ള അഭിമാനവും അവബോധവും വളരുകയാണ്. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുണ്ട്. ഇന്ത്യയുടെ ദേശീയപതാക തോന്നുംപോലെ ഉയര്‍ത്താനോ ഉപയോഗിക്കാനോ കഴിയില്ല. എങ്ങനെ ഉയര്‍ത്തണം, എങ്ങനെ ഉപയോഗിക്കണം എന്നതിനൊക്കെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.
- ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍, പരമ്പരാഗത സമ്പ്രദായങ്ങള്‍, പതിവുരീതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ ഏകീകൃത രൂപമാണ് ഫഌഗ് കോഡ് ഓഫ് ഇന്ത്യ. സ്വകാര്യ, പൊതു, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നത് ഇതിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്. 2002 ജനുവരി 26നാണ് ഫഌഗ് കോഡ് ഓഫ് ഇന്ത്യ പ്രാബല്യത്തില്‍ വന്നത്.
- ഫഌഗ് കോഡ് ഓഫ് ഇന്ത്യ 2002ലെ ചട്ടങ്ങള്‍ 2021 ഡിസംബര്‍ 30-ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തു. പോളിസ്റ്റര്‍ കൊണ്ടുള്ളതോ യന്ത്രത്തില്‍ നിര്‍മ്മിച്ചതോ ആയ പതാക ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഇപ്പോള്‍, ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുകയും കൈകൊണ്ട് നെയ്‌തെടുക്കുകയും ചെയ്തതോ അല്ലെങ്കില്‍ യന്ത്ര നിര്‍മിതമോ, പരുത്തി/പോളിസ്റ്റര്‍/കമ്പിളി/പട്ടു ഖാദി നിര്‍മിതമോ ആകാം.
- ദേശീയ പതാക ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കണം. പതാകയ്‌ക്ക് ഏത് വലുപ്പവും ആകാം. എന്നാല്‍ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം.
- ഒരു പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസവും അവസരങ്ങളിലും, ആചാരപരമായോ അല്ലാതെയോ ദേശീയ പതാകയുടെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച നിലയില്‍ ദേശീയ പതാക ഉയര്‍ത്തുകയോ/പ്രദര്‍ശിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
- 2022 ജൂലൈ 20-ലെ ഉത്തരവ് പ്രകാരം 2002-ലെ ഫഌഗ് കോഡില്‍ ഭേദഗതി വരുത്തി. അതിന്റെ അടിസ്ഥാനത്തില്‍, ‘പൊതുസ്ഥലത്തോ പൊതുജനങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു വ്യക്തിയുടെ വീട്ടിലോ ഉയര്‍ത്തുന്ന ദേശീയ പതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാവുന്നതാണ്’.
- ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കണം. കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ദേശീയ പതാക വിപരീത രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. അതായത്, കുങ്കുമ നിറം താഴെയാകാന്‍ പാടില്ല.
- ഏതെങ്കിലും വ്യക്തിക്കോ വസ്തുവിനോ ഉള്ള ആദരമെന്ന നിലയില്‍ ദേശീയ പതാക താഴ്‌ത്താന്‍ പാടില്ല. മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകയ്‌ക്ക് മുകളിലോ അരികിലോ ഉയര്‍ത്തരുത്. ദേശിയ പതാക ഉയര്‍ത്തിയിരിക്കുന്ന കൊടിമരത്തിനോ അതിന് മുകളിലോ പൂക്കള്‍ അല്ലെങ്കില്‍ ഹാരങ്ങള്‍ അല്ലെങ്കില്‍ ചിഹ്നം ഉള്‍പ്പടെയുള്ള ഒരു വസ്തുവും വയ്‌ക്കുവാന്‍ പാടില്ല.
- ദേശീയ പതാക തോരണം, വര്‍ണ്ണ റിബണ്‍, ബണ്‍ട്ടിങ് എന്നീ രൂപങ്ങളിലോ അല്ലാതെയോ അലങ്കാരത്തിനായി ഉപയോഗിക്കരുത്. നിലത്തോ തറയിലോ വെള്ളത്തിലോ തൊടാതെ വേണം കൈകാര്യം ചെയ്യാന്‍. ദേശീയ പതാക കേടുവരുത്തുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ബന്ധിക്കുകയോ ചെയ്യരുത്. ഒരു കൊടിമരത്തില്‍ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയര്‍ത്താന്‍ പാടില്ല.
- ദേശീയ പതാക സ്വകാര്യ ശവസംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ ഒന്നിലും ഒരു രീതിയിലും തുണിത്തരമായി ഉപയോഗിക്കരുത്. ദേശീയ പതാകയില്‍ അക്ഷരങ്ങള്‍ പാടില്ല. വാഹനങ്ങളുടെ വശങ്ങളും പിന്‍ഭാഗവും മുകള്‍ഭാഗവും മറയ്‌ക്കാന്‍ ദേശീയ പതാക ഉപയോഗിക്കരുത്.
- പതാക വേഗത്തില്‍ ഉയര്‍ത്തുകയും സാവധാനം താഴ്‌ത്തുകയും വേണം. ദേശീയ പതാക പരന്നതും തിരശ്ചീനവുമായ ഭിത്തിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, കുങ്കുമ നിറം ഏറ്റവും മുകളിലായിരിക്കണം. ലംബമായി പ്രദര്‍ശിപ്പിക്കുമ്പോള്‍, കുങ്കുമ നിറം വലതുവശത്തായിരിക്കണം. അതായത് അതിനെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയുടെ ഇടതുവശത്തായിരിക്കണം.
- ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന അവസരങ്ങളിലല്ലാതെ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടാന്‍ പാടില്ല. പകുതി താഴ്‌ത്തുമ്പോള്‍, ദേശീയ പതാക ആദ്യം മുകളിലേക്ക് ഉയര്‍ത്തണം. തുടര്‍ന്ന് പകുതി താഴ്‌ത്തിയ നിലയിലേക്ക് താഴ്‌ത്തണം. ഒരു ദിവസത്തിന്റെ അവസാനം, ദേശീയ പതാക താഴ്‌ത്തുന്നതിന് മുമ്പ്, അത് അതിന്റെ ഉച്ചസ്ഥായിയിലേക്ക് വീണ്ടും ഉയര്‍ത്തണം.
- രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും, ഇന്ത്യന്‍ ദൗത്യങ്ങളുടെ/തസ്തികകളുടെ തലവന്മാര്‍, പ്രധാന മന്ത്രി, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, ഉപമന്ത്രിമാര്‍, ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍, സംസ്ഥാന നിയമനിര്‍മ്മാണ കൗണ്‍സിലുകളുടെ ചെയര്‍മാന്‍മാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ സ്പീക്കര്‍മാര്‍, സംസ്ഥാനങ്ങളിലെ നിയമനിര്‍മ്മാണ കൗണ്‍സിലുകളുടെ ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കു മാത്രമേ കാറുകളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകാവകാശമുള്ളു.
- മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്കൊപ്പം നേര്‍രേഖയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ദേശീയ പതാക വലത്തെ അറ്റത്ത് ആയിരിക്കണം. രാഷ്‌ട്രങ്ങളുടെ പേരുകളുടെ ഇംഗ്ലീഷ് പതിപ്പ് അനുസരിച്ച് മറ്റ് രാജ്യങ്ങളുടെ പതാകകള്‍ അക്ഷരമാലാക്രമത്തില്‍ പിന്തുടരും.
- ദേശീയ പതാകയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, പതാകയുടെ അന്തസ്സ് പരിഗണിച്ച് കത്തിച്ചോ മറ്റേതെങ്കിലും രീതിയിലോ ഗോപ്യമായി അത് പൂര്‍ണ്ണമായും സംസ്‌കരിക്കണം. ദേശീയ പതാക, കടലാസില്‍ നിര്‍മ്മിച്ചതാണെങ്കില്‍, ഈ പതാകകള്‍ നിലത്ത് ഉപേക്ഷിക്കരുത്. ദേശീയ പതാകയുടെ മഹത്വം മനസ്സില്‍ വച്ചുകൊണ്ട് ഇവ ഗോപ്യമായി ഉപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: